പാകിസ്ഥാൻ നുണ പറയുന്നോ? ബാലാകോട്ട് ആക്രമണത്തിൽ ഭീകരർ കൊല്ലപ്പെട്ടതിന് തെളിവുകൾ ഇവിടെ

By Web TeamFirst Published Mar 2, 2019, 5:19 PM IST
Highlights

പന്ത്രണ്ടോളം ജയ്ഷ് ഇ മുഹമ്മദ് ഭീകരരും, പഴയ ഐഎസ്ഐ ഏജന്‍റും പഴയ പാക് സൈനികരും ബാലാകോട്ടിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ദൃക്സാക്ഷികൾ. 

ബാലാകോട്ട്: പുൽവാമ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ പാകിസ്ഥാനിലെ ബാലാകോട്ടിൽ നടത്തിയ പ്രത്യാക്രമണത്തിൽ പന്ത്രണ്ടോളം ജയ്ഷ് ഇ മുഹമ്മദ് ഭീകരരും, പഴയ ഐഎസ്ഐ ഏജന്‍റും പഴയ പാക് സൈനികരും കൊല്ലപ്പെട്ടതായി ഫസ്റ്റ്‍പോസ്റ്റ് എന്ന ന്യൂസ് വെബ്‍സൈറ്റ്. ഫ്രാൻസെസ്‍ക മറീനോ എന്ന വിദേശമാധ്യമപ്രവർത്തകയാണ് ഫസ്റ്റ് പോസ്റ്റിന് വേണ്ടി വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഫെബ്രുവരി 26-നാണ് ഇന്ത്യ പാക് അതിർത്തി ലംഘിച്ച് ഖൈബർ പഖ്‍തുൻഖ്‍വ പ്രവിശ്യയിലെ ബാലാകോട്ടിലേക്ക് കയറി പ്രത്യാക്രമണം നടത്തിയത്. ജയ്ഷെ മുഹമ്മദ് പരിശീലന ക്യാംപിന് നേരെയായിരുന്നു ആക്രമണം. പുൽവാമ ഭീകരാക്രമണത്തിന് ശേഷം പാക് അധീന കശ്മീരിൽ ഉണ്ടായിരുന്ന ഭീകരക്യാംപുകളിലെ തീവ്രവാദികളെ പാകിസ്ഥാന്‍റെ പ്രവിശ്യക്ക് അകത്തേക്ക് മാറ്റിപ്പാർപ്പിച്ചെന്ന ഇന്‍റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ആക്രമണം.

ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്‍റെ ഭാര്യാസഹോദരൻ യൂസുഫ് അസറിന്‍റെ നേരിട്ടുള്ള നേതൃത്വത്തിൽ നടന്നിരുന്ന പരിശീലനക്യാംപിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ആക്രമണം നടത്താൻ ലക്ഷ്യമിട്ട് ഫിദായീൻ ജിഹാദികളെ പരിശീലിപ്പിക്കുന്നുവെന്നായിരുന്നു ഇന്ത്യയ്ക്ക് കിട്ടിയ ഇന്‍റലിജൻസ് വിവരങ്ങൾ.

ഇത് പാകിസ്ഥാന് നേരെയുള്ള സൈനികനീക്കമല്ലെന്നും ഇന്ത്യയിൽ ആക്രമണം നടത്താൻ ലക്ഷ്യമിട്ട് പരിശീലനം നടത്തിയിരുന്ന ജയ്ഷെ തീവ്രവാദികളെ ആക്രമിച്ച് വധിക്കുക മാത്രമായിരുന്നെന്നും ഇത് മുൻകരുതൽ മാത്രമാണെന്നുമാണ് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വിശദീകരിച്ചത്. ഇന്ത്യക്കെതിരെ ആക്രമണം നടത്താൻ തയ്യാറെടുത്തിരുന്ന തീവ്രവാദികളെ വധിക്കാനായി എന്നായിരുന്നു ഇന്ത്യയുടെ ഔദ്യോഗിക വിശദീകരണം. എത്ര പേരെ വധിച്ചു എന്ന ഒരു ഔദ്യോഗിക വിശദീകരണം ഇന്ത്യ നൽകിയിരുന്നില്ല.

എന്നാൽ ഈ വാദം കള്ളമെന്നായിരുന്നു പാകിസ്ഥാന്‍റെ അവകാശവാദം. സ്ഥലത്ത് ആക്രമണമുണ്ടായ വിവരം ആദ്യം പുറത്തുവിട്ടത് പാക് പ്രതിരോധമന്ത്രാലയത്തിന്‍റെ വക്താവായ മേജർ ജനറൽ ആസിഫ് ഗഫൂറാണ്. സ്ഥലത്ത് പൈൻ മരക്കാടുകൾ നശിക്കുകയല്ലാതെ മറ്റൊരു നാശനഷ്ടവുമുണ്ടായിട്ടില്ലെന്നും ഒരാൾ പോലും കൊല്ലപ്പെട്ടിട്ടില്ലെന്നും പാകിസ്ഥാൻ അവകാശപ്പെട്ടു. ഇത് ചൂണ്ടിക്കാട്ടാൻ ചില ചിത്രങ്ങളും മേജർ ജനറൽ ആസിഫ് ഗഫൂർ പുറത്തുവിട്ടു.

ഇതിനെ പിന്തുണയ്ക്കുന്ന ചില റിപ്പോർട്ടുകളും പിന്നീട് പുറത്തുവന്നു. ഓസ്ട്രേലിയൻ സ്ട്രാറ്റജിക് പോളിസി ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ സ്വതന്ത്ര അന്വേഷണത്തിൽ സ്ഥലത്തിന്‍റെ സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്തുവന്നപ്പോൾ പ്രദേശത്ത് വലിയ നാശനഷ്ടമുണ്ടായതായി കാണുന്നില്ലെന്നായിരുന്നു റിപ്പോർട്ട്. സ്ഥലത്ത് ഒരാൾ പോലും കൊല്ലപ്പെട്ടിട്ടില്ലെന്ന് പ്രദേശവാസി പറഞ്ഞതായി റോയിറ്റേഴ്സ് വാ‍ർത്താ ഏജൻസിയും റിപ്പോർട്ട് ചെയ്തു.

ഫസ്റ്റ് പോസ്റ്റിന്‍റെ റിപ്പോർട്ടെന്ത്?

എന്നാൽ ഇതിനെല്ലാം വിരുദ്ധമായ ഒരു റിപ്പോ‍ർട്ടാണ് പ്രസിദ്ധ മാധ്യമപ്രവർത്തകയായ ഫ്രാൻസെസ്ക മറീനോ പുറത്തുവിടുന്നത്. ആക്രമണത്തിൽ 35 പേരെങ്കിലും മരിച്ചിരിക്കാമെന്ന് ഫസ്റ്റ് പോസ്റ്റിന്‍റെ റിപ്പോർട്ടിൽ പറയുന്നത്. ആക്രമണം നടന്ന് മണിക്കൂറുകൾക്കുള്ളിൽ നിരവധി ആംബുലൻസുകൾ പ്രദേശത്തേക്ക് എത്തിയെന്നും പ്രദേശം പാക് സൈന്യം വളഞ്ഞെന്നും ദൃക്സാക്ഷികൾ പറയുന്നു.

മരിച്ചവരിൽ ക്യാംപിന്‍റെ ഒരു വശത്ത് ചെറിയ കൂരയിൽ കിടന്നുറങ്ങിയവരുമുണ്ടായിരുന്നുവെന്നും ദൃക്സാക്ഷികൾ വ്യക്തമാക്കുന്നു. മുൻ പാക് സൈനികർക്കും മുൻ ഐഎസ്ഐ ഏജന്‍റിനും പരിക്കേറ്റതിനാലാണ് പാക് സൈന്യം പ്രദേശത്തേക്ക് ഇരച്ചെത്തിയത്. ഇവർക്ക് അടിയന്തര ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ല. 

ആരാണ് ഈ വിശദാംശങ്ങൾ നൽകിയതെന്ന വിവരങ്ങൾ പുറത്തു പറയാനാകില്ലെന്നും ദൃക്സാക്ഷികൾക്ക് പാക് സർക്കാരിൽ നിന്നും സൈന്യത്തിൽ നിന്നും ഭീഷണികളുണ്ടെന്നും ഫസ്റ്റ് പോസ്റ്റ് റിപ്പോർട്ട് പറയുന്നു.

പ്രദേശത്തേക്ക് എത്തിയ ആംബുലൻസുകളിലെ മെഡിക്കൽ സ്റ്റാഫിന്‍റെ പക്കൽ നിന്ന് മൊബൈൽ ഫോണുകൾ പോലും പാക് സൈന്യം പിടിച്ചുവാങ്ങി. അങ്ങനെ ഒരു വിവരവും പുറത്തു പോകുന്നില്ല എന്ന് ഉറപ്പാക്കിയ പാക് സൈന്യം പ്രദേശം മുഴുവൻ വളഞ്ഞ് കനത്ത സുരക്ഷയാണൊരുക്കിയതെന്നും ദൃക്സാക്ഷികൾ പറയുന്നു.

ഐഎസ്ഐയിൽ മുമ്പ് സേവനമനുഷ്ഠിച്ചിരുന്ന 'കേണൽ സലിം' എന്നറിയപ്പെടുന്ന ഇന്‍റലിജൻസ് ഓഫീസർ കൊല്ലപ്പെട്ടെന്നും, 'കേണൽ സരാർ സാക്രി' എന്നയാൾക്ക് ഗുരുതരമായി പരിക്കേറ്റെന്നുമാണ് വിവരം. മുഫ്തി മൊയീൻ എന്ന, പെഷവാർ സ്വദേശിയായ ജയ്ഷെ മുഹമ്മദ് പരിശീലകനും അത്യാധുനിക ബോംബുകളുണ്ടാക്കുന്നതിൽ വിദഗ്ധനായ ഉസ്മാൻ ഗനിയും കൊല്ലപ്പെട്ടവരിൽ പെടുന്നു.

ക്യാംപിന്‍റെ ഒരു വശത്ത് ഉറക്കത്തിലായിരുന്ന പന്ത്രണ്ട് ഫിദായീൻ ജിഹാദികളും കൊല്ലപ്പെട്ടവരിൽ പെടുന്നു. പന്ത്രണ്ട് പേരും ക്യാംപിന്‍റെ ഒരു വശത്ത് കെട്ടിയിരുന്ന ചെറിയ മരക്കുടിലിലായിരുന്നു കിടന്നുറങ്ങിയിരുന്നതെന്നാണ് റിപ്പോർട്ട്.

സൗത്ത് ഏഷ്യൻ മേഖലയിൽ സ്വതന്ത്രമാധ്യമപ്രവർത്തകയാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയ ഫ്രാൻസെസ്‍ക മറീനോ. പാക് ഭീകരവാദത്തെക്കുറിച്ച് 'അപോകാലിപ്‍സ് പാകിസ്ഥാൻ' എന്ന പുസ്തകം എഴുതിയിട്ടുണ്ട്. പാകിസ്ഥാനെക്കുറിച്ച് നിരവധി ഗ്രൗണ്ട് റിപ്പോ‍ർട്ടുകൾ ഫ്രാൻസെസ്‍ക മറീനോ തയ്യാറാക്കിയിട്ടുണ്ട്.

ജയ്ഷെ ക്യാംപിന്‍റെ ചിത്രങ്ങളും വിശദാംശങ്ങളും നേരത്തേ ഇന്ത്യ പുറത്തുവിട്ടിരുന്നു. ചിത്രങ്ങൾ ചുവടെ:

click me!