
ദില്ലി: കള്ളവോട്ടും ഇരട്ടവോട്ടും തടയാന്‍ നിര്‍ണായക നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. ആധാര്‍ കാര്‍ഡും (Aadhar Card) വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡും (Voter ID Card) ബന്ധിപ്പിക്കാനാണ് തീരുമാനം. അതുവഴി ഇരട്ടവോട്ടും കള്ളവോട്ടും തടയാനാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ (Union Government) വിശദീകരിക്കുന്നത്. നടപ്പ് സമ്മേളനത്തില്‍ത്തന്നെ വോട്ടെടുപ്പ് പരിഷ്‌കരണങ്ങളുമായി ബന്ധപ്പെട്ട ബില്ല് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കും. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒരു വര്‍ഷം ഒന്നിലധികം അവസരം നല്‍കുമെന്നതാണ് പരിഷ്‌കാരങ്ങളിലെ മറ്റൊരു ശ്രദ്ധേയമായ ഭാഗം. വോട്ടെടുപ്പ് പ്രക്രിയ കൂടുതല്‍ സുതാര്യമാക്കാനും, തെരഞ്ഞെടുപ്പ് കമ്മീഷന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കാനും, ഇരട്ടവോട്ടും കള്ളവോട്ടും തടയാനുമായാണ് പുതിയ നിയമപരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നത്. പ്രധാന തെരഞ്ഞെടുപ്പ് പരിഷ്‌കരണഭേദഗതിക്ക് ഇന്നലെ ദില്ലിയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി.
നേരത്തെ പാന്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കുന്ന നിര്‍ബന്ധമാക്കി കേന്ദ്രം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇത് പോലെ നിര്‍ബന്ധിതരീതിയിലാകില്ല വോട്ടര്‍ ഐഡിയും ആധാറും ബന്ധിപ്പിക്കുന്ന ഉത്തരവെന്നാണ് സൂചന. സ്വകാര്യതയ്ക്കുള്ള അവകാശവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി കൂടി പരിശോധിച്ച്, ഇതിന്റെ അടിസ്ഥാനത്തിലാകും ഉത്തരവ് പുറത്തിറക്കുക.
വോട്ടര്‍ ഐഡിയും ആധാറും ബന്ധിപ്പിക്കുന്നതോടെ ഒരാള്‍ക്ക് ഒരിടത്ത് ഒരുവോട്ട് മാത്രമേ ചെയ്യാനാകൂ. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുമായി ബന്ധപ്പെട്ട് നടത്തിയ പൈലറ്റ് പ്രോജക്ട് വിജയമെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഭേദഗതി നിര്‍ദേശം സര്‍ക്കാരിന് സമര്‍പ്പിച്ചതെന്ന് വ്യക്തമാക്കുന്നു. ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കണമെന്ന് നിലവില്‍ സുപ്രീംകോടതിയില്‍ ഒരു ഹര്‍ജി നിലവിലുണ്ട്. തുടക്കത്തില്‍ ഇക്കാര്യം ആരെയും നിര്‍ബന്ധിക്കില്ല. അതേസമയം, ഇതുരണ്ടും ബന്ധിപ്പിക്കാത്തവരെ എളുപ്പത്തില്‍ കണ്ടെത്താനും നിരീക്ഷിക്കാനുമാവും.
ബില്ലിലെ മറ്റൊരു ശ്രദ്ധേയനിര്‍ദേശം വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒരു വര്‍ഷം കൂടുതല്‍ അവസരങ്ങള്‍ നല്‍കുക എന്നതാണ്. ജനുവരി 1, 2022 മുതല്‍ ആദ്യമായി വോട്ട് ചെയ്യുന്ന 18 വയസ്സുകാര്‍ക്ക് വര്‍ഷം നാല് തവണ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ടാകും. നാല് തവണയ്ക്കും നാല് കട്ട് ഓഫ് തീയതികളുമുണ്ടാകും. ഏപ്രില്‍ 1, ജൂലൈ 1, ഒക്ടോബര്‍ 1 എന്നിങ്ങനെ തീയതികളില്‍ തുടങ്ങുന്ന കാലാവധികളിലാകും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനാകുക. നിലവില്‍ വര്‍ഷത്തില്‍ ഒരു തവണ മാത്രമാണ് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുള്ളത്.
ഇതോടൊപ്പം സൈന്യത്തിന്റെ നയങ്ങളില്‍ കൂടുതല്‍ ലിംഗസമത്വം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി, വനിതാസൈനികരുടെ ഭര്‍ത്താക്കന്‍മാര്‍ക്കും അവര്‍ താമസിക്കുന്ന നാട്ടില്‍ വോട്ടര്‍ പട്ടികയില്‍ പേര് റജിസ്റ്റര്‍ ചെയ്യാന്‍ അവസരമൊരുക്കും. നിലവില്‍ സൈനികര്‍ക്ക് എല്ലാവര്‍ക്കും അവര്‍ താമസിക്കുന്ന നാട്ടിലെ വോട്ടര്‍പട്ടികയില്‍ പേര് റജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. സൈനികനോടൊപ്പം ജോലിസ്ഥലത്ത് ഭാര്യ താമസിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കും സ്വന്തം നാട്ടിലെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം. എന്നാല്‍ ഒട്ടേറെ വനിതകള്‍ സൈന്യത്തില്‍ വിവിധ മേഖലകളിലായി ജോലി ചെയ്യുന്നുണ്ട് എന്നതിനാല്‍ അവരുടെ ഭര്‍ത്താവിനും ഒപ്പം താമസിക്കുന്നുണ്ടെങ്കില്‍ നാട്ടില്‍ പേര് റജിസ്റ്റര്‍ ചെയ്യാന്‍ അവസരമൊരുക്കുന്ന ഭേദഗതിയും ബില്ലിലുണ്ട്. ഇതിനായി ചട്ടത്തില്‍ നിലവില്‍ 'ഭാര്യ' എന്ന് അടയാളപ്പെടുത്തിയ ഇടത്ത് 'ജീവിതപങ്കാളി' എന്നായി മാറ്റും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam