'ജയലളിതയുടെ ചികിത്സയിൽ ഇടപെട്ടിട്ടില്ല, അന്വേഷണം നേരിടാൻ തയ്യാർ' കുറ്റാരോപണം നിഷേധിച്ച് ശശികല

Published : Oct 19, 2022, 07:49 AM IST
'ജയലളിതയുടെ ചികിത്സയിൽ ഇടപെട്ടിട്ടില്ല, അന്വേഷണം നേരിടാൻ തയ്യാർ' കുറ്റാരോപണം നിഷേധിച്ച് ശശികല

Synopsis

ജയലളിതയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന  അറുമുഖസാമി അന്വേഷണ സമിതിയുടെ റിപ്പോർട്ടിനോട് പ്രതികരിച്ച് അണ്ണാഡിഎംകെ മുൻ നേതാവ് വികെ ശശികല

ചെന്നൈ: ജയലളിതയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന  അറുമുഖസാമി അന്വേഷണ സമിതിയുടെ റിപ്പോർട്ടിനോട് പ്രതികരിച്ച് അണ്ണാഡിഎംകെ മുൻ നേതാവ് വികെ ശശികല. റിപ്പോർട്ടിൽ തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും നിഷേധിക്കുന്നതായി ശശികല പറഞ്ഞു. ജയലളിതയുടെ ചികിത്സയിൽ ഒരിക്കലും ഇടപെട്ടിട്ടില്ല. ഇക്കാര്യത്തിൽ അന്വേഷണം നേരിടാൻ തയ്യാറാണ്. ജയലളിതയെ വിദേശചികിത്സക്ക് കൊണ്ടുപോകുന്നത് താൻ തടഞ്ഞിട്ടില്ല.  ചികിത്സാകാര്യങ്ങളെല്ലാം മെഡിക്കൽ സംഘത്തിന്റെ കൂട്ടായ തീരുമാനമായിരുന്നുവെന്നും ശശികല പറഞ്ഞു.

മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണം സംബന്ധിച്ച് ദുരൂഹതയുണ്ടെന്നായിരുന്നു ജസ്റ്റിസ് അറുമുഖ സ്വാമി കമ്മീഷന്‍റെ റിപ്പോർട്ട്. ജയലളിതയുടെ തോഴി ശശികല, മുൻ ആരോഗ്യമന്ത്രി, ആരോഗ്യ സെക്രട്ടറി എന്നിവരടക്കം വിചാരണ നേരിടണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്തിരുന്നു. ജയലളിതയുടെ മരണം സംഭവിച്ച് ഒരു ദിവസത്തിന് ശേഷമാണ് മരണവിവരം പുറത്തുവിട്ടതെന്നും റിപ്പോർട്ടിൽ ആരോപണമുണ്ട്.

ദൂരവ്യാപകമായ രാഷ്ട്രീയ തുടർചലനങ്ങൾ ഉണ്ടാക്കിയേക്കാവുന്ന കണ്ടെത്തലുകളായിരുന്നു കഴിഞ്ഞ ദിവസം തമിഴ്നാട് നിയമസഭയുടെ മേശപ്പുറത്ത് വച്ച അറുമുഖസ്വാമി അന്വേഷണ കമ്മീഷൻ റിപ്പോർട്ടിലുണ്ടായിരുന്നത്. ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച 2016 സെപ്റ്റംബർ 22 മുതലുള്ള സകല വിവരങ്ങളും സർക്കാർ ഗോപ്യമാക്കി വച്ചു. ഗുരുതര ഹൃദ്രോഗമുണ്ടായിരുന്ന ജയലളിതയ്ക്ക് അമേരിക്കയിലുള്ള ഡോക്ടർമാർ ആൻജിയോപ്ലാസ്റ്റിയോ ശസ്ത്രക്രിയയോ വേണമെന്ന് ശുപാർശ ചെയ്തിരുന്നെങ്കിലും ചെയ്തില്ല. എയിംസിലെ മെഡിക്കൽ സംഘം ചികിത്സാ കാലയളവിനിടെ ജയലളിത ചികിത്സയിലിരുന്ന അപ്പോളോ ആശുപത്രി സന്ദർശിച്ചെങ്കിലും അവിടെ മുൻ മുഖ്യമന്ത്രിക്ക് ശരിയായ ചികിത്സ കിട്ടിയില്ല. 

ജയലളിതയുടെ ആരോഗ്യനിലയെപ്പറ്റി ചികിത്സാസംഘം വ്യാജ പ്രസ്താവനകളിറക്കി. ജയലളിതയുടെ തോഴിയും അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറിയുമായ വികെ.ശശികല, ഡോ കെ എസ് ശിവകുമാർ, അന്നത്തെ ആരോഗ്യ സെക്രട്ടറി ഡോ ജെ രാധാകൃഷ്ണൻ, മുൻ ആരോഗ്യമന്ത്രി സി വിജയഭാസ്കർ എന്നിവർക്കെതിരെ അന്വേഷണം വേണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്തിരുന്നു. ജയലളിതയുടെ മരണസമയത്ത് തമിഴ്നാട് ചീഫ് സെക്രട്ടറിയായിരുന്ന ഡോ. രാമമോഹന റെഡ്ഡിക്കെതിരെയും 608 പേജുള്ള റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങളുണ്ട്.

Read more:  'ജയലളിതയുടെ മരണത്തിൽ ദുരൂഹത, ശശികല ഉൾപ്പെടെ 4 പേർക്കെതിരെ കേസെടുക്കണം'; അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പുറത്ത്

ജയലളിത മരിച്ച് ഒരു ദിവസമെങ്കിലും കഴിഞ്ഞാണ് മരണവിവരം പുറത്തുവിട്ടത്. 2015 ഡിസംബർ 5ന് രാത്രി 11.30ന് മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം വന്നത്. എന്നാൽ ഡിസംബർ 4ന് ഉച്ചക്ക് ശേഷം 3നും 3.30നും ഇടയിലാകണം മരണമെന്ന് തെളിവുകളേയും ദൃക്സാക്ഷികളേയും ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. മുൻ മുഖ്യമന്ത്രി പനീർശെൽവമടക്കം 154 സാക്ഷികളെയാണ് കമ്മീഷൻ വിസ്തരിച്ചത്. 2017ൽ രൂപീകരിച്ച കമ്മീഷന്‍റെ കാലാവധി 14 തവണ നീട്ടി നൽകിയിരുന്നു. റിപ്പോർട്ടിൻമേൽ ഡിഎംകെ സർക്കാർ നടപടി എന്താവുമെന്നാണ് ഇനി അറിയേണ്ടത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'പാതി കഴിച്ചതിന്റെ അവശിഷ്ടം, വലിച്ചുവാരിയിട്ട് മാലിന്യം', പുത്തൻ സ്ലീപ്പർ വന്ദേഭാരതിലെ ദൃശ്യങ്ങൾ, രൂക്ഷ വിമർശനം
യൂട്യൂബിൽ നിന്ന് ലഭിച്ചതെന്ന് പ്രതിയുടെ മൊഴി; വാളയാറിൽ യൂട്യൂബർ പൊലീസ് പിടിയിൽ; പരിശോധനയിൽ 1.18 കോടി രൂപ പിടികൂടി