
ചെന്നൈ: രാഷ്ട്രീയപ്രവർത്തനം മാന്യമായിരിക്കണമെന്ന ആദ്യ നിര്‍ദ്ദേശവുമായി നടൻ വിജയ്. സാമൂഹികമാധ്യമങ്ങളിലൂടെ മറ്റ് രാഷ്ട്രീയനേതാക്കളെയോ വിമർശകരെയോ അധിക്ഷേപിക്കരുതെന്നാണ് തമിഴക വെട്രി കഴകം ഭാരവാഹികൾക്കുള്ള വിജയ് ആദ്യം നല്‍കിയ നിര്‍ദേശം. നാളെ ആരാധക കൂട്ടായ്മ ഭാരവാഹികളുമായി വിജയ് കൂടിക്കാഴ്ച നടത്തിയേക്കും. രണ്ട് മാസത്തിനുള്ളിൽ കടലൂരിലോ തിരുച്ചിറപ്പള്ളിയിലോ വമ്പൻ പൊതുയോഗം വിളിക്കാനും രാഷ്ട്രീയനയം പ്രഖ്യാപിക്കാനുമാണ് ആലോചന. ഇതിനിടെ, നടൻ വിജയ് യുടെ രാഷ്ട്രീയപ്രവേശനം ബിജെപിയുടെ തിരക്കഥ എന്ന ആരോപണവുമായി എഐഎഡിഎംകെ രംഗത്തെത്തി. അതേസമയം,മുൻനിലപാടുകളുടെ പേരിൽ വിജയിയെ എതിർക്കുന്നുവെന്ന പ്രതീതി ഉണ്ടാകാതിരിക്കാനുള്ള കരുതൽ ബിജെപി നിരയിൽ പ്രകടമാണ്.
എന്നാൽ, സമീപകാല ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി , വിജയ് ഭീഷണിയാകില്ലെന്ന പരസ്യനിലപാട് സ്വീകരിക്കുന്നതാകും ഉചിതമെന്ന ആലോചന ഡിഎംകെയിലുമുണ്ട്. ഐക്കൺ നേതാക്കളുടെ അഭാവം എഐഎഡിഎംകെയിൽ ദൃശ്യമായിരിക്കെ, വിജയിയുടെ വരവ് ബിജെപി ക്വോട്ടയിലെന്ന ആക്ഷേപം ഉയർത്തുകയാണ് സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷ പാർട്ടി. ലോക്സഭയിലേക്ക് തത്കാലം മത്സരിക്കില്ലെന്ന വിജയിയുടെ പ്രസ്താവനയോടെ കള്ളി വെളിച്ചത്തായെന്നാണ് എഐഎഡിംകെ വക്താവ് കൊവൈ സത്യൻ ആരോപിച്ചത്. ബിജെപി ഏറെ സമ്മർദ്ദത്തിലാക്കിയെങ്കിലും രജനീകാന്ത് ഒടുവിൽ രക്ഷപ്പെട്ടുവെന്നും ഇപ്പോൾ വിജയിയെ പരീക്ഷിക്കുകയാണെന്നും കൊവൈ സത്യന്‍ ആരോപിച്ചു.ഇതിനിടെ, അമേരിക്കയിലുളള കമൽഹാസൻ വിജയിയെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചതായി മക്കൾ നീതി മയ്യം വാർത്താക്കുറിപ്പിറക്കി.
താജ്മഹലിലെ ഉറൂസ് ആഘോഷം നിരോധിക്കണമെന്ന് ഹിന്ദു മഹാസഭയുടെ ഹര്‍ജി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam