ലോക്ക്ഡൌണ്‍ കാലത്ത് പാല്‍ ലഭ്യത ഉറപ്പാക്കിയ കര്‍ഷകര്‍ക്ക് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നല്‍കിയത് 45 കോടി രൂപ

By Web TeamFirst Published Jul 5, 2020, 11:59 PM IST
Highlights

13 ജില്ലകളിലായുള്ള 2551 സഹകരണ സംഘങ്ങളില്‍ നിന്നായി രണ്ട് ലക്ഷം ലിറ്റര്‍ പാലാണ്  ലോക്ക്ഡൌണ്‍ കാലത്ത് ഓരോ ദിവസവും ശേഖരിച്ചത്. ഉത്തരാഖണ്ഡില്‍ 51121 അംഗങ്ങളാണ് ക്ഷീര സഹകരണ സംഘങ്ങളില്‍ ഭാഗമായിട്ടുള്ളത്. 

ഡെറാഡൂണ്‍: കൊവിഡ് 19 വ്യാപനം തടയാനായി പ്രഖ്യാപിച്ച ലോക്ക്ഡൌണ്‍ കാലത്തും പാലിന്‍റെ ലഭ്യത ഉറപ്പാക്കിയ ക്ഷീര കര്‍ഷകര്‍ക്ക് പ്രതിഫലവുമായി സര്‍ക്കാര്‍. മൂന്ന് മാസം നീണ്ട ലോക്ക്ഡൌണ്‍ കാലത്ത് ഉത്തരാഖണ്ഡ് സര്‍ക്കാരിന്‍റെ പ്രധാന പദ്ധതിയായ ആഞ്ചല്‍ ഡയറിയിലേക്ക് പാല്‍ എത്തിച്ച കര്‍ഷകര്‍ക്ക് 45 കോടിയോളം രൂപയാണ് ഇതിനോടകം സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. 50000 ക്ഷീര കര്‍ഷകര്‍ക്കാണ് സര്‍ക്കാരിന്‍റെ സഹായമെത്തിയത്.

13 ജില്ലകളിലായുള്ള 2551 സഹകരണ സംഘങ്ങളില്‍ നിന്നായി രണ്ട് ലക്ഷം ലിറ്റര്‍ പാലാണ്  ലോക്ക്ഡൌണ്‍ കാലത്ത് ഓരോ ദിവസവും ശേഖരിച്ചത്. മെയ് അവസാനം വരെയുള്ള ക്ഷീര വകുപ്പിന്‍റെ കണക്കുകളിലാണ് വിവരങ്ങളുളളത്. ഉത്തരാഖണ്ഡില്‍ 51121 അംഗങ്ങളാണ് ക്ഷീര സഹകരണ സംഘങ്ങളില്‍ ഭാഗമായിട്ടുള്ളത്. ഇതില്‍ ഏറിയ പങ്കും ഗ്രാമീണരാണ്. ഇവര്‍ക്കെല്ലാം ക്ഷീര വകുപ്പില്‍ നിന്ന് നേരിട്ട് പണം നല്‍കുകയാണ് ചെയ്യുന്നതെന്നും വകുപ്പ് വിശദമാക്കുന്നു.

ക്ഷീര സഹകരണ സംഘങ്ങളിലൂടെ ലോക്ക്ഡൌണ്‍ കാലത്ത് കര്‍ഷകര്‍ക്ക് സ്ഥിര വരുമാനം ഉറപ്പാക്കാനായിയെന്നാണ് ക്ഷീര വികസന വകുപ്പ് സെക്രട്ടറി ആര്‍ മീനാക്ഷി സുന്ദരം ഹിന്ദുസ്ഥാന്‍ ടൈംസിനോട് പ്രതികരിച്ചത്. ക്ഷീര വകുപ്പുമായി ബന്ധപ്പെട്ട് നിരവധി സ്റ്റാര്‍ട്ട് അപ്പുകള്‍ ആരംഭിക്കാനുള്ള എല്ലാ സാഹചര്യവും സംസ്ഥാനത്തുണ്ട്. കാലാവസ്ഥ, പരിസ്ഥിതി, പരിജ്ഞാനമുള്ള ആളുകള്‍ എന്നിവ ഇത്തരം സ്റ്റാര്‍ട്ട് അപ്പുകളെ സഹായിക്കുമെന്നും അവര്‍ നിരീക്ഷിക്കുന്നു. 

13 ജില്ലകളില്‍ ഏറ്റവുമധികം സഹകരണ സംഘങ്ങളുള്ളത് നൈനിറ്റാളിലാണ്. 550 സഹകരണ സംഘങ്ങളിലായി 21320 അംഗങ്ങളാണ് നൈനിറ്റാളിലുള്ളത്. 86805 ലിറ്റര്‍ പാലാണ് ആഞ്ചല്‍ ഡയറിയിലേക്ക് നിത്യേന നൈനിറ്റാളില്‍ നിന്ന് എത്തുന്നത്. 

click me!