
ബീദർ (കർണാടക): കർണാടകയിലെ ബീദറിലെ ആനദൂര ഗ്രാമത്തിൽ മൂന്ന് ദിവസം മൃതദേഹം കിടന്നിരുന്ന ടാങ്കിലെ വെള്ളം കുടിച്ചതിൽ നാട്ടുകാർക്ക് ആശങ്ക. ഗ്രാമവാസിയായ രാജു ഷൈലേഷ് (27) ദാമ്പത്യ തർക്കത്തെ തുടർന്ന് മാർച്ച് 27 ന് ടാങ്കിൽ ചാടി ജീവിതം അവസാനിപ്പിച്ചിരുന്നു. എന്നാൽ ഇക്കാര്യമറിയാതെ നാട്ടുകാർ വെള്ളം സാധാരണപോലെ ഉപയോഗിച്ചു. മൃതദേഹം അഴുകിയതോടെ ടാപ്പുകളിൽ മലിനജലം ലഭിച്ചത് നാട്ടുകാർ ഗ്രാമപഞ്ചായത്തിനെ അറിയിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഷൈലേഷിൻ്റെ മൃതദേഹം കണ്ടെത്തിയത്. ഫയർ ആൻഡ് എമർജൻസി സർവീസ് ഉദ്യോഗസ്ഥരും പൊലീസും നാട്ടുകാരും ചേർന്നാണ് മൃതദേഹം ടാങ്കിൽ നിന്ന് പുറത്തെടുത്തത്.
Read More... അടൂരിൽ യുവതിക്കൊപ്പം താമസിച്ചിരുന്നയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
രാജുവിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ഇയാളുടെ ഭാര്യ ആറുമാസം മുമ്പ് പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയി. അതിനുശേഷം തിരിച്ചെത്തിയില്ല. നിരാശനായ രാജു ടാങ്കിൽ ചാടി ജീവനൊടുക്കിയതായി അമ്മ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഗ്രാമവാസികൾ മലിനജലം കഴിച്ചതിനാൽ മുൻകരുതൽ നടപടിയായി ഗ്രാമത്തിൽ ആരോഗ്യവകുപ്പ് താൽക്കാലിക മെഡിക്കൽ ക്യാമ്പ് ആരംഭിച്ചിട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായാൽ ഉടൻ വൈദ്യസഹായം തേടണമെന്ന് ജില്ലാ ആരോഗ്യ കുടുംബക്ഷേമ ഓഫീസർ ഡോ. ധ്യാനേശ്വര് നീർഗുഡി ഗ്രാമവാസികളോട് നിർദ്ദേശിച്ചു.