Latest Videos

550 ജെറ്റ് എയർവെയ്സ് ജീവനക്കാർക്ക് ജോലി നൽകി വിസ്താര

By Web TeamFirst Published Apr 30, 2019, 9:17 PM IST
Highlights

 ജെറ്റ് എയർവെയ്സിലെ ഏകദേശം നൂറോളം പൈലറ്റുമാർക്കും 450 കാബിൻ ക്രൂ അം​ഗങ്ങൾക്കുമാണ് വിസ്താര ജോലി നൽകിയത്. 

ദില്ലി: സാമ്പത്തിക പ്രതിസന്ധി മൂലം സർവ്വീസുകൾ നിർത്തേണ്ടി വന്ന ജെറ്റ് എയർവെയ്സിന്റെ ജീവനക്കാർക്ക് ജോലി നൽകി വിസ്താര. ജെറ്റ് എയർവെയ്സിലെ ഏകദേശം നൂറോളം പൈലറ്റുമാർക്കും 450 കാബിൻ ക്രൂ അം​ഗങ്ങൾക്കുമാണ് വിസ്താര ജോലി നൽകിയത്. 

ടാറ്റാ ​ഗ്രൂപ്പ്- സിങ്കപ്പൂർ എയർലൈൻസ് ജെവി എന്നിവയുടെ സംയുക്ത സംരംഭമായ വിസ്താര, ജെറ്റ് വിമാനങ്ങൾ വാങ്ങിക്കുവാനും പദ്ധതിയിടുന്നുണ്ട്. എയർ ഇന്ത്യ, സ്പൈസ് ജെറ്റ്, ഗോഎയർ എന്നീ കമ്പനികളും ജെറ്റ് എയർവെയ്സിൽ ജോലി ചെയ്തിരുന്ന പൈലറ്റുമാർക്കും കാബിൻ ജീവനക്കാർക്കും ജോലി നൽകിയിട്ടുണ്ട്. കൂടാതെ, ടാറ്റ ജെവി എയർലൈൻസ്, എയർ ഏഷ്യ ഇന്ത്യ തുടങ്ങിയവ ജെറ്റിന്റെ ബോയിങ് 737 വാങ്ങിക്കാനും പദ്ധതിയിടുന്നുണ്ട്. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവ ജെറ്റിന്റെ ബി777, ബി737 എന്നീ വിമാനങ്ങൾ വാങ്ങിക്കുമെന്ന് വാ​ഗ്ദാനം ചെയ്തിരുന്നെങ്കിലും വിമാനങ്ങൾ ഇതുവരെ അവർ വാങ്ങിയിട്ടില്ല.
 
ശനിയാഴ്ച ശമ്പള കുടിശ്ശിക നല്‍കണമെന്നാവശ്യപ്പെട്ട് ജെറ്റ് എയര്‍വെയ്‌സ് ജീവനക്കാര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെര്‍മിനല്‍-3ന് പുറത്താണ് ജീവനക്കാർ പ്രതിഷേധം സംഘടിപ്പിച്ചത്. ജെറ്റ് എയര്‍വെയ്‌സിന്റെ യൂനിഫോമില്‍ എത്തിയ ജീവനക്കാര്‍ മൗന പ്രതിഷേധമാണ് നടത്തിയത്. ഇതിന് പിന്നാലെയാണ് ജെറ്റ് എയര്‍വെയ്‌സ് ജീവനക്കാർക്ക് വിസ്താര ജോലി നൽകിയത്.  

ഒരു കാലത്ത് ഇന്ത്യൻ വിമാനക്കമ്പനികൾക്കിടയിൽ ഏറ്റവും ഉന്നതശ്രേണിയിലായിരുന്ന ജെറ്റ് എയർവെയ്സിന് 123 വിമാനങ്ങളുണ്ടായിരുന്നു.  8000 കോടിയോളം രൂപയുടെ നഷ്ടത്തിലായതിനെ തുടർന്ന് ജെറ്റ് എയർവെയ്സ് ഏഴ് വിമാനങ്ങളിലേക്ക് സർവീസ് ചുരുക്കിയിരുന്നു. കോടികൾ കടബാധ്യതയിലേക്ക് കൂപ്പുകുത്തിയതോടെ ചെയർമാൻ നരേഷ് ഗോയലും ഭാര്യ അനിതയും കമ്പനിയിൽനിന്ന് രാജിവയ്ക്കുകയും ചെയ്തു.
 

click me!