
അഹമ്മദാബാദ്: ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ നിർണായക സ്ഥാനമുണ്ട് സബർമതി ആശ്രമത്തിന്. ബ്രിട്ടീഷ് ഭരണകൂടത്തെ ഒരു പിടി ഉപ്പു കൊണ്ട് വിറപ്പിച്ച, ഉപ്പുസത്യാഗ്രഹം തുടങ്ങിയ ഇടം. സ്വാതന്ത്ര്യസമരകാലത്തെ നിർണായക കാലഘട്ടമായിരുന്ന 12 വർഷം മഹാത്മാ ഗാന്ധിയും പത്നി കസ്തൂർബാ ഗാന്ധിയും കഴിഞ്ഞിരുന്നയിടം. 1918-ൽ സ്ഥാപിക്കപ്പെട്ട ഈ ആശ്രമത്തിന്‍റെ ചുറ്റുമുള്ള 'ഹൃദയ് കുഞ്ജ്' എന്നയിടത്താണ് മഹാത്മാ കഴിഞ്ഞിരുന്നത്.
ഇവിടെ സന്ദർശനം നടത്തിയ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും പ്രഥമവനിത മെലാനിയ ട്രംപും കൗതുകത്തോടെയാണ് തീർത്തും ലളിതസുന്ദരമായ ഈ ആശ്രമം ചുറ്റിക്കണ്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉറ്റസുഹൃത്തെന്ന പോലെ ഇരുവർക്കുമൊപ്പം ഓരോ കാര്യങ്ങളും വിശദീകരിച്ച് കൊടുക്കുന്നത് കണ്ടു.
ചർക്കയിൽ നൂൽ നൂറ്റ്, മഹാത്മാഗാന്ധിയുടെ ഛായാചിത്രത്തിൽ ഖദർമാലയണിയിച്ച്, ഇരുവരും നടത്തിയ ആ സന്ദർശനത്തിന് ഒടുവിൽ പുറത്തെത്തിയ ഡോണൾഡ് ട്രംപ് ഇവിടെ സജ്ജീകരിച്ച കസേരയിലിരുന്ന് സന്ദർശക റജിസ്റ്ററിൽ ഒരു കുറിപ്പെഴുതി. എന്തെന്നല്ലേ?
അത് ഇങ്ങനെയാണ്:
''എന്‍റെ പ്രിയപ്പെട്ട സുഹൃത്ത് നരേന്ദ്രമോദിക്ക്. നന്ദി, ഈ അസുലഭമായ സന്ദർശനത്തിന്''
ഇതിന്‍റെ താഴെ തന്‍റെ 'സിഗ്നേച്ചർ' ഒപ്പ് തന്നെ ട്രംപ് ഇട്ടിട്ടുണ്ട്. ഒപ്പം പ്രഥമവനിത മെലാനിയയും ഒപ്പിട്ടിരിക്കുന്നത് കാണാം. ട്രംപിന്‍റെ ഒപ്പ് പണ്ടും പ്രശസ്തമാണ്. ട്രംപിന്‍റെ ഒപ്പിനെക്കുറിച്ച് ട്രോളുകൾ മുതൽ, ഇത് ആഴത്തിൽ അപഗ്രഥിച്ച്, ട്രംപിന്‍റെ വ്യക്തിത്വ വിശകലനം തന്നെ നടത്തിയിട്ടുണ്ടല്ലോ മനശ്ശാസ്ത്രജ്ഞർ!
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam