'മോദിയെ കൊല്ലുമെന്ന് മുദ്രാവാക്യം വിളിക്കാൻ ഷഹീൻബാ​ഗിലെ കുട്ടികളെ പരിശീലിപ്പിക്കുന്നു': സ്മൃതി ഇറാനി

By Web TeamFirst Published Feb 22, 2020, 1:53 PM IST
Highlights

വിഷലിപ്തമായ അന്തരീക്ഷമാണ് ഷഹീൻബാ​ഗിൽ നിലനിൽക്കുന്നതെന്നും അതിനാൽ അവരോട് സംവദിക്കാൻ കഴിയില്ലെന്നുമായിരുന്നു ഷഹീൻബാ​ഗ് സമരത്തെക്കുറിച്ചുള്ള ചോദ്യത്തിന് സ്മൃതി ഇറാനി നൽകിയ മറുപടി. 

ലക്നൗ: പാകിസ്ഥാൻ പോലെയുള്ള ഒരു രാജ്യത്ത് മതപീഡനം അനുഭവിക്കുന്ന അമുസ്ലീമായ പൗരൻമാർക്ക് പൗരത്വം നൽകുന്നതിൽ അഭിമാനം തോന്നുന്നുവെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പൗരത്വ നിയമ ഭേദ​ഗതിയെ അനുകൂലിച്ചായിരുന്ന സ്മൃതി ഇറാനിയുടെ വാക്കുകൾ. ''സിഖ്, ഹിന്ദു സമുദായങ്ങളിൽ പെട്ട പെൺകുട്ടികൾക്ക് ബലാത്സം​ഗത്തിന് ഇരയാകേണ്ടിവരികയും തങ്ങളെ ഇരയാക്കിയവരെ നിർബന്ധിതമായി വിവാഹം കഴിക്കേണ്ടി വരികയും ചെയ്ത സംഭവങ്ങളുണ്ട്. ഇന്ത്യയിൽ അഭയം തേടാൻ ആ​ഗ്രഹിക്കുന്നവരാണ് അത്തരക്കാർ‌. അവർ ആ​ഗ്രഹിക്കുന്ന രീതിയിലുള്ള അഭയം നൽകാൻ സാധിക്കുമെന്നതിൽ അഭിമാനമുണ്ട്.'' സ്മൃതി ഇറാനി വ്യക്തമാക്കി.

വിഷലിപ്തമായ അന്തരീക്ഷമാണ് ഷഹീൻബാ​ഗിൽ നിലനിൽക്കുന്നതെന്നും അതിനാൽ അവരോട് സംവദിക്കാൻ കഴിയില്ലെന്നുമായിരുന്നു ഷഹീൻബാ​ഗ് സമരത്തെക്കുറിച്ചുള്ള ചോദ്യത്തിന് സ്മൃതി ഇറാനി നൽകിയ മറുപടി. ''ഞങ്ങൾ മോദിയെ കൊല്ലും എന്ന് മുദ്രാവാക്യം മുഴക്കാൻ കുട്ടികളെ പരിശീലിപ്പിക്കുമ്പോൾ എന്താണ് പറയാൻ കഴിയുക? ആളുകൾ ‘ഭാരത് തെരേ തുക്ഡെ ഹോഗേ’ ( ഇന്ത്യയെ നിങ്ങള്‍ കഷ്ണമാക്കും) എന്ന് പറയുമ്പോൾ നിങ്ങൾക്ക് എന്താണ് പറയാന്‍  സാധിക്കുന്നത്? ഞങ്ങൾ 15 കോടി ആണെന്ന് പറയുന്നവരോട് നിങ്ങൾക്ക് എന്താണ് പറയാൻ സാധിക്കുക?'' സ്മൃതി ഇറാനി ചോദിക്കുന്നു. 

പ്രതിഷേധക്കൂട്ടായ്മയിലേക്ക് കുട്ടികളെ കൊണ്ടുവരുന്നത് എന്തിനാണെന്നും സ്മൃതി ഇറാനി ചോദിച്ചു. ഷഹീന്‍ബാഗില്‍ പ്രതിഷേധത്തില്‍ കൊണ്ടുവന്ന നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നും അവർ കൂട്ടിച്ചേർത്തു. പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. ഷഹീൻബാ​ഗിൽ ഭിന്നതയുടെ മുദ്രാവാക്യങ്ങൾ മുഴക്കുന്ന നേതാക്കള്‍ പണ്ഡിറ്റുകളെ കശ്മീരിൽ നിന്ന് പുറത്താക്കിയപ്പോൾ എന്തുകൊണ്ടാണ്  ആശങ്ക പ്രകടിപ്പിക്കാത്തതെന്നും അവർ ചോദിച്ചു.

click me!