
ദില്ലി: പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സാഹചര്യം വിലയിരുത്തി കേന്ദ്രമന്ത്രിസഭ. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലെ സ്ഥിതിഗതികളും വിവിധ മന്ത്രാലയങ്ങൾ സ്വീകരിച്ച നടപടികളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സുരക്ഷാ കാര്യങ്ങൾക്കുള്ള കാബിനറ്റ് കമ്മിറ്റി (സി സി എസ്) യോഗം ചേർന്ന് അവലോകനം ചെയ്തു. യോഗത്തിൽ ചരക്കു കപ്പലുകളിലെ ഇന്ത്യൻ നാവികർ നേരിടുന്ന ഭീഷണി വിലയിരുത്തിയെന്നും, ഇക്കാര്യം നിരീക്ഷിക്കാൻ പ്രധാനമന്ത്രി നിർദേശം നൽകിയെന്നും കേന്ദ്രസർക്കാർ അറിയിച്ചു. നാവികർക്ക് കൃത്യമായി വിവരങ്ങൾ കൈമാറാനും, അടിയന്തര സഹായങ്ങൾ ഉറപ്പുവരുത്താന് സംവിധാനമൊരുക്കാനും മോദി നിർദേശിച്ചിട്ടുണ്ട്. ഇന്ധന ലഭ്യതയും പ്രവാസികളുടെ സുരക്ഷയും യോഗത്തിൽ ചർച്ചയായി. കീടനാശിനികളുടെ ലഭ്യത ഉറപ്പുവരുത്താനും, പുനരുപയോഗ ഊർജത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കാനും യോഗത്തിൽ നിർദേശം നൽകിയിട്ടുണ്ട്.
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികളും വിവിധ മന്ത്രാലയങ്ങൾ സ്വീകരിച്ച നടപടികളും അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ സുരക്ഷാ കാര്യങ്ങൾക്കുള്ള കാബിനറ്റ് കമ്മിറ്റി (സി സി എസ്) യോഗം ചേർന്നു. വിഷയത്തിൽ ചേരുന്ന നാലാമത്തെ പ്രത്യേക സി സി എസ്. യോഗമാണിത്. നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചും എൽ പി ജി, എൽ എൻ ജി, പെട്രോളിയം ഉൽപ്പന്നങ്ങളുടെ ലഭ്യത, വളം തുടങ്ങിയ ഉറപ്പാക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ചും കാബിനറ്റ് സെക്രട്ടറി യോഗത്തിൽ വിശദീകരിച്ചു. അസംസ്കൃത എണ്ണയുടെ ആവശ്യത്തിന് ലഭ്യത ഉറപ്പാക്കിയതോടെ പൊതുമേഖലാ റിഫൈനറികൾ 100 ശതമാനത്തിലേറെ ശേഷിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഇന്ധന വിതരണം തടസ്സമില്ലാതെ തുടരുമെന്നും യോഗം വിലയിരുത്തി. വരാനിരിക്കുന്ന സീസണിലേക്കുള്ള വളത്തിന്റെ ആവശ്യകതയും ഇതര സ്രോതസ്സുകളും യോഗത്തിൽ ചർച്ച ചെയ്തു. കർഷകർക്ക് തടസ്സമില്ലാതെ വളം ലഭ്യമാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ പ്രധാനമന്ത്രി നിർദ്ദേശം നൽകി. സംഘർഷ മേഖലകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെയും അവരുടെ കുടുംബങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് അടിയന്തര സഹായവും വിവരങ്ങളും നൽകാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദേശത്തുള്ള ഇന്ത്യൻ സമൂഹത്തിന്റെയും പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കാനും നിർദ്ദേശമുണ്ട്. ഊർജ്ജസ്വയംപര്യാപ്തത കൈവരിക്കുന്നതിന് സൗരോർജ്ജം ഉൾപ്പെടെയുള്ള പുനരുപയോഗ ഊർജ്ജ സ്രോതസ്സുകൾക്ക് കൂടുതൽ ഊന്നൽ നൽകണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രതിസന്ധി നേരിടാൻ മുഴുവൻ സർക്കാർ സംവിധാനങ്ങളും സംയോജിതമായി പ്രവർത്തിക്കണമെന്നും സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിക്കുന്നതിനായി ഏകോപിത സംവിധാനം സജ്ജമാക്കണമെന്നും യോഗത്തിൽ പ്രധാനമന്ത്രി നിർദ്ദേശിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam