
ദില്ലി: പുതിയ പരിസ്ഥിതി ആഘാത നയത്തിന്റെ കരടിനെതിരെ ജനം പ്രതിഷേധിക്കണമെന്നു രാഹുൽ ഗാന്ധി. വിജ്ഞാപനം അപകടകരമാണെന്നും നടപ്പാക്കിയാൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും രാഹുൽ വ്യക്തമാക്കി. പതിറ്റാണ്ടുകൾ കൊണ്ട് മുന്നോട്ട് പോയ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ പിന്നോട്ടടിപ്പിക്കുന്നതാകും വിജ്ഞാപനമെന്നും രാഹുൽ കുറ്റപ്പെടുത്തി. കൽക്കരി ഖനനത്തിനടക്കം പരിസ്ഥിതി ആഘാത പഠനം ആവശ്യമില്ലെന്ന നിലപാട് ഇതിനു ഉദാഹരണമാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി. പരിസ്ഥിതി നശീകരണവും രാജ്യത്തെ കൊള്ളയടിക്കുന്നതും അവസാനിപ്പിക്കണം. രാജ്യത്തെ കൊളളയടിക്കുക എന്നതാണ് കരട് വിജ്ഞാപനം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും രാഹുൽ ഗാന്ധി ട്വീറ്റിൽ വ്യക്തമാക്കി.
മുമ്പും കരട് പരിസ്ഥിതി ആഘാത വിലയിരുത്തൽ വിജ്ഞാപനത്തിനെതിരെ രാഹുൽ ഗാന്ധി വിമർശനമുന്നയിച്ചിരുന്നു. അപമാനകരവും അപകടകരവും എന്നാണ് രാഹുൽ ഗാന്ധി കരടിനെ വിലയിരുത്തിയത്. ബിജെപി സർക്കാർ രാജ്യത്തിന്റെ വിഭവങ്ങൾ കൊള്ളയടിച്ച് സുഹൃത്തുക്കൾക്ക് നൽകുന്നതിന്റെ ഭയാനകമായ ഉദാഹരണമാണിതെന്നും രാഹുൽ ഗാന്ധി ട്വീറ്റിൽ കുറിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam