
ലഖ്നൗ: ഉത്തര്‍പ്രദേശ് ഷിയ വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ സയ്യിദ് വസിം റിസ്വി (Wasim Rizvi ) ഹിന്ദുമതം (Hinduism) സ്വീകരിച്ചു. യുപിയിലെ ദാശ്ന ദേവി ക്ഷേത്രത്തില്‍ എത്തിയാണ് ഇദ്ദേഹം മതംമാറ്റം നടത്തിയത്. ഇവിടുത്തെ ശിവലിംഗത്തില്‍ പാല്‍ അഭിഷേകം നടത്തിയാണ് ഇദ്ദേഹം മതമാറ്റ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത് എന്ന് ലൈവ് ഹിന്ദുസ്ഥാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തിങ്കളാഴ്ച 10.30നായിരുന്ന ചടങ്ങുകള്‍ ആരംഭിച്ചത്. ദാശ്ന ദേവി ക്ഷേത്രത്തിലെ മുഖ്യ പൂജാരി നരിംസിഹാനന്ദ സരസ്വതി ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു. വേദ മന്ത്രങ്ങള്‍ ഉരുവിട്ട റിസ്വി ഹിന്ദുമതത്തിലേക്ക് മാറിയതായി പ്രഖ്യാപിക്കപ്പെട്ടു. ഇനി മുതല്‍ ജിതേന്ദ്ര നാരായണ സിംഗ് ത്വാഗി ( Jitendra Narayan Singh Tyagi) എന്ന പേരില്‍ ആയിരിക്കും അറിയിപ്പെടുക എന്നും സയ്യിദ് വസിം റിസ്വി അറിയിച്ചു.
ലോകത്തിലെ ഏറ്റവും വൈവിദ്ധ്യമുള്ള മതമാണ് ഹിന്ദുമതം, ഡിസംബര്‍ 6 എന്നത് വിശുദ്ധ ദിനമാണെന്നും അതിനാലാണ് ഈ ദിനം തിരഞ്ഞെടുത്തത് എന്നും പ്രസ്താവിച്ചു. ബാബറി മസ്ജിദ് 1992 ല്‍ തകര്‍ത്തതിന്‍റെ വാര്‍ഷിക ദിനമാണ് ഡിസംബര്‍ 6.
അതേ സമയം കഴിഞ്ഞ മാസം ഇറങ്ങിയ മുഹമ്മദ് എന്ന പുസ്തകത്തിലൂടെ വിവാദത്തിലായ വ്യക്തിയാണ് സയ്യിദ് വസിം റിസ്വി. ഇതില്‍ പ്രവാചകന്‍ മുഹമ്മദിനെ അപമാനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി റിസ്വിക്കെതിരെ കേസ് എടുക്കാന്‍ വിവിധ സംഘടനകള്‍ യുപി സര്‍ക്കാറിനെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെ ഷിയ വ്യക്തി നിയമ ബോര്‍ഡ് റിസ്വിക്ക് നോട്ടീസും അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് നാടകീയമായി റിസ്വിയുടെ മതം മാറ്റം.
കഴിഞ്ഞ നവംബര്‍ 4ന് ഗാസിയബാദിലെ ദാശ്ന ദേവി ക്ഷേത്രത്തില്‍ വച്ച് തന്നെയാണ് മുഹമ്മദ് എന്ന പുസ്തകവും പുറത്തിറക്കിയത്. പിന്നീട് നവംബര്‍ 15ന് പുസ്തകത്തിന്‍റെ കവര്‍ ചിത്രം ഇദ്ദേഹം ഫേസ്ബുക്കില്‍ ഇട്ടതിന് പിന്നാലെയാണ് വിവാദം ഉയര്‍ന്നത്. ഷിയ വിഭാഗം മാത്രമല്ല സുന്നി വിഭാഗവും റിസ്വിയുടെ പുസ്തകത്തിനെതിരെ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ ഖുറാനിലെ ചില വരികള്‍ തന്റെ പുസ്തകത്തില്‍ ചോദ്യം ചെയ്യുന്നതാണ് ചിലരെ ചൊടിപ്പിക്കുന്നത് എന്നാണ് റിസ്വിയുടെ വാദം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam