'കേന്ദ്രസർക്കാരിന്റേത് തലതിരിഞ്ഞ നയം'; പരിസ്ഥിതി ആഘാത പഠന കരട് വിജ്ഞാപനത്തിനെതിരെ സുധീരൻ

By Web TeamFirst Published Aug 10, 2020, 12:38 PM IST
Highlights

"പരിസ്ഥിതി ആഘാത പഠനം നടത്താതെ തന്നെ പല പദ്ധതികളും തുടങ്ങാമെന്നത് തലതിരിഞ്ഞ നയമാണ്. 'പരിസ്ഥിതി ആഘാത പഠന  കരട് വിജ്ഞാപനം ' (Environment Impact Assessment Notification Draft 2020) ഉടനടി പിന്‍വലിക്കാന്‍  കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണം."

തിരുവനന്തപുരം: പുതിയ പരിസ്ഥിതി ആഘാത നയത്തിന്റെ കരട് സംബന്ധിച്ച് കേന്ദ്രസർക്കാരിനെ വിമർശിച്ച് കോൺ​ഗ്രസ് നേതാവ് വി എം സുധീരൻ. പരിസ്ഥിതി ആഘാത പഠനം നടത്താതെ തന്നെ പല പദ്ധതികളും തുടങ്ങാമെന്നത് തലതിരിഞ്ഞ നയമാണ്. 'പരിസ്ഥിതി ആഘാത പഠന  കരട് വിജ്ഞാപനം ' (Environment Impact Assessment Notification Draft 2020) ഉടനടി പിന്‍വലിക്കാന്‍  കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണം. നിലവിലുള്ള പരിസ്ഥിതി നിയമങ്ങളെ  അട്ടിമറിക്കുന്നതും അപ്രസക്തമാക്കുന്നതുമാണ് വിജ്ഞാപനമെന്നും സുധീരൻ അഭിപ്രായപ്പെട്ടു. 

വനമേഖലകൾക്ക് സമീപത്തുള്ള പ്രദേശങ്ങളിൽ വ്യവസായ, വികസനപദ്ധതികൾക്ക് നിർമാണപ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള ഫാസ്റ്റ്ട്രാക്ക് അനുമതി നൽകാൻ വേണ്ടി കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയമഭേദഗതിയാണ് പാരിസ്ഥിതികാഘാത നിർണയ ചട്ടം 2020. വൻകോർപ്പറേറ്റുകൾക്ക് അനുകൂലമായി പരിസ്ഥിതിനിയമങ്ങൾ മാറ്റിയെഴുതുന്നതാണ് പരിസ്ഥിതി ആഘാതനിർണയ ചട്ടത്തിന്‍റെ കരടെന്ന ആക്ഷേപം വൻതോതിൽ ഉയർന്നിരുന്നു. പരിസ്ഥിതി വിദഗ്ധരും എൻജിഒകളും സെലിബ്രിറ്റികളുമടക്കം ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

പുതിയ പരിസ്ഥിതി ആഘാത നയത്തിന്റെ കരടിനെതിരെ ജനങ്ങൾ പ്രതിഷേധിക്കണമെന്നു കോൺ​​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയും അഭിപ്രായപ്പെട്ടിരുന്നു. വിജ്ഞാപനം അപകടകരമാണ്. ഇത് നടപ്പാക്കിയാൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാകും. പതിറ്റാണ്ടുകൾ കൊണ്ട് മുന്നോട്ട് പോയ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ പിന്നോട്ടടിപ്പിക്കുന്നതാകും വിജ്ഞാപനം. കൽക്കരി ഖനനത്തിനടക്കം പരിസ്ഥിതി ആഘാത പഠനം ആവശ്യമില്ലെന്ന നിലപാട് ഇതിനു ഉദാഹരണമാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി. പരിസ്ഥിതി നശീകരണവും രാജ്യത്തെ കൊള്ളയടിക്കുന്നതും അവസാനിപ്പിക്കണം. രാജ്യത്തെ കൊളളയടിക്കുക എന്നതാണ് കരട് വിജ്ഞാപനം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും രാഹുൽ ​ഗാന്ധി ട്വീറ്റിൽ വ്യക്തമാക്കി. 
 

click me!