വഖഫ് ബോർഡ് ബില്ല് ഹിന്ദു - മുസ്ലിം ഐക്യം തക‍ർക്കാനെന്ന് പ്രതിപക്ഷം: ലോക്‌സഭയിൽ അതിരൂക്ഷമായ വാക്പോര്

Published : Aug 08, 2024, 02:16 PM ISTUpdated : Aug 08, 2024, 02:19 PM IST
വഖഫ് ബോർഡ് ബില്ല് ഹിന്ദു - മുസ്ലിം ഐക്യം തക‍ർക്കാനെന്ന് പ്രതിപക്ഷം: ലോക്‌സഭയിൽ അതിരൂക്ഷമായ വാക്പോര്

Synopsis

വഖഫ് ബോർഡിൽ മുസ്ലിങ്ങൾ അല്ലാത്തവരെ ഉൾപ്പെടുത്തണം എന്ന് പറയുന്നവർ ദേവസ്വം ബോർഡിൽ ഹിന്ദുക്കൾ അല്ലാത്തവരെ ആലോചിക്കുമോയെന്ന് കെസി വേണുഗോപാൽ

ദില്ലി: വഖഫ് ബോർഡ് നിയമ ഭേദഗതി ബില്ലിന് മേൽ ലോക്സഭയിൽ ശക്തമായ ചർച്ച. ഭരണപക്ഷത്തെ അംഗങ്ങൾ ബില്ലിനെ അനുകൂലിച്ചും പ്രതിപക്ഷ അംഗങ്ങൾ ബില്ലിനെ ശക്തമായി എതിർത്തും ലോക്സഭയിൽ സംസാരിച്ചു. കേന്ദ്രമന്ത്രി കിരൺ റിജിജുവാണ് ബില്ല് അവതരിപ്പിക്കാൻ ലോക്സഭയിൽ അനുമതി തേടിയത്. ബില്ലിനെ കോൺഗ്രസ്, ഡിഎംകെ, തൃണമൂൽ കോൺഗ്രസ്, സമാജ്‌വാദി, ആം ആദ്മി, സിപിഎം തുടങ്ങിയ എല്ലാ പ്രതിപക്ഷ പാർട്ടി അംഗങ്ങളും തുറന്നെതിർത്തു. ച‍ർച്ചക്കിടെ അഖിലേഷ് യാദവും അമിത് ഷായും തമ്മിൽ രൂക്ഷമായ ത‍ർക്കവും സഭയിൽ നടന്നു. ബിൽ വിശദമായ പരിശോധനക്ക് വിധേയമാക്കണമെന്ന് എൻഡിഎ സഖ്യകക്ഷിയായ എൽജെപി ആവശ്യപ്പെട്ടു.

ബിൽ മതപരമായ വിഷയത്തിലുള്ള ഇടപെടലാണെന്ന് കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ ചൂണ്ടിക്കാട്ടി. അമുസ്ലീങ്ങളെ വഖഫ് ബോർഡിലുൾപ്പെടുത്തുന്നത് മതത്തിലുള്ള കടന്നുകയറ്റമാണ്. നാളെ മറ്റ് മതങ്ങളിലും ഇതേ നിലയിൽ കടന്ന് കയറ്റമുണ്ടാകും. ഈ വിഭജന രാഷ്ട്രീയം ജനം അംഗീകരിക്കില്ല. ബിൽ അവതരിപ്പിക്കാനോ, പാസാക്കാനോ പാടില്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബില്ല് മുസ്ലീംങ്ങളോടുള്ള വിവേചനമാണെന്ന് വിമർശിച്ചായിരുന്നു സമാജ് വാദി പാർട്ടി രംഗത്ത് വന്നത്. സർക്കാർ നിലപാട് ദുരൂഹമാണെന്നും ഭരണഘടന വിരുദ്ധമെന്നും തൃണമൂൽ കോൺഗ്രസ് വിമർശിച്ചു. ബിൽ ജനദ്രോഹമെന്ന് കുറ്റപ്പെടുത്തിയ ഡിഎംകെ നേതാവ് കനിമൊഴി ബില്ല് ഭരണഘടനക്കും, ജനാധിപത്യത്തിനും എതിരാണെന്നും പറ‌ഞ്ഞു. ബിൽ മുസ്ലീം വിരുദ്ധമല്ലെന്ന നിലപാടാണ് ജെഡിയു അംഗം രാജീവ് രഞ്ജൻ ലല്ലൻ സിംഗ് സ്വീകരിച്ചത്. ബിൽ പിൻവലിക്കണമെന്ന് എൻസിപി ആവശ്യപ്പെട്ടു. 

ബില്ലിനെതിരെ വലിയ പ്രചാരണം നടക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു. ബിൽ ഇതിനോടകം തന്നെ വിതരണം ചെയ്തതാണെന്നും പൊതുമധ്യത്തിൽ ബില്ലുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ബിൽ സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് അയക്കണമെന്ന് എൻസിപി നേതാവ് സുപ്രിയ സുലെ ആവശ്യപ്പെട്ടു. ബില്ല് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്ന പരാതിയും സുപ്രിയ സുലെ ഉയർത്തിയെങ്കിലും അത് അന്വേഷിക്കലല്ല തൻ്റെ ജോലിയെന്ന് സ്പീക്കർ ഓം ബിർള രൂക്ഷ മറുപടി നൽകി.

ബില്ലിൻ്റെ പിന്നിൽ വൃത്തികെട്ട അജണ്ടയാണെന്ന് മുസ്ലിം ലീഗ് അംഗം ഇ.ടി മുഹമ്മദ് ബഷീർ കുറ്റപ്പെട്ടുത്തി. വഖഫ് കൗൺസിലും, വഖഫ് ബോർഡുകളും അപ്രസക്തമാകുമെന്നും ജില്ലാ കളക്ടർമാർക്ക് സകല അധികാരങ്ങളും നൽകിയിരിക്കുകയാണെന്നും പറഞ്ഞു. ഹിന്ദു - മുസ്ലീം ഐക്യം തകർക്കാനാണ് ശ്രമമെന്നും ഇന്ത്യയുടെ ഐക്യം തകർക്കുന്ന ബില്ലെന്നും സിപിഎം നേതാവ് കെ. രാധാകൃഷണൻ കുറ്റപ്പെടുത്തി. ഒരു ചർച്ചയും നടത്താതെയാണ് ബിൽ കൊണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

മതേതരത്വത്തിൻ്റെ ഭാവി തകർക്കുന്ന ബില്ലാണിതെന്ന് എൻ.കെ.പ്രേമചന്ദ്രൻ വിമർശിച്ചു. വഖഫ്  മതപരമായ ചട്ടക്കൂടിൽ നിൽക്കുന്ന സ്ഥാപനമാണ്. ബിൽ മതത്തിൽ കടന്നു കയറുകയാണ്. വഖഫ് ബോർഡിനെ തകർക്കുന്ന നടപടിയാണിത്. നിയമപരമായ പരിശോധനക്ക് നീങ്ങിയാൽ ഈ ബില്ല് തള്ളപ്പെടും. ബില്ലുമായി മുൻപോട്ട് പോകണമെന്നുണ്ടെങ്കിൽ ചർച്ചകൾ നടക്കണം, സൂക്ഷ്മ പരിശോധനകൾ വേണമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീംങ്ങളുടെ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്ന് കയറ്റമാണ് ബില്ലെന്ന് അസദുദ്ദീൻ ഒവൈസി വിമർശിച്ചു. ഇസ്ലാം വിശ്വാസം പിന്തുടരാത്തവരെ എങ്ങനെ ബോർഡുകളിൽ ഉൾപ്പെടുത്താനാവുമെന്നും അദ്ദേഹം ചോദിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധന തൽക്കാലം ആലോചനയിലില്ലെന്ന് കേന്ദ്രസർക്കാർ; 'റഷ്യയിൽ നിന്ന് എൽഎൻജി വാങ്ങും'
നേപ്പാളിൽ തക‍ർന്നടിഞ്ഞ് കമ്യൂണിസ്റ്റ് പാർട്ടി, മുൻ പ്രധാനമന്ത്രിയെ അരലക്ഷം വോട്ടിന് തോൽപ്പിച്ച് ജെൻസി പ്രക്ഷോഭ നായകൻ ബലേന്ദ്ര ഷാ