ഗുണ്ടാ നേതാവ് വികാസ് ദൂബെ എന്‍ക്കൌണ്ടര്‍ കേസ്; യുപി പൊലീസിന് ക്ലീന്‍ ചിറ്റ്

By Web TeamFirst Published Apr 21, 2021, 1:01 PM IST
Highlights

ബിക്രൂ ഗ്രാമത്തിലെ പൊലീസ് കൂട്ടക്കൊല നടന്ന് ഒരാഴ്ചയ്ക്കുള്ളിലാണ് ഗുണ്ട നേതാവായ വികാസ് ദൂബെയെയും അയാളുടെ അഞ്ച് കൂട്ടാളികളെയും വിവിധ സംഭവങ്ങളില്‍ യുപി പൊലീസ് വധിച്ചത്. ഈ കൊലപാതകങ്ങള്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളാണ് എന്ന് ആരോപിച്ച് സുപ്രീംകോടതിയില്‍ ആറ് പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടിരുന്നു.

ദില്ലി: ഗുണ്ടാ നേതാവ് വികാസ് ദൂബെ കൊല്ലപ്പെട്ട സംഭവത്തില്‍ ഉത്തര്‍പ്രദേശ് പൊലീസിന് ക്ലീന്‍ചിറ്റ് നല്‍കി അന്വേഷണ കമ്മീഷന്‍. 'വ്യാജ ഏറ്റുമുട്ടല്‍' കൊലയാണ് ദൂബെയുടെതെന്ന് പറയാന്‍ പൊലീസിനെതിരെ യാതൊരു തെളിവും സംഭവത്തില്‍ കണ്ടെത്തല്‍ കഴിഞ്ഞില്ലെന്ന് ജസ്റ്റിസ് ബിഎസ് ചൗഹാന്‍ അന്വേഷണ കമ്മീഷന്‍ കണ്ടെത്തി. ജൂലൈ 3ന് ഉത്തര്‍പ്രദേശിലെ ബിക്രൂ ഗ്രാമത്തില്‍ എട്ട് പൊലീസുകാരെ കൂട്ടക്കൊല ചെയ്ത സംഭവത്തിന് പ്രതികാരമായി കസ്റ്റഡിയില്‍ എടുത്ത വികാസ് ദൂബെയെയും മറ്റ് അഞ്ച് കൂട്ടാളികളെയും വ്യാജ ഏറ്റുമുട്ടലില്‍ ഉത്തര്‍പ്രദേശ് പൊലീസ് കൊലപ്പെടുത്തിയെന്നാണ് ആരോപണം.

ബിക്രൂ ഗ്രാമത്തിലെ പൊലീസ് കൂട്ടക്കൊല നടന്ന് ഒരാഴ്ചയ്ക്കുള്ളിലാണ് ഗുണ്ട നേതാവായ വികാസ് ദൂബെയെയും അയാളുടെ അഞ്ച് കൂട്ടാളികളെയും വിവിധ സംഭവങ്ങളില്‍ യുപി പൊലീസ് വധിച്ചത്. ഈ കൊലപാതകങ്ങള്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളാണ് എന്ന് ആരോപിച്ച് സുപ്രീംകോടതിയില്‍ ആറ് പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് യുപി സര്‍ക്കാര്‍ സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ബിഎസ് ചൗഹാന്‍റെ നേതൃത്വത്തില്‍ മൂന്നാംഗ കമ്മീഷന്‍ രൂപീകരിച്ചത്. യുപി ഹൈക്കോടതി മുന്‍ ജഡ്ജി എസ്കെ അഗര്‍വാള്‍, ഉത്തര്‍പ്രദേശ് മുന്‍ ഡിജിപി കെഎല്‍ ഗുപ്ത എന്നിവരായിരുന്നു കമ്മീഷനിലെ മറ്റ് അംഗങ്ങള്‍.

കമ്മീഷന്‍ രൂപീകരിച്ച് എട്ടു മാസത്തിന് ശേഷം തിങ്കളാഴ്ചയാണ് കമ്മീഷന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ദൂബെയും കൂട്ടാളികളും മരണപ്പെട്ടത് സംബന്ധിച്ച് പൊലീസ് വിശദീകരണത്തിനെതിരായ സാക്ഷി പറയുന്ന ഒരു സ്വതന്ത്ര്യ സാക്ഷിപോലും കമ്മീഷന്  മുന്നില്‍ ഹാജറായില്ലെന്നാണ് റിപ്പോര്‍ട്ട് പറയുന്നത് - ടൈംസ് ഓഫ് ഇന്ത്യ പറയുന്നു. 

പൊലീസിനെതിരായ ഒരു തെളിവും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട മൊഴി നല്‍കാന്‍ തയ്യാറുള്ളവര്‍ മുന്നോട്ട് വരാന്‍ കമ്മീഷന്‍ മാധ്യമങ്ങളില്‍ കൂടി പരസ്യം നല്‍കിയെങ്കിലും ഒരാളും കമ്മീഷന് മുന്നില്‍ എത്തിയില്ലെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ദൂബെയുടെ ബന്ധുക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, മറ്റ് ഏതെങ്കിലും വ്യക്തികള്‍ എന്നിവരും കമ്മീഷന് മുന്നില്‍ ഹാജറായില്ല. അതേ സമയം സംഭവത്തില്‍ ഉള്‍പ്പെട്ട പൊലീസുകാരെയും, പൊലീസ് സാക്ഷികളെയും കമ്മീഷന്‍ വിസ്തരിച്ചു.

130 പേജുള്ള റിപ്പോര്‍ട്ടും, അതിന് അനുബന്ധമായി 600 പേജ് അനുബന്ധ രേഖകളുമാണ് കമ്മീഷന്‍ യുപി സര്‍ക്കാറിന് സമര്‍പ്പിച്ചത്. ഇത് തുടര്‍ന്ന് യുപി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും. 

click me!