ശശികല ഇന്ന് ചെന്നൈയിൽ; സ്വീകരണം ശക്തി പ്രകടനമാക്കാൻ അണികൾ; തമിഴ്നാട് കനത്ത സുരക്ഷാവലയത്തിൽ

By Web TeamFirst Published Feb 8, 2021, 7:38 AM IST
Highlights

 ടി നഗറിലുള്ള എംജിആറിന്‍റെ വസതിയിലെത്തി പ്രാര്‍ത്ഥിച്ച ശേഷം ശശികല പ്രവർത്തകരെ കാണും. ശശികലയ്ക്കൊപ്പം ഇളവരശിയും ചെന്നൈയിലേക്ക് എത്തും. ശശികലയുടെ വരവിനോടനുബന്ധിച്ച് അണ്ണാ ഡിഎംകെ ആസ്ഥാനത്തും പൊയസ് ഗാര്‍ഡനിലെ ജയ സ്മാരകത്തിലും സുരക്ഷ കൂട്ടിയിട്ടുണ്ട്. 

ബം​ഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയില്‍മോചിതയായ വി കെ ശശികല ഇന്ന് ചെന്നൈയിലെത്തും. ബെംഗളൂരു മുതൽ ചെന്നൈ വരെ 32 ഇടങ്ങളിലാണ് സ്വീകരണ പരിപാടികള്‍. ടി നഗറിലുള്ള എംജിആറിന്‍റെ വസതിയിലെത്തി പ്രാര്‍ത്ഥിച്ച ശേഷം ശശികല പ്രവർത്തകരെ കാണും. ശശികലയ്ക്കൊപ്പം ഇളവരശിയും ചെന്നൈയിലേക്ക് എത്തും. ശശികലയുടെ വരവിനോടനുബന്ധിച്ച് അണ്ണാ ഡിഎംകെ ആസ്ഥാനത്തും പൊയസ് ഗാര്‍ഡനിലെ ജയ സ്മാരകത്തിലും സുരക്ഷ കൂട്ടിയിട്ടുണ്ട്. തമിഴ്നാട് കർണാടക അതിർത്തിയിൽ 1500 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

ദേവനഹള്ളിയിലെ റിസോർട്ടിൽ നിന്ന് രാവിലെ 9 മണിക്ക് ശശികല ഹൊസൂറിലേക്കെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇത് തമിഴ്നാട് അതിർത്തിയാണ്. ഇവിടേക്ക് നിരവധി ശശികല അനുകൂലികളാണ് എത്തിക്കൊണ്ടിരിക്കുന്നത്. ജയ സമാധിയിലേക്കുള്ള റാലിക്ക് അനുമതിയുണ്ടെന്നാണ് ദിനകര പക്ഷം പറയുന്നത്. എന്നാൽ, അനുമതി നൽകിയിട്ടില്ലെന്ന് പൊലീസും പറയുന്നു.

5000 പ്രവർത്തകർ ശശികലയുടെ സ്വീകരണപരിപാടികളിൽ പങ്കെടുക്കുമെന്നാണ് വിവരം. അണ്ണാ ഡിഎംകെയുടെ ഇപ്പോഴത്തെ നേതാവ് താൻ തന്നെയാണ് എന്ന നിലപാട് പ്രഖ്യാപിക്കാനാണ് ശശികലയുടെ ഇന്നത്തെ നീക്കങ്ങളെന്നാണ് സൂചന. ഇപിഎസ്-ഒപിഎസ് പക്ഷം ശശികലയെനേരത്തെ അണ്ണാഡിഎംകെയിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും ജയലളിതയെ ചതിച്ചവർക്കൊപ്പം പോകാനില്ലെന്ന നിലപാടാണ് ശശികല സ്വീകരിച്ചത്. അതുകൊണ്ടുതന്നെ തമിഴ്നാട് രാഷ്ട്രീയത്തിൽ ഇനിയെന്തൊക്കെ സംഭവിക്കുമെന്ന ആകാംക്ഷയാണ് ബാക്കിയാകുന്നത്. 

അതിനിടെ, ശശികലയുടെ ബിനാമി സ്വത്തുക്കൾ സർക്കാർ ഇന്നലെ കണ്ടുകെട്ടി. നൂറ് കോടിയിലധികം രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ചെന്നൈയിലെ ആറിടങ്ങളിലെ ബംഗ്ലാവും ഭൂമിയും കണ്ടുകെട്ടി. ഇളവരശിയുടേയും സുധാകരന്‍റെയും പേരിലുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ബിനാമി ആക്ട് പ്രകാരമാണ് നടപടി. ബിനാമി സ്വത്ത് തമിഴ്നാട് സർക്കാർ ഏറ്റെടുത്ത് ഉത്തരവിറക്കി. 2014 ൽ സർക്കാരിന് അനുകൂലമായി കോടതി ഉത്തരവുണ്ടായിരുന്നു. 

click me!