കടുപ്പിച്ച് ഇന്ത്യ: ചിനാബ് നദിയിലെ സലാൽ ഡാമിൽ നിന്നുള്ള ജലമൊഴുക്കും നിയന്ത്രിച്ചു

Published : May 05, 2025, 04:31 PM ISTUpdated : May 05, 2025, 04:39 PM IST
കടുപ്പിച്ച് ഇന്ത്യ: ചിനാബ് നദിയിലെ സലാൽ ഡാമിൽ നിന്നുള്ള ജലമൊഴുക്കും നിയന്ത്രിച്ചു

Synopsis

ബഗ്ളിഹാർ ഡാമിൽ നിന്നുള്ള ഒഴുക്ക് നേരത്തെ കുറച്ചിരുന്നു.

ദില്ലി: പഹൽ​ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരെയുള്ള നടപടികൾ കടുപ്പിച്ച് ഇന്ത്യ. ചിനാബ് നദിയിലെ സലാൽ ഡാമിൽ നിന്നുള്ള ജലമൊഴുക്കും ഇന്ത്യ നിയന്ത്രിച്ചിരിക്കുകയാണ്. ബഗ്ളിഹാർ ഡാമിൽ നിന്നുള്ള ഒഴുക്ക് നേരത്തെ കുറച്ചിരുന്നു.

അതേ സമയം, പാകിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് കുറയ്ക്കാൻ തുടർനടപടികൾ ഇന്ത്യ സ്വീകരിക്കുന്നതിനിടെ യുഎൻ രക്ഷാ സമിതിയുടെ അടിയന്തര യോഗം ഇന്ന്. സംഘർഷം ഒഴിവാക്കണമെന്ന പ്രസ്താവന യോഗം ഇറക്കിയേക്കും. കൂടുതൽ ഡാമുകളിൽ നിന്ന് ജലമൊഴുക്ക് തടയുന്നത് പരിശോധിക്കാൻ അൻപതിലധികം വിദഗ്ധരെ ഇന്ത്യ നിയോഗിച്ചു. ഇവരെ ഇന്ത്യ കശ്മീരിലേക്കയച്ചു.

ജലം തടഞ്ഞാൽ യുദ്ധം എന്ന് നേരത്തെ പറഞ്ഞ പാകിസ്ഥാൻ ഇപ്പോൾ സഹായത്തിനായി യുഎൻ രക്ഷാ സമിതിയേയും റഷ്യയേയും സമീപിക്കുകയാണ്. യുഎൻ രക്ഷാസമിതിയിൽ സ്ഥിരം അല്ലാത്ത പത്ത് അംഗരാജ്യങ്ങളിൽ നിലവിൽ പാകിസ്ഥാനുമുണ്ട്. ഈ സാഹചര്യത്തിലാണ് രഹസ്യയോഗം വിളിക്കണം എന്ന പാകിസ്ഥാന്റെ ആവശ്യം അംഗീകരിച്ചത്. നേരത്തെ പഹൽഗാം ആക്രമണത്തെ അപലപിച്ച് രക്ഷാ സമിതി പ്രമേയം പാസ്സാക്കിയിരുന്നു.

ഇതിൽ ഇന്ത്യയുമായി പാകിസ്ഥാൻ സഹകരിക്കണം എന്ന ഭാഗം ഒഴിവാക്കാൻ ചൈന ഇടപെട്ടിരുന്നു. ഇന്ത്യ സിന്ധുനദീജല കരാർ മരവിപ്പിച്ചത് അടക്കം വിഷയങ്ങൾ ഇന്നത്തെ പ്രമേയത്തിൽ കൊണ്ടു വരാനാണ് പാകിസ്ഥാൻ നീക്കം. ചിനാബ് നദിയിലെ ബഗ്ലിഹാർ ഡാമിൽ നിന്നുള്ള ജലമൊഴുക്ക് ഇന്നലെ ഇന്ത്യ കുറച്ചിരുന്നു. ഡാമിൽ നിന്നുള്ള ഒഴുക്ക് കുറച്ചു ദിവസത്തേക്ക് നിറുത്തി വയ്ക്കാനാണ് ആലോചന. കശ്മീരിലെ വുളർ തടാകത്തിനടുത്ത് തടയണ നിർമ്മിക്കാനുള്ള നീക്കവും ഇന്ത്യ സജീവമാക്കും. 

കിഷൻഗംഗ, രത്ലെ ഡാമുകളിലെ തർക്കത്തിൽ ലോകബാങ്ക് നേരത്തെ ഇടപെട്ടിരുന്നു. ഇനി മധ്യസ്ഥത വേണ്ട എന്ന് ഇന്ത്യ ലോകബാങ്കിനെ അറിയിച്ചു. ആഗസ്റ്റിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കേണ്ടതില്ലെന്നും ഇന്ത്യ തീരുമാനിച്ചു. ആറ് ജലവൈദ്യുത പദ്ധതികളും തടയണകളും നിർമ്മിക്കുന്നത് ആലോചിക്കാൻ 50 എഞ്ചിനീയർമാരെ ഇന്ത്യ കശ്മീരിലേക്കയച്ചു. ഇതിനിടെ തിരിച്ചടിക്കുള്ള തയ്യാറെടുപ്പ് കേന്ദ്രം തുടരുകയാണ്. സേന മേധാവികൾക്കു പിന്നാലെ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗും ഇന്ന് പ്രധാനമന്ത്രിയെ കണ്ടു.

PREV
Read more Articles on
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു