
ദില്ലി: നാഗാലാൻഡ് വെടിവയ്പ്പിൽ (Nagaland shooting) പ്രതിഷേധം കനക്കുന്നതിനിടെ കോൺഗ്രസ് സംഘം (Congress) സംസ്ഥാനത്തേക്ക്. നാലംഗ സംഘം നാഗാലാൻഡ് സന്ദർശിക്കും. എഐസിസി ജനറൽ സെക്രട്ടറി ജിതേന്ദ്ര സിംഗ്, നാഗാലാൻഡിൻ്റെ ചുമതലയുള്ള അജോയ് കുമാർ ഗൗരവ് ഗൊഗോയി എന്നിവരോടൊപ്പം ആൻ്റോ ആൻ്റണി എംപിയും സംഘത്തിലുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ സമിതി സോണിയാഗാന്ധിക്ക് റിപ്പോർട്ട് നൽകും.
വെടിവയ്പ്പ് സംഭവത്തിൽ സൈന്യത്തിന്റെ ആഭ്യന്തര അന്വേഷണം തുടങ്ങിയിട്ടുണ്ട്. നാഗാലാൻഡ് വെടിവെപ്പിൽ സൈന്യത്തിനെതിരെ വലിയ പ്രതിഷേധം ഉയരുന്നതിനിടെയാണ് ആഭ്യന്തര അന്വേഷണം. മേജർ ജനറൽ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അന്വേഷണ ചുമതല. ഇന്റലിജൻസ് വീഴ്ച പ്രദേശവാസികളുമായ നടന്ന സംഘർഷം അടക്കമുള്ള കാര്യങ്ങൾ സൈന്യം അന്വേഷിക്കും.
സൈന്യത്തിനെതിരെ നാഗാലാൻഡ് പൊലീസ് കേസ് എടുത്തിട്ടുണ്ട്. പ്രത്യേക യൂണിറ്റായ ഇരുപത്തിയൊന്നാം പാരാസെപ്ഷ്യൽ ഫോഴ്സിലെ സൈനികര്‍ക്ക് എതിരെയാണ് പൊലീസ് കേസ്. യാതൊരു പ്രകോപനവും ഇല്ലാതെ ഗ്രാമീണര്‍ സഞ്ചരിച്ച വാഹനത്തിന് നേര്‍ക്ക് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് എഫ്ഐആറില്‍ പറയുന്നത്.
കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ സഹായധനം പ്രഖ്യാപിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് കേന്ദ്രം പതിനൊന്ന് ലക്ഷവും നാഗാലാൻഡ് 5 ലക്ഷം രൂപയുമാണ് സഹായം പ്രഖ്യാപിച്ചത്. കൊല്ലപ്പെട്ട ഗ്രാമീണരുടെ മൃതദേഹം സംസ്കരിച്ചു. നാഗാലൻഡിന് ഇത് കറുത്ത ദിനമാണെന്നും നിരപരാധികളെ സുരക്ഷ സേന വധിച്ചെന്നും മുഖ്യമന്ത്രി നെയ്ഫിയു റിയോ പറഞ്ഞു. അഫ്സ്പാ നിയമം പിൻവലിക്കണമെന്നും റിയോ ആവശ്യപ്പെട്ടു. നേരത്തെ ഈ ആവശ്യം ഉന്നയിച്ച് മേഘാലയ മുഖ്യമന്ത്രി കൊണ്‍റാഡ് സാങ്മ രംഗത്തെത്തിയിരുന്നു.
സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ പ്രതിഷേധം തുടരുകയാണ്. പട്രോളിങ് നടത്തുകയായിരുന്ന സൈന്യത്തിന് നേരെ കൊഹിമയില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. ചില വിഘടനവാദി സംഘടനകളും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam