
ദില്ലി: രാഹുൽ ഗാന്ധിക്ക് മറുപടി നൽകി വിദേശ കാര്യമന്ത്രാലയം. ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യ ഘട്ടത്തിനു ശേഷമാണ് പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയതെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇതാണ് എസ് ജയശങ്കർ പറഞ്ഞതെന്നും മന്ത്രാലയം വ്യക്തമാക്കി. ഓപ്പറേഷന് മുമ്പ് പാകിസ്ഥാനെ അറിയിച്ചെന്നത് വളച്ചൊടിക്കലാണ്. ഇന്ത്യൻ നീക്കം പാകിസ്ഥാനെ അറിയിച്ചത് കുറ്റകരമെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ആരോപണം.
ഓപ്പറേഷൻ സിന്ദൂറിലും തുടർന്നുണ്ടായ പാകിസ്ഥാനുമായുള്ള സംഘർഷത്തിലും ഇന്ത്യയുടെ എത്ര യുദ്ധവിമാനങ്ങൾ നഷ്ടമായെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വിമര്‍ശനം. ഭീകര കേന്ദ്രങ്ങൾക്ക് എതിരെ മാത്രമായിരുന്നു നീക്കമെന്ന് തുടക്കത്തിൽ പാക്കിസ്ഥാനെ അറിയിച്ചുവെന്ന വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ വാക്കുകൾ ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ ചോദ്യം.
പാക്കിസ്ഥാനെ ഇന്ത്യൻ നീക്കം അറിയിച്ചത് കുറ്റകരമാണെന്നും രാഹുൽ ഗാന്ധി സമൂഹ മാധ്യമമായ എക്സിൽ തൻ്റെ ഔദ്യോഗിക ഹാൻഡിലിൽ കുറിച്ചു. എന്നാൽ ഭീകര കേന്ദ്രങ്ങളെല്ലാം തകർത്ത ശേഷമാണ് സൈനിക നീക്കമല്ലെന്ന മുന്നറിയിപ്പ് പാകിസ്ഥാന് നൽകിയതെന്ന് ഇതുമായി ബന്ധപ്പെട്ട വിവാദത്തിൽ കേന്ദ്രസർക്കാർ വൃത്തങ്ങളും വിശദീകരിക്കുന്നുണ്ട്.