
ലഖ്നൗ: ത്സാൻസിയിൽ ട്രെയിനില്‍ കന്യാസ്ത്രീകൾ അധിക്ഷേപിക്കപ്പെട്ട സംഭവത്തില്‍ ഒരാൾ കൂടി അറസ്റ്റിലായി. കന്യാസ്ത്രീകൾക്ക് എതിരെ പരാതി നൽകിയ അജയ് ശങ്കർ തിവാരിയെയാണ് രാവിലെയോടെ അറസ്റ്റ് ചെയ്തത്. കൂടുതൽ അന്വേഷണം നടക്കുന്നതായി റെയിൽവേ പൊലീസ് എസ് പി സൗമിത്ര യാദവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു.
അഞ്ചല്‍ അര്‍ചാരിയാ, പുര്‍ഗേഷ് അമരിയാ എന്നിവരെയാണ് ഇന്നലെ യുപി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത് ദുർബലമായ വകുപ്പുകളാണ്. നടത്തിയിരിക്കുന്നത് കരുതൽ അറസ്റ്റ് മാത്രമാണെന്നും എസ് പി സൗമിത്ര യാദവ് പറഞ്ഞു. അതേസമയം, മൂന്ന് പേർ അറസ്റ്റിലായത് സംബന്ധിച്ച് പൊലീസിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗികമായി അറിയിപ്പ് ഒന്നും കിട്ടിയിട്ടില്ലെന്ന് തിരുഹൃദയ സഭ ദില്ലി ഘടകം പ്രതികരിച്ചു. ദേശീയ മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്. നീതി ലഭിക്കുമെന്നാണ് വിശ്വാസം എന്നും തിരുഹൃദയ സഭ ദില്ലി ഘടകം പറഞ്ഞു.
സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയിരുന്നു. യുപി സർക്കാരിനോടും, ഇന്ത്യൻ റെയിൽവേയോടുമാണ് റിപ്പോർട്ട് തേടിയത്. നാല് ആഴ്ചയ്ക്കുളളിൽ മറുപടി നൽകണം. മതപരിവർത്തനം ആരോപിച്ച് കന്യാസ്ത്രീകൾക്ക് നേരെ അതിക്രമം നടത്തിയത് എബിവിപി പ്രവർത്തകരാണെന്ന ഝാൻസി റെയിൽവേ പൊലീസ് സൂപ്രണ്ടിന്‍റെ വെളിപ്പെടുത്തല്‍ ബിജെപിയെ പ്രതിരോധത്തില്‍ ആക്കിയിരുന്നു.
സംഭവത്തിൽ ക്രൈസ്തവ സഭകൾ വലിയ പ്രതിഷേധവുമായി രംഗത്തെത്തി. എന്നാൽ കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടിട്ടില്ല എന്നായിരുന്നു കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയലിന്‍റെ പ്രതികരണം. ഈ വിവാദം തുടരുന്നതിനിടെയാണ് യുപി പൊലീസിന്‍റെ റെയിൽവേ വിഭാഗം അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam