
ധൗസ: രാജസ്ഥാനിലെ ധൗസയിൽ കുഴൽ കിണറിൽ വീണു 5 വയസുകാരന്റെ മരണകാരണം ശ്വാസനാളിയിൽ വെള്ളം കയറിയതെന്ന് പോസ്റ്റമോർട്ടം റിപ്പോർട്ട്. 55 മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവർത്തനത്തിൽ കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. ഇതിന് പിന്നാലെ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് മരണകാരണം വ്യക്തമായത്. കുഴൽക്കിണറിൽ വീണ കുട്ടി മരിച്ചിട്ട് 36 മണിക്കൂറായെന്നാണ് പോസ്റ്റമോർട്ടത്തിൽ വ്യക്തമായത്. വ്യാഴാഴ്ച രാവിലെയാണ് പോസ്റ്റ്മോർട്ടം നടത്തിയത്. വെള്ളമുള്ള കുഴൽക്കിണറിൽ തലകീഴായി ആയിരിക്കാം അഞ്ച് വയസുകാരൻ വീണതെന്നാണ് നിരീക്ഷണം.
തിങ്കളാഴ്ച വൈകിട്ടാണ് കുട്ടി കുഴൽ കിണറിൽ വീണത്. കാലിഘാത് ഗ്രാമത്തിലെ പാടശേഖരത്തിന് സമീപം കളിക്കുന്നതിനിടയാണ് അഞ്ചുവയസ്സുകാരൻ ആര്യൻ കുഴൽക്കിണറിൽ വീണത്. കുട്ടി കുഴൽക്കിണറിൽ വീണെന്ന് വ്യക്തമായി ഒരു മണിക്കൂറിനുള്ളിൽ ആരംഭിച്ച രക്ഷാപ്രവർത്തനം 55 മണിക്കൂറിലേറെ നീണ്ടിരുന്നു. കുട്ടി വീണ കുഴൽക്കിണറിന് സമാന്തരമായി ഡ്രില്ലിംഗ് മെഷീൻ ഉപയോഗിച്ച് മറ്റൊരു കുഴി കുഴിച്ച് അഞ്ച് വയസുകാരനെ പുറത്തെത്തിക്കാൻ ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും ഒന്നിച്ചാണ് പ്രവർത്തിച്ചത്.
ഒരു പൈപ്പിലൂടെ ആര്യൻ വീണ കുഴൽക്കിണറിനുള്ളിലേക്ക് ഓക്സിജൻ നിരന്തരമായി നൽകുന്നതിനിടയിലായിരുന്നു സമാന്തരമായി കുഴിയുടെ പ്രവർത്തനം നടന്നത്. തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ ആണ് ആര്യൻ കുഴൽക്കിണറിനുള്ളിൽ വീണത്. ചൊവ്വാഴ്ച മുതൽ എക്സ്സിഎംജി 180 പൈലിംഗ് റിഗ് മെഷീൻ അടക്കമുള്ളവ ഉപയോഗിച്ചാണ് സമാന്തരമായ കുഴി കുഴിച്ചത്. 150 അടിയിലേറെ ആഴമുള്ള സമാന്തര കുഴിയാണ് രക്ഷാദൌത്യം കുഴിച്ചത്. മേഖലയിൽ 160 അടിയിൽ തന്നെ ജല സാന്നിധ്യമുള്ളതും കുഞ്ഞിന്റെ ചലനം തിരിച്ചറിയാൻ സാധിക്കാതിരുന്നതുമെല്ലാം രക്ഷാപ്രവർത്തനത്തിൽ വലിയ വെല്ലുവിളി സൃഷ്ടിച്ചതായി അധികൃതർ നേരത്തെ തന്നെ പ്രതികരിച്ചിരുന്നു. 150 അടിയോളം കുഴിച്ച ശേഷം സംരക്ഷിത കവചവുമായി രക്ഷാപ്രവർത്തകർ കുഴിയിലേക്ക് ഇറങ്ങിയായിരുന്നു കുട്ടിയെ പുറത്തേക്ക് എത്തിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam