പശ്ചിമബംഗാൾ സംഘർഷം; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കൽക്കട്ട ഹൈക്കോടതി, സർക്കാരിന് തിരിച്ചടി

By Web TeamFirst Published Aug 19, 2021, 11:42 AM IST
Highlights

എല്ലാ കേസുകളും സിബിഐക്ക് കൈമാറാനാണ് നിർദേശം. കോടതി മേൽനോട്ടത്തിലായിരിക്കും അന്വേഷണം.

ദില്ലി: പശ്ചിമബംഗാൾ സംഘർഷത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കൽക്കട്ട ഹൈക്കോടതി.  എല്ലാ കേസുകളും സിബിഐക്ക് കൈമാറാനാണ് നിർദേശം. കോടതി മേൽനോട്ടത്തിലായിരിക്കും അന്വേഷണം. കോടതി ഉത്തരവ് പശ്ചിമബം​ഗാൾ സർക്കാരിന് തിരിച്ചടിയാണ്. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് മമത സര്‍ക്കാരിന്‍റെ നീക്കം.

തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമങ്ങളിലാണ് സിബിഐ അന്വേഷണത്തിന് കോടതി ഉത്തരവിട്ടിരിക്കുന്നത്. ആറാഴ്ചക്കകം റിപ്പോർട്ട് നൽകണം. അന്വേഷണത്തിന് സിബിഐ പ്രത്യേക സംഘത്തിന് രൂപം നൽകണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

ബലാൽസംഗവും 14 കൊലപാതകങ്ങളും ഉൾപ്പടെ വലിയ അക്രമങ്ങളാണ് തെരഞ്ഞെടുപ്പിന് പിന്നാലെ പശ്ചിമബംഗാളിൽ ഉണ്ടായത്. ഇതേകുറിച്ചുള്ള ദേശീയ മനുഷ്യാവകാശ കമ്മീഷന്‍റെ റിപ്പോര്‍ട്ട് കൂടി പരിശോധിച്ചാണ് കൽക്കട്ട ഹൈക്കോടതി കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണത്തിനും എസ്.ഐ.ടി അന്വേഷണത്തിനും ഉത്തരവിട്ടത്. കൊലപാതക-ബലാൽസംഗ കേസുകളാകും സിബിഐ അന്വേഷിക്കുക. മറ്റ് സംഘര്‍ഷ കേസുകൾ എസ്.ഐ.ടി അന്വേഷിക്കും. പശ്ചിമബംഗാൾ കേഡറിലെ മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥരായ സുമൻ ബാല സാഹു, സൗമെൻ മിത്ര, രണ്‍വീര്‍ കുമാര്‍ എന്നിവരുൾപ്പെട്ടതാകും എസ്.ഐ.ടി. റിട്ട. സുപ്രീംകോടതി ജഡ്ജിയുടെ മേൽനോട്ടം എസ്.ഐ.ടി അന്വേഷണത്തിന് ഉണ്ടാകും.

അന്വേഷണ സംഘങ്ങൾക്ക് എല്ലാ പിന്തുണയും ബംഗാൾ സര്‍ക്കാര്‍ നൽകണം. സിബിഐ-എസ്.ഐ.ടി സംഘങ്ങളുടെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ആറാഴ്ചക്കകം നൽകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഒക്ടോബര്‍ 24ന് റിപ്പോര്‍ട്ട് ഹൈക്കോടതി പരിശോധിക്കും. സംസ്ഥാന തലത്തിൽ നടക്കുന്ന അന്വേഷണം അംഗീകരിക്കണമെന്ന ബാംഗാൾ സര്‍ക്കാര്‍ ആവശ്യം കോടതി തള്ളി.

മാനുഷിക മൂല്യങ്ങൾ ഉയര്‍ത്തിപ്പിടിക്കുന്നതാണ് കോടതി തീരുമാനമെന്ന് പശ്ചിമബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പ്രതികരിച്ചു.  നിയമസഭ തെരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ നിന്ന് ഉണര്‍ന്നെണീക്കാനുള്ള അവസരമാണ് ബി.ജെ.പി ഹൈക്കോടതി ഉത്തരവ് നൽകുന്നതെങ്കിൽ രാഷ്ട്രീയമായും നിയമപരമായും തിരിച്ചടിക്കാനുള്ള നീക്കങ്ങളാണ് മമത ബാനര്‍ജിയും നടത്തുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona


 

click me!