
ചെന്നൈ: വരള്‍ച്ച രൂക്ഷമായതോടെ ചെന്നൈയിലേക്ക് വെള്ളവുമായി ജലതീവണ്ടികള്‍ പുറപ്പെടുന്നു. ജോലാര്‍പേട്ടയില്‍ നിന്ന് ചെന്നൈയിലേക്ക് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വെള്ളവുമായി തീവണ്ടികള്‍ പുറപ്പെടും. ഓരോ ട്രിപ്പിനും 8.6 ലക്ഷം രൂപയാണ് ദക്ഷിണ റെയില്‍വേ ഈടാക്കുന്നത്.
204 കിലോമീറ്റര്‍ സഞ്ചരിച്ച് ചെന്നൈയിലെത്താന്‍ അഞ്ച് മുതല്‍ ഏഴ് മണിക്കൂര്‍ വരെ സമയം വേണ്ടി വരും. ഓരോ വാഗണിലും 55,000 ലിറ്റര്‍ വെള്ളമാണുള്ളത്. ഒരു ലിറ്റര്‍ വെള്ളത്തിന് 34 പൈസ വീതമാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവാകുന്നത്. ഇത്തരത്തില്‍ ഓരോ ദിവസവും മൂന്ന് ട്രിപ്പുകള്‍ വീതമുണ്ട്. എന്നാല്‍ ചെന്നൈയിലെത്തുമ്പോള്‍ ഇതില്‍ നിന്ന് 10 മുതല്‍ 15 ശതമാനം വരെ ജലം തുളുമ്പിപ്പോകുമെന്നാണ് കണക്കാക്കുന്നത്.
വില്ലിവാക്കത്തെ നോര്‍ത്ത് ജഗന്നാഥ് നഗറിലാണ് ജലം എത്തിക്കുന്നത്. ജോലാര്‍പ്പേട്ടയ്ക്ക് അടുത്തുള്ള മേട്ടുചക്രകുപ്പത്തെ ടാങ്കില്‍ നിന്ന് വെല്ലൂര്‍ ശുദ്ധജല വിതരണ പദ്ധതി പ്രകാരം 2.5 കിലോമീറ്റര്‍ നീളത്തില്‍ പൈപ്പ് സ്ഥാപിച്ചാണ് വെള്ളം ട്രെയിനിലെ വാഗണുകളിലേക്ക് എത്തിക്കുന്നത്. ഭൂഗര്‍ഭജലത്തിന്‍റെ തോത് വര്‍ധിക്കുന്നത് വരെ ആറുമാസത്തേക്ക് ഇത്തരത്തില്‍ വെള്ളമെത്തിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam