കർണാടകത്തിൽ പന്ത് ഗവർണറുടെ കോർട്ടിൽ: ഇനിയുള്ള സാധ്യതകളെന്ത്? കണക്കിലെ കളിയെന്ത്?

Published : Jul 09, 2019, 04:15 PM ISTUpdated : Jul 09, 2019, 05:44 PM IST
കർണാടകത്തിൽ പന്ത് ഗവർണറുടെ കോർട്ടിൽ: ഇനിയുള്ള സാധ്യതകളെന്ത്? കണക്കിലെ കളിയെന്ത്?

Synopsis

തൽക്കാലം സഖ്യസർക്കാരിന് സമയം നൽകുകയാണ് സ്പീക്കർ കെ ആർ രമേശ് കുമാർ. പക്ഷേ, നിയമസഭാ സമ്മേളനം നടക്കുന്നത് വരെ മാത്രമേ സ്പീക്കർക്ക് അത്തരത്തിൽ സമയം നൽകാനാകൂ. പിന്നെയെല്ലാം ഗവർണറുടെ കോർട്ടിലാണ്. കർണാടകത്തിലെ കർ'നാടകം' എന്തൊക്കെ?

ബെംഗളുരു: 'പൂഴിക്കടകൻ' പുറത്തെടുത്തിരിക്കുകയാണ് ദൾ - കോൺഗ്രസ് നേതൃത്വങ്ങൾ. എങ്ങനെയെങ്കിലും കർണാടക സർക്കാരിനെ നിലനിർത്തുകയെന്നത് മാത്രമാണ് ലക്ഷ്യം. രാജി നിയമപരമല്ലെന്ന് പറഞ്ഞും, ചട്ടപ്രകാരം രാജി വച്ചവർ നേരിട്ട് വരണമെന്ന് പറഞ്ഞും, തൽക്കാലം സഖ്യസർക്കാരിന് സമയം നൽകുകയാണ് സ്പീക്കർ കെ ആർ രമേശ് കുമാർ. പക്ഷേ, നിയമസഭാ സമ്മേളനം നടക്കുന്നത് വരെ മാത്രമേ സ്പീക്കർക്ക് അത്തരത്തിൽ സമയം നൽകാനാകൂ. പിന്നെയെല്ലാം ഗവർണറുടെ കോർട്ടിലാണ്.

ബിജെപിയെ വിളിച്ച് സർക്കാരുണ്ടാക്കാൻ ക്ഷണിക്കണോ അതോ രാഷ്ട്രപതിഭരണം പ്രഖ്യാപിക്കണോ എന്നതെല്ലാം ഗവർണർ വാജുഭായ് വാല തീരുമാനിക്കും. ഇത് പരമാവധി ഒഴിവാക്കാനാണ് കോൺഗ്രസും ദളും ശ്രമിക്കുന്നത്. 

 

 

ആകെ കർണാടക നിയമസഭയിൽ അംഗസംഖ്യ - 225 (സ്പീക്കറെയും നോമിനേറ്റഡ് അംഗത്തെയും ചേർത്ത്)

കേവലഭൂരിപക്ഷം - 113 

കോൺഗ്രസ് + ദൾ + കെപിജെപി + ബിഎസ്‍പി + നോമിനേറ്റഡ് = 119

ബിജെപി - 105

രാജിക്കത്തുകളെല്ലാം സ്വീകരിച്ചാൽ:

11 കോൺഗ്രസ് എംഎൽഎമാരും 3 ജെഡിഎസ് എംഎൽഎമാരുമാണ് രാജി വച്ചത്. രാജിക്കത്തുകൾ സ്വീകരിക്കപ്പെട്ടാൽ, 

225 അംഗ നിയമസഭയിലെ എണ്ണം - 225-14 = 211 ആയി ചുരുങ്ങും.

അപ്പോൾ കേവലഭൂരിപക്ഷത്തിന് വേണ്ട എണ്ണം 211 / 2 = 106 (105.5 എന്ന സംഖ്യ 106 തന്നെയായി കണക്കാക്കും) 

അധികാരം കിട്ടാൻ വേണ്ട എണ്ണം = 106 + 1 = 107. 

ഇതിനിടെ സഖ്യസർക്കാരിനുള്ള പിന്തുണ പിൻവലിച്ച്, സ്വതന്ത്രൻ എച്ച് നാഗേഷ് മന്ത്രിപദവി രാജി വച്ച്, ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഒരംഗം കൂടി സഖ്യസർക്കാരിൽ നിന്ന് കുറഞ്ഞു. കെപിജെപിയും പിന്തുണ പിൻവലിച്ച് ബിജെപിക്കൊപ്പം പോയി. കൂടെ ഒരു കോൺഗ്രസ് എംഎൽഎ റോഷൻ ബെയ്‍ഗ് രാജി വച്ചു. ഇതോടെ,

കോൺഗ്രസിന്‍റെയും ജെഡിഎസ്സിന്‍റെയും അംഗസംഖ്യ = 119 - 6 = 103

ബിജെപി - 105 + 2 (സ്വതന്ത്രന്‍റെയും കെപിജെപിയുടെയും പിന്തുണ) = 107  

രാജി വച്ച എംഎൽഎമാരായ സ്വതന്ത്രൻ എച്ച് നാഗേഷും, കെപിജെപി എംഎൽഎ ആർ ശങ്കറും ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. നിയമസഭയിൽ 105 എംഎൽഎമാർ സ്വന്തമായുള്ള ബിജെപിക്ക് ഇതോടെ 107 ആയി ഭൂരിപക്ഷം എന്നാണ് യെദിയൂരപ്പ അവകാശപ്പെടുന്നത്. 14 പേരുടെ രാജി അംഗീകരിച്ച് കഴിഞ്ഞാൽ 225 അംഗനിയമസഭയിൽ 211 ആയി ചുരുങ്ങും. ഇതോടെ അധികാരമുറപ്പിക്കാനുള്ള അംഗസംഖ്യ, അതായത് കേവലഭൂരിപക്ഷം 106 ആയി കുറയും. അതായത് അധികാരത്തിലേറാൻ 107 എംഎൽഎമാർ മതിയെന്നർത്ഥം. ഈ 107 സ്വന്തം കയ്യിലുണ്ടെന്നാണ് യെദിയൂരപ്പ പറയുന്നത്. 

ഇന്നത്തെ നിയമസഭാകക്ഷി യോഗത്തിന് വരാത്തവർ 

ആകെ - 18

ഇതിൽ വിമതർ - 11

മറ്റ് എംഎൽഎമാർ - 7

വിശദീകരണം നൽകിയത് - 6 പേർ 

വിശദീകരണം നൽകാതെ മാറി നിന്നത് - 1 എംഎൽഎ

കൂറുമാറ്റ നിരോധന നിയമ പ്രകാരം അയോഗ്യരാക്കാൻ ശുപാർശ - 10 പേർക്കെതിരെ മാത്രം (റോഷൻ ബെയ്‍ഗിനെതിരെ നടപടി ആവശ്യപ്പെട്ടേക്കില്ല, ആദ്യം രാജി വച്ചവർക്ക് എതിരെ മാത്രം)

കർണാടക സർക്കാരിന്‍റെ ഭാവി സാധ്യതകൾ

സാധ്യത 1:

എല്ലാ വിമത എംഎൽഎമാരും വാഗ്ദാനം സ്വീകരിച്ച് തിരിച്ചുവന്നാൽ, സർക്കാർ താഴെ വീഴില്ല. പക്ഷേ, പുതിയ മന്ത്രിസഭയുണ്ടാകും. മന്ത്രിമാരെല്ലാം മാറും. ഈ നീക്കവുമായാണ് ഇപ്പോൾ കോൺഗ്രസ് - ദൾ നേതാക്കൾ മുന്നോട്ടുപോകുന്നത്. 

അങ്ങനെയെങ്കിൽ കുമാരസ്വാമി മാറുമോ? സാധ്യതകളിങ്ങനെയാണ്: കുമാരസ്വാമി മുഖ്യമന്ത്രിയായി തുടരുകയോ അതല്ലെങ്കിൽ കോൺഗ്രസിൽ നിന്ന് മറ്റൊരു മുഖ്യമന്ത്രി വരികയോ ചെയ്യും

സാധ്യത 2:

എല്ലാ രാജിക്കത്തുകളും അംഗീകരിച്ചാൽ ഇപ്പോഴത്തെ കണക്കുകൾ നോക്കിയാൽ, ബിജെപിക്കും സാധ്യതകളുണ്ട്. ബിജെപിക്ക് ഇപ്പോൾ ഒരു സ്വതന്ത്രനെക്കൂടി കിട്ടിയിട്ടുണ്ട്. ഇപ്പോൾ കൃത്യം കേവലഭൂരിപക്ഷത്തിലാണ് ബിജെപി നിൽക്കുന്നത്. 107 പേർ. കോൺഗ്രസ് - ജെഡിഎസ് സഖ്യത്തിൽ 103 പേ‍ർ മാത്രം. 

അങ്ങനെയെങ്കിൽ സർക്കാർ താഴെ വീഴും. ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിൽ യെദിയൂരപ്പയെ സർക്കാരുണ്ടാക്കാൻ ഗവർണർക്ക് ക്ഷണിക്കാം. 

സാധ്യത 3: 

എല്ലാ രാജിക്കത്തുകളും അംഗീകരിച്ചാൽ ആർക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയാകും. അങ്ങനെയെങ്കിൽ ഗവർണർക്ക് ആരെയും സർക്കാരുണ്ടാക്കാൻ ക്ഷണിക്കാതെ നിയമസഭ പിരിച്ചു വിട്ട് തെരഞ്ഞെടുപ്പിന് ശുപാർശ ചെയ്യാം. 

അങ്ങനെയെങ്കിൽ ഗവർണർക്ക് തെരഞ്ഞെടുപ്പ് നടക്കുംവരെ കുമാരസ്വാമിയെ കാവൽ മുഖ്യമന്ത്രിയായി നിലനിർത്താം, അതല്ലെങ്കിൽ രാഷ്ട്രപതി ഭരണത്തിന് ശുപാർശ ചെയ്യാം

സാധ്യത 4:

ഏറ്റവും വിദൂരമായ ഒരു സാധ്യത തൂക്ക് നിയമസഭ വരുമെന്നതാണ്. കോൺഗ്രസ് സഖ്യത്തിൽ നിന്ന് പിൻമാറിയാൽ സഭയിൽ ആർക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥ വരും. അങ്ങനെയെങ്കിൽ സഭയിലെ കേവലഭൂരിപക്ഷം 113 ആയിത്തന്നെ നിലനിർത്താം. ബിജെപിക്ക് സർക്കാരുണ്ടാക്കാനാകില്ല. തൽക്കാലം ബിജെപിയെ ഭരണത്തിൽ നിന്ന് മാറ്റി നിർത്താൻ ഇരുപാർട്ടികൾക്കും കഴിയും.

അപ്പോൾ ഗവർണർക്ക് തെരഞ്ഞെടുപ്പ് നടത്താൻ പ്രഖ്യാപിച്ചേ തീരൂ. അങ്ങനെയെങ്കിൽ ഗവർണർക്ക് തെരഞ്ഞെടുപ്പ് നടക്കുംവരെ കുമാരസ്വാമിയെ കാവൽ മുഖ്യമന്ത്രിയായി നിലനിർത്താം, അതല്ലെങ്കിൽ രാഷ്ട്രപതി ഭരണത്തിന് ശുപാർശ ചെയ്യാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ബിജെപിയുടെ കണ്ണിലൂടെ ആർഎസ്എസിനെ കാണരുത്, മറ്റൊന്നുമായും താരതമ്യം ചെയ്യാനാവില്ല'; ആർഎസ്എസ് മേധാവി മോഹൻ ഭാ​ഗവത്
ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയിൽ ആശങ്ക അറിയിച്ച് ഇന്ത്യ; പ്രസ്താവന അംഗീകരിക്കാതെ ബംഗ്ലാദേശ്