
ദില്ലി: റിപ്പബ്ലിക്ക് ദിനാഘോഷ ചടങ്ങിൽ (Republic Day) തുടർച്ചയായി പതിനേഴാമത്തെ തവണ നാവിക സേനാ വിഭാഗത്തിൻറെ വാദ്യസംഘത്തിൽ അണിചേരുക എന്ന അപൂർവമായ നേട്ടം കൈവരിച്ചിരിക്കുകയാണ് മലയാളിയായ വിൻസെറ്റ് ജോൺസൺ. രാജ്പഥിലൂടെ നാവിക സേനയുടെ വാദ്യസംഘത്തിനെ സംഗീതതാളത്തിൽ ഇക്കുറിയും നയിച്ചത് തിരുവനന്തപുരം കല്ലിയൂർ സ്വദേശിയായ ജോൺസൺ ആണ്.
എൺപതുപേരടങ്ങുന്ന വാദ്യസംഘത്തെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും മുന്നിലൂടെയാണ് ജോൺസൺ നയിച്ചത്. ഡ്രം മേജർ എന്ന ചുമതലയിലാണ് ജോൺസൺ നിയോഗിക്കപ്പെട്ടിരുന്നത്. വാദ്യസംഘത്തിലുള്ളവർക്ക് പരേഡുകൾ സ്ഥിരമായി ഉണ്ടാകുക എന്നതിൽ പുതുമയൊന്നുമില്ല. എന്നാൽ17 വർഷം തുടർച്ചയായി, അതും റിപ്പബ്ലിക് ദിനത്തിൽ എന്നത് അപൂർവമായ നേട്ടമാണ്. വാദ്യസംഘത്തിലെ ഏറ്റവും പ്രഗൽഭനായ സംഗീതജ്ഞനാണ് 48 കാരനായ ജോൺസൺ.
സിഡ്‌നി മുതൽ മൗറീഷ്യസ് വരെയും സെന്റ് പീറ്റേഴ്‌സ്ബർഗ് മുതൽ എഡിൻബർഗ് വരെയും ജോൺസൺ ഇന്ത്യൻ നാവികസേനയെ ലോകമെമ്പാടുമുള്ള സൈനിക പരിപാടികളിൽ നയിച്ചിട്ടുണ്ട്. പക്ഷേ സ്വന്തം നാടിന്റെ റിപ്പബ്ലിക്ക് ദിനത്തിൽ പങ്കെടുക്കുന്നത്ര സന്തോഷം മറ്റൊന്നിലുമില്ലെന്ന് ജോൺസൻ പറയുന്നു.
2013ൽ സിഡ്‌നിയിലെ അന്താരാഷ്ട്ര ഫ്‌ളീറ്റ് റീവ്യൂ, 2015 ലെ മൗറീഷ്യസ് ദേശീയ ദിനാഘോഷം, 2017 ലെ റോയൽ എഡിൻബറോ മിലിറ്ററി ടാറ്റൂ, 2018 ലെ റഷ്യൻ ഫെഡറേഷൻറെ സെന്റ്പീറ്റേഴ്‌സ്ബർഗിലെ നാവിക സേനാ പരേഡ് എന്നിവയിൽ ഇന്ത്യൻ സംഘത്തെ നയിച്ചത് ജോൺസണായിരുന്നു.1990 ലാണ് ആദ്യമായി റിപ്പബ്ലിക് ദിനത്തിൽ ജോൺസൻ പരേഡിൽ പങ്കെടുക്കുന്നത് .നാവികസേനയിൽ 1989 മുതൽ അംഗമാണ് ഈ സൈനികൻ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam