വഖഫ് നിയമ ഭേദ​ഗതി ബിൽ ലോക്സഭയില്‍ അവതരിപ്പിച്ച് കിരണ്‍ റിജിജു; എട്ട് മണിക്കൂർ ചർച്ച, എതിർപ്പുമായി പ്രതിപക്ഷം

Published : Apr 02, 2025, 12:18 PM ISTUpdated : Apr 02, 2025, 01:58 PM IST
വഖഫ് നിയമ ഭേദ​ഗതി ബിൽ ലോക്സഭയില്‍ അവതരിപ്പിച്ച് കിരണ്‍ റിജിജു; എട്ട് മണിക്കൂർ ചർച്ച, എതിർപ്പുമായി പ്രതിപക്ഷം

Synopsis

കേന്ദ്രമന്ത്രി കിരണ്‍ റിജിജുവാണ് ലോക്സഭയില്‍ ബില്ല് അവതരിപ്പിക്കുന്നത്. 8 മണിക്കൂർ ബില്ലിൻമേൽ സഭയിൽ ചർച്ച നടക്കും. ശേഷം കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരൺ റിജിജു സഭയില്‍ മറുപടി നൽകും.

ദില്ലി: വഖഫ് നിയമ ഭേദ​ഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ച് കേന്ദ്രമന്ത്രി കിരണ്‍ റിജിജു. ഒരു മതത്തിൻ്റെയും സ്വാതന്ത്ര്യത്തിൽ കടന്ന് കയറിയിട്ടില്ലെന്ന് കിരൺ റിജിജു സഭയില്‍ പറഞ്ഞു. 8 മണിക്കൂർ ബില്ലിൻമേൽ സഭയിൽ ചർച്ച നടക്കും. ശേഷം കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരൺ റിജിജു സഭയില്‍ മറുപടി നൽകും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും ചർച്ചയിൽ സംസാരിക്കും. ബില്ലിനെതിരെ ശക്തമായി പ്രതിഷേധം തുടരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. അതേസമയം, രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സഭയിലില്ല.

ബിൽ അവതരിപ്പിക്കാൻ മന്ത്രിയെ ക്ഷണിച്ചപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തി. ബില്ല് അവതരണത്തില്‍ ക്രമ പ്രശ്നം ഉന്നയിച്ച് പ്രതിപക്ഷം. നിയമം അടിച്ചേല്‍പ്പിക്കുകയാണെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. ഭേദഗതികളിലെ എതിര്‍പ്പുകള്‍ പറയാന്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യഥാർത്ഥ ബില്ലിൽ ചർച്ച നടന്നിട്ടില്ലെന്ന് പ്രേമചന്ദ്രൻ ഉന്നയിച്ചു. ജെ പി സിക്ക് ഭേദഗതി നിർദ്ദേശങ്ങൾ ബില്ലിൽ ചേർക്കാനാകുമോയെന്നും പ്രേമചന്ദ്രൻ ചോദിച്ചു. പ്രതിപക്ഷം പറഞ്ഞതനുസരിച്ചാണ് ബില്ല് ജെപിസിക്ക് വിട്ടതെന്നും ജെ പി സി റിപ്പോർട്ടിന് ക്യാബിനറ്റ് അംഗീകാരം നൽകിയിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി നല്‍കി. എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ അമിത് ഷാ, കോൺഗ്രസ് കാലത്തെ പോലുള്ള നടപടികളല്ലെന്നും പരിഹാസിച്ചു.

വഖഫ് സ്വത്തിൽ അവകാശം ഉന്നയിക്കാൻ രേഖ നിർബന്ധമാക്കുമെന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥകളിലൊന്ന്. സ്ത്രീകളെയും അമുസ്ലീമുകളെയും ബോർഡിൽ ഉൾപ്പെടുത്താനും ബില്ല് നിർദേശിക്കുന്നു. ട്രൈബ്യൂണൽ വിധിയിൽ ആക്ഷേപമുള്ളവർക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും ബില്ല് നിഷ്കർഷിക്കുന്നു. 5 വർഷം ഇസ്ലാം മതം പിന്തുടർന്നവർക്കേ വഖഫ് നൽകാനാവൂ എന്ന വ്യവസ്ഥയും ബില്ലിലുണ്ട്. വഖഫ് ബൈ യൂസർ വ്യവസ്ഥക്ക് പകരം, വഖഫ് ഡീഡ് എന്ന വ്യവസ്ഥ നിർബന്ധമാക്കി. വഖഫ് സംബന്ധിച്ച ട്രൈബ്യൂണൽ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാമെന്നും സംസ്ഥാന സർക്കാർ നിയോഗിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥൻ തർക്കങ്ങളിൽ തീർപ്പ് കൽപ്പിക്കുമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. ജില്ലാ കളക്ടർ എന്ന വ്യവസ്ഥ എടുത്ത് മാറ്റി. വഖഫ് പട്ടിക വിജ്ഞാപനം ചെയ്താൽ 90 ദിവസത്തിനകം വഖഫ് പോർട്ടലിലും, ഡാറ്റാബേസിലും അപ്ലോഡ് ചെയ്യണം. രജിസ്റ്റർ ചെയ്യാത്ത വഖഫ് സ്വത്തുക്കൾ സർക്കാരിനേറ്റെടുക്കാമെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

'ബാബറി മസ്ജിദ്' വിവാദത്തിൽ പുറത്താക്കിയ നേതാവിന്റെ ശപഥം, മമതയുടെ ഭരണം അവസാനിപ്പിക്കും, 'മുസ്ലീം വോട്ട് ബാങ്ക് അവസാനിക്കും'
കേന്ദ്രം കടുപ്പിച്ചു, 610 കോടി റീഫണ്ട് നൽകി ഇൻഡിഗോ! 3,000 ത്തോളം ലഗേജുകളും ഉടമകൾക്ക് കൈമാറി, പ്രതിസന്ധിയിൽ അയവ്