രണ്ട് കരാറിന് 300 കോടി കൈക്കൂലി വാഗ്ദാനം ചെയ്തു; ഒപ്പുവച്ചില്ല, മോദി പിന്തുണച്ചു: മുൻ ജമ്മു കശ്മീർ ഗവർണർ

By Web TeamFirst Published Oct 22, 2021, 4:57 PM IST
Highlights

ആർഎസ്എസ് ബന്ധമുള്ള ആളുമായും അംബാനിയുമായി ബന്ധപ്പെട്ട ഫയലുകൾക്ക്  അനുമതി നൽകിയാൽ 300 കോടി രൂപ കൈക്കൂലി നൽകാമെന്ന വാഗ്ദാനം ചെയ്തിരുന്നതായി ജമ്മു കശ്മീർ മുൻ ഗവർണറുടെ വെളിപ്പെടുത്തൽ. 

ദില്ലി: ആർഎസ്എസ് ബന്ധമുള്ള ആളുമായും(RSS linked man) അംബാനിയുമായി(Ambani ) ബന്ധപ്പെട്ട ഫയലുകൾക്ക്  അനുമതി നൽകിയാൽ 300 കോടി രൂപ(300 cr) കൈക്കൂലി നൽകാമെന്ന വാഗ്ദാനം ചെയ്തിരുന്നതായി ജമ്മു കശ്മീർ മുൻ ഗവർണറുടെ വെളിപ്പെടുത്തൽ. എന്നാൽ ഇത് കരാറുകൾ താൻ റദ്ദാക്കുകയായിരുന്നു എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് പിന്തുണ നൽകിയെന്നും നിലവിൽ മേഘാലയ ഗവർണറായ സത്യപാൽ മാലിക്ക് (Satya Pal Malik) പറഞ്ഞു. അഴിമതിയോട് യാതൊരു വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടാണ് പ്രധാനമന്ത്രി സ്വീകരിച്ചതെന്നും സത്യപാൽ പറഞ്ഞതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

കശ്മീരിൽ ഉള്ളപ്പോൾ രണ്ട് ഫയലുകൾ അനുമതി തേടി മേശപ്പുറത്ത് വന്നിരുന്നു. ഒന്ന് അംബാനിയുമായി ബന്ധമുള്ളതും മറ്റൊന്ന് ആർഎസ്എസ് ബന്ധമുള്ള വ്യക്തിയുടേതും ആയിരുന്നു. മെഹബൂബ മുഫ്തി സർക്കാറിൽ മന്ത്രിയായിരുന്ന ഇദ്ദേഹം പ്രധാനമന്ത്രിയുമായി അടുത്ത ആളാണെന്നായിരുന്നു പറഞ്ഞിരുന്നത്.  രണ്ടു കരാറുകളുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം നിലനിൽക്കുന്നുണ്ടെന്ന് അതത് സെക്രട്ടേറിയറ്റുകളിൽ നിന്ന് എനിക്ക് വിവരം ലഭിച്ചിരുന്നു. ഫയലുകൾക്ക് അനുമതി നൽകിയാൽ 150 കോടി രൂപ വച്ച് പ്രതിഫലം ലഭിക്കുമെന്നും സെക്രട്ടറിമാർ പറയുകയും ചെയ്തു. എന്നാൽ അഞ്ച് കുർത്തയും പൈജാമയുമാണ് താൻ കശ്മീരിലേക്ക് വരുമ്പോൾ കൊണ്ടുവന്നതെന്നും പോകുമ്പോഴും അതു മാത്രമേ കയ്യിൽ കാണൂവെന്നും അവരോട്  മറുപടി പറഞ്ഞു. രാജസ്ഥാനിലെ  ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് സത്യപാൽ ഇക്കാര്യം വെളിപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. 

സംഭവത്തിൽ മുൻകരുതലെന്നോണം പ്രധാനമന്ത്രിയെ കാര്യങ്ങൾ ധരിപ്പിച്ചിരുന്നു. സ്ഥാനം ഒഴിയാൻ തയ്യാറാണെന്നും പ്രധാനമന്ത്രിയോട് താൻ പറഞ്ഞു. താൻ അധകാരത്തിലിരിക്കുമ്പോൾ ആ ഫയലുകൾക്ക് അനുമതി നൽകില്ലെന്നും വ്യക്തമാക്കി. അഴിമതിയോട് യാതൊരു വിട്ടുവീഴ്ചയും വേണ്ടെന്നായിരുന്നു അന്ന് പ്രധാനമന്ത്രി തന്ന മറുപടി. രാജ്യത്ത് ഏറ്റവും കൂടുതൽ അഴിമതി നടക്കുന്നത് കശ്മീരാണ്. മറ്റിടങ്ങളില്ലെല്ലാം അഞ്ച് ശതമാനമാണ് കമ്മീഷനെങ്കിൽ അവിടെയത് 15 ശതമാനമാണ്. തന്റെ ഭരണാവസാനം വരെ ഇത് അനുവദിച്ചിരുന്നില്ലെന്നും സത്യപാൽ വ്യക്തമാക്കി. ഏത് ഫയലുകൾ സംബന്ധിച്ചാണ്  പരാമർശമെന്ന് സത്യപാൽ വിശദീകരിച്ചിട്ടില്ല. 
 

click me!