
പൂനെ: ചെറിയൊരു തർക്കത്തിന് പിന്നാലെ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. പൂനെയിലെ റൂബി ഹാൾ ക്ലിനിക്കിലെ ജീവനക്കാരാണ് മരിച്ചതെന്നു പൊലീസ് അറിയിച്ചു. മഹാരാഷ്ട്രയിലെ ബീഡ് സ്വദേശിയായ 21 വയസ്സുള്ള ടെക്നീഷ്യനായ ഗണേഷ് കാലെയും നഴ്സായ 20 വയസ്സുള്ള ദിവ്യ നിഗോട്ടും ആണ് മരിച്ചത്. ഇരുവരും റൂബി ഹാൾ ക്ലിനിക്കിലെ ജീവനക്കാരായിരുന്നു.
ദിവ്യ നിഗോട്ടിനെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പരാതി നൽകിയിരുന്നു. തുടർന്നുള്ള തിരച്ചിലിലാണ് യുവാവിൻ്റെ സംഗംവാഡിയിലുള്ള വീട്ടിൽ വെച്ച് ദിവ്യയുടെ മൃതദേഹം കണ്ടെത്തിയത്. യുവാവായ ഗണേഷ് കാലെയുടെ മൃതദേഹം പിന്നീട് തലേഗാവ് റെയിൽവേ ട്രാക്കിന് സമീപത്ത് നിന്നും കണ്ടെത്തുകയായിരുന്നു. ദിവ്യയുടെ മൂക്കിലും മുഖത്തും ആക്രമിക്കപ്പെട്ടതിൻ്റെ പാടുകൾ ഉണ്ടെന്ന് പോലീസ് അറിയിച്ചു. ഇരു മൃതദേഹങ്ങളും പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് വ്യക്തമാക്കി.