UP Election: ബിജെപി വിട്ടവരെ സ്വീകരിക്കാൻ 3000ത്തിലധികം പേരുമായി യോ​ഗം; ചട്ടലംഘനത്തിൽ എസ്പി ഇന്ന് മറുപടി നൽകും

By Web TeamFirst Published Jan 16, 2022, 2:32 AM IST
Highlights

തെരഞ്ഞെടുപ്പ് റാലികളും പൊതു യോഗങ്ങളും നിരോധിച്ചിരിക്കുമ്പോൾ മൂവായിരത്തിലധികം പേർ പങ്കെടുത്ത ചടങ്ങ് നടത്തിയത് വിവാദമായിരുന്നു. സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറിൽ നിന്ന് കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. 

ലക്നോ: ബിജെപി (BJP) വിട്ടവരെ സ്വീകരിച്ച യോഗത്തിലെ ചട്ട ലംഘനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ (Election Commission) നൽകിയ നോട്ടീസിന് സമാജ് വാദി പാർട്ടി (Samajwadi Party) ഇന്ന് മറുപടി നൽകും. 24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകാനാണ് ഇന്നലെ വൈകുന്നേരം കമ്മീഷൻ നിർദ്ദേശിച്ചത്. തെരഞ്ഞെടുപ്പ് റാലികളും പൊതു യോഗങ്ങളും നിരോധിച്ചിരിക്കുമ്പോൾ മൂവായിരത്തിലധികം പേർ പങ്കെടുത്ത ചടങ്ങ് നടത്തിയത് വിവാദമായിരുന്നു. സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറിൽ നിന്ന് കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്.

റാലികളും റോഡ് ഷോകളും ഒരാഴ്ചത്തേക്ക് കൂടി നിരോധിക്കാനാണ് കമ്മീഷൻ ഇന്നലെ തീരുമാനിച്ചത്. മിക്രോൺ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് ഏ‍ർപ്പെടുത്തിയ നിയന്ത്രണങ്ങൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ നീട്ടിയിരുന്നു. ഉത്ത‍ർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂ‍ർ, ​ഗോവ എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള നിയന്ത്രണങ്ങളാണ് ഒരാഴ്ച കൂടി നീട്ടിയത്. ഈ മാസം 22 വരെ നിയന്ത്രണങ്ങൾ ഇവിടെ ബാധകമായിരിക്കും.

പ്രചരണത്തിനായി റാലികളോ റോഡ് ഷോകളോ നടത്താൻ പാടില്ല. 300 പേ‍ർ വരെയുള്ള യോ​ഗങ്ങൾ ഓഡിറ്റോറിയങ്ങളിൽ നടത്തണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. പ്രചാരണത്തിന് ഏ‍ർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീട്ടണമെന്ന് തെരഞ്ഞെടുപ്പ് നിരീക്ഷകരും ആരോ​ഗ്യമന്ത്രാലയവും കമ്മീഷനോട് ആവശ്യപ്പെട്ടുവെന്നാണ് സൂചന.

ഇതിനിടെ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് യുപി തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തു വന്നിരുന്നു. അയോധ്യയിൽ മത്സരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തട്ടകമായ ഗൊരഖ്പൂരിൽ തന്നെ വീണ്ടും ജനവിധി തേടും എന്ന് വ്യക്തമായി. യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൌര്യ പ്രയാഗ് രാജിലെ സിറാത്തു മണ്ഡലത്തിൽ നിന്നും ജനവിധി തേടും. 403 അംഗ ഉത്തർപ്രദേശ് നിയമസഭയിലെ 107 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് ഇന്നലെ ബിജെപി പ്രഖ്യാപിച്ചത്.

click me!