
ദില്ലി: പാകിസ്ഥാനുമായി ഒപ്പിട്ട സിന്ധു നദീജലകരാർ ഇന്നലെ ഇന്ത്യ മരവിപ്പിച്ചിരുന്നു. കിഴക്കൻ പാകിസ്ഥാനിൽ കൃഷി, കുടിവെള്ളം, വൈദ്യുതോൽപ്പാദനം തുടങ്ങി പല ആവശ്യങ്ങൾക്കും പ്രധാനമാണ് സിന്ധു നദീജല കരാർ. ഇതിൽ നിന്ന് ഇന്ത്യ പിന്മാറുന്നതോടെ പാക്കിസ്ഥാൻ്റെ കുടിവെള്ളം മുട്ടുമെന്ന് മാത്രമല്ല, കൃഷിയെയും സമ്പദ് വ്യവസ്ഥയെയും അത് സാരമായി ബാധിക്കും.
പഹൽഗാമിൽ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഒരു തുള്ളി രക്തം ചീന്താതെയാണ് ഇന്ത്യ പാകിസ്ഥാനെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ജലവിതരണത്തിനുള്ള ഉടമ്പടിയാണ് സിന്ധു നദീജല കരാർ. 1960 സെപ്റ്റംബർ 19ന് അന്നത്തെ പ്രധാനമന്ത്രി ജനഹർലാൽ നെഹ്റുവും പാകിസ്ഥാൻ പ്രസിഡന്റ് ഫീൽഡ് മാർഷൽ അയൂബ്ഖാനും ചേർന്ന് ഒപ്പുവച്ചതാണിത്. സിന്ധു നദിയിലെയും അതിന്റെ പോഷക നദികളിലെയും വെള്ളം ഉപയോഗിക്കുന്നതിനുള്ള കരാറാണിത്. 70 ശതമാനം വെള്ളം ലഭിക്കുന്ന പാകിസ്ഥാനാണ് കരാറിൻ്റെ വലിയ ഗുണഭോക്താവ്.
സിന്ധു നദിയുടെ പോഷക നദികളായ ബിയാസ്, രവി, സത്ലജ് നദികളുടെ വെള്ളത്തിന്റെ നിയന്ത്രണമാണ് കരാർ പ്രകാരം ഇന്ത്യക്കുള്ളത്. സിന്ധു, ചെനാബ്, ഝലം എന്നീ നദികളിലെ വെള്ളത്തിന്റെ നിയന്ത്രണം പാകിസ്ഥാനുമാണ്. ജലസേചനം, വൈദ്യുതി, ഉൽപാദനം, സംഭരണം എന്നിവക്കായി ഈ നദികളിലെ വെള്ളം അതത് രാജ്യങ്ങൾക്ക് നിയന്ത്രണമില്ലാതെ ഉപയോഗിക്കാമെന്നതാണ് കരാറിൻ്റെ അന്തസത്ത.
അതേസമയം നദി കടന്നുപോകുന്ന പ്രദേശത്ത് ഏതെങ്കിലും നിർമ്മാണ പദ്ധതികൾ ആലോചിക്കുന്നെങ്കിൽ അക്കാര്യം ഇരു കക്ഷികളും പരസ്പരം അറിയിക്കണമെന്നാണ് ധാരണ. അത്തരം ജോലികളെക്കുറിച്ചുള്ള ഡാറ്റയും നൽകണം. നേരത്തെ പല തർക്കങ്ങളും ഉണ്ടായപ്പോഴും സിന്ധു നദീജല കരാറിൽ ഇന്ത്യ കൈവച്ചിരുന്നില്ല. 1965ലെ യുദ്ധകാലത്തും ഈ കരാർ പ്രകാരമുള്ള ജലവിതരണം തടസപ്പെട്ടില്ല.
ഈ കരാർ പ്രകാരം തർക്കങ്ങൾ ഉണ്ടായാൽ പരിഹരിക്കാൻ പ്രത്യേക കമ്മീഷനും ആർബിട്രേഷൻ കോടതിയും നിലവിലുണ്ട്. കരാർ പുനഃപരിശോധിക്കണമെന്ന് ഇന്ത്യ പാകിസ്ഥാനോട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിലെ ജനസംഖ്യ വർദ്ധനവിൻറെ അടക്കം പശ്ചാത്തലത്തിൽ വ്യവസ്ഥകൾ പുനഃസ്ഥാപിക്കണം എന്നാണ് ഇന്ത്യയുടെ നിലപാട്. ഈ കരാറാണ് ഇപ്പോൾ ഇന്ത്യ റദ്ദാക്കിയിരിക്കുന്നത്.