
ദില്ലി:കൊവിഡ് പ്രതിസന്ധിയിൽ രാഷ്ട്രീയം കളിക്കുകയല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മണ്ടവ്യ രാജ്യസഭയിൽ വ്യക്തമാക്കി.ഹിമാചൽ പ്രദേശിൽ മുഖ്യമന്ത്രിക്ക് വരെ രോഗം സ്ഥിരീകരിച്ചു.സാഹചര്യം കണക്കിൽ എടുത്താണ് രാജസ്ഥാൻ മുഖ്യമന്ത്രിക്കും രാഹുൽ ഗാന്ധിക്കും കത്തയച്ചത്.ഈ സാഹചര്യത്തിൽ മുൻകരുതൽ എടുക്കേണ്ടത് ആരോഗ്യ മന്ത്രി എന്ന നിലയിൽ തൻ്റെ ഉത്തരവാദിത്തമാണ്.കോവിഡ് വ്യാപനം കൂടിയ രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാരിൽ രണ്ട് ശതമാനം പേരിൽ പരിശോധന നടത്തും.ഈ പരിശോധനയുടെ ഫലത്തിന്‍റെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ പരിശോധനയുടെ എണ്ണം കൂട്ടണം എന്ന് തീരുമാനിക്കും.ആവശ്യമെങ്കിൽ വിദേശത്തുനിന്നെത്തുന്ന എല്ലാവർക്കും പരിശോധന നിർബന്ധമാക്കും.ഇക്കാര്യത്തിൽ ലോകാരോഗ്യ സംഘടനയുമായി ആശയവിനിമയം നടത്തി തീരുമാനം എടുക്കുമെന്നും മന്ത്രി പറഞ്ഞു.
കൊവിഡ് വീണ്ടും ആശങ്ക ഉയർത്തുമ്പോൾ പാർലമെന്‍റിന്‍റെ ഇരുസഭകളിലെയും അദ്ധ്യക്ഷൻമാർ മാസ്ക് ധരിക്കാനുള്ള നിർദ്ദേശം അംഗങ്ങൾക്ക് നല്കി .കൊവിഡ് മാർഗ്ഗനിർദ്ദേശങ്ങൾക്കു ശേഷം ഇരിപ്പിടങ്ങൾ മാറ്റി നിശ്ചയിച്ചത് പോലുള്ള നിയന്ത്രണങ്ങൾ നീക്കിയാണ് ശൈത്യകാല സമ്മേളനം തുടങ്ങിയത്. എന്നാൽ പല രാജ്യങ്ങളിലും കൊവിഡ് പടരുന്ന സാഹചര്യത്തിൽ ജാഗ്രത വേണമെന്ന് സ്പീക്കറും രാജ്യസഭ അദ്ധ്യക്ഷനും നിർദ്ദേശിച്ചു. അംഗങ്ങൾക്ക് മാസ്ക് വിതരണം ചെയ്യാൻ ഉദ്യോഗസ്ഥർക്ക് സ്പീക്കർ നിർദ്ദേശം നല്കി.ആരോഗ്യമന്ത്രി ഇന്നലെ വിളിച്ച ഉന്നതതല യോഗത്തിലും മാസ്ക് ധരിച്ചാണ് എല്ലാവരും പങ്കെടുത്തത്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നവർ മാസ്ക് ധരിക്കണം എന്ന് നിർദ്ദേശിച്ച് ആരോഗ്യമന്ത്രി കത്തെഴുതിയതിന് പിന്നാലെയാണ് പാർലമെൻറിൽ ഇതിനുള്ള നിർദ്ദേശം കർശനമാക്കുന്നത്
കൊവിഡ് മാനദണ്ഡങ്ങൾ കർശനമാക്കാൻ കേന്ദ്രം; മാസ്ക് വീണ്ടും നിർബന്ധമാക്കാൻ സാധ്യത
കൊവിഡ് വ്യാപനം: സംസ്ഥാനത്ത് പൊതുജാഗ്രതാ നിർദ്ദേശം, ആശങ്കപ്പെടേണ്ടെന്ന് മന്ത്രി വീണ ജോർജ്ജ്