വിവാഹ ദിവസം പരിശോധനഫലം വന്നു; വരനും അച്ഛനും കൊവിഡ്, ചടങ്ങ് മാറ്റിവച്ചു

By Web TeamFirst Published Jun 21, 2020, 9:00 PM IST
Highlights

വരനെയും പിതാവിനെയും ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. വരന്റെ കുടുംബാംഗങ്ങളെ ക്വാറന്റീനിലാക്കുകയും ചെയ്തു.
 

ലഖ്നൗ: വരനും അച്ഛനും കൊവിഡ് 19 സ്ഥിരീകരിച്ചതിന് പിന്നാലെ വിവാഹം മാറ്റിവച്ചു. ഉത്തർപ്രദേശിലെ അമേഠി ജില്ലയിലാണ് സംഭവം. വിവാഹ ദിവസം രാവിലെയാണ് ഇരുവരുടെയും കൊവിഡ് ഫലം വന്നത്. ഇതോടെ ചടങ്ങ് മാറ്റിവയ്ക്കുകയായിരുന്നു.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു വിവാഹം. പരിശോധനാ ഫലം വരുമ്പോഴേക്കും വിവാഹത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിരുന്നു. വരനും ബന്ധുക്കളും വിവാ​ഹ വേദിയിലേക്കുള്ള ഘോഷയാത്ര തുടങ്ങുകയും ചെയ്തു. അമേഠിയിലെ കാംറൗളി ഗ്രാമത്തിൽ നിന്ന് വിവാഹം നടക്കുന്ന ബരാബങ്കിയിലെ ഹൈദർഗഢിലേക്കാണ് വരന്റെ സംഘം ഘോഷയാത്രയായി പോയത്. 

പിന്നാലെ ആരോഗ്യപ്രവർത്തകർ ഇരുവരെയും തിരഞ്ഞെത്തി ഘോഷയാത്ര മുടക്കുകയായിരുന്നുവെന്ന് 
ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വരനെയും പിതാവിനെയും ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. വരന്റെ കുടുംബാംഗങ്ങളെ ക്വാറന്റീനിലാക്കുകയും ചെയ്തു.

ജൂൺ 15നാണ് ദില്ലിയിൽ നിന്ന് വരനും കുടുംബവും അമേഠിയിൽ എത്തിയത്. പിന്നാലെ എല്ലാവരുടെയും സ്രവങ്ങൾ പരിശോധനയ്ക്ക് അയച്ചിരുന്നു. വരനും പിതാവും പൂർണമായും സുഖം പ്രാപിച്ച ശേഷം വിവാഹം നടത്താനാണ് ഇരു കുടുംബത്തിന്റെയും തീരുമാനം.

click me!