വിജയവഴിയില്‍ ദീദി; ഭവാനിപ്പൂരില്‍ വമ്പന്‍ വിജയം, മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം

By Web TeamFirst Published Oct 3, 2021, 2:25 PM IST
Highlights

24,396 വോട്ടുകളാണ് ബിജെപി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. ഭവാനിപ്പൂര്‍ മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണ് മമതയ്ക്ക് ലഭിച്ചത്. 

കൊല്‍ക്കത്ത: ഉപതെരഞ്ഞെടുപ്പ് നടന്ന ഭവാനിപ്പൂരിൽ വമ്പന്‍ വിജയവുമായി മമത ബാനര്‍ജി. 58,832 വോട്ടുകളുടെ ഭൂരിപക്ഷമാണ് മമതയ്ക്ക് ലഭിച്ചത്. 24,396 വോട്ടുകളാണ് രണ്ടാം സ്ഥാനത്ത് എത്തിയ ബിജെപി സ്ഥാനാര്‍ത്ഥി പ്രിയങ്ക ട്രിബാളിന് ലഭിച്ചത്. ഭവാനിപ്പൂര്‍ മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണ് മമതയ്ക്ക് ലഭിച്ചത്. വന്‍ വിജയം നേടിത്തന്നതിന് വോട്ടർമാർക്ക് മമത നന്ദി പറഞ്ഞു. ഭവാനിപ്പൂരില്‍ 46 ശതമാനം പേരും ബംഗാളികല്ലാത്തവരാണ്. അവരെല്ലാം തനിക്ക് വോട്ട് ചെയ്തെന്നും മമത പറഞ്ഞു. 

തൃണമൂലിനെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ കേന്ദ്രം ഗൂഡാലോചന നടത്തിയെന്ന വിമര്‍ശനവും മമത ഉന്നയിച്ചു. ജങ്കിപ്പൂരിലും ഷംഷേര്‍ഗഞ്ചിലും തൃണമൂല്‍ സ്ഥാനാര്‍ത്ഥികള്‍ തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്. ഒഡീഷയിലെ പിപ്പിളിയില്‍ അയ്യായിരത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷം നേടി ബിജെഡി സ്ഥാനാര്‍ത്ഥിയാണ് ഒന്നാമത്. 

ബംഗാളില്‍ വിജയാഘോഷം തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയിട്ടുണ്ട്. ആഹ്ലാദപ്രകടനങ്ങള്‍ അനുവദിക്കരുതെന്ന് സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ഉറപ്പു വരുത്തണം. അക്രമങ്ങള്‍ ഉണ്ടാകാതെ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു. എന്നാല്‍, കമ്മീഷന്‍റെ നിര്‍ദേശം ലംഘിച്ച് തൃണമൂല്‍ പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനവുമായി തെരുവിലിറങ്ങി. നിയമസഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ബംഗാളില്‍ വ്യാപക അക്രമണം നടന്നിരുന്നു. നിരവധി പേരാണ് വിവിധയിടങ്ങളില്‍ കൊല്ലപ്പെട്ടത്.

 

click me!