'ആ ചെകുത്താൻ പുറത്തുവന്നാൽ....?' ഭയത്തിൽ നിയമ വിദ്യാർത്ഥിനി; പൊലീസ് സുരക്ഷയിൽ അടച്ചിട്ടിരുന്ന കോളേജ് തുറന്നു

Published : Jul 08, 2025, 11:24 AM IST
Kolkata Gang rape case

Synopsis

പ്രധാന പ്രതി മനോജിത്ത് ഇനിയും തന്നെ ഏതെങ്കിലും രീതിയില്‍ ഉപദ്രവിക്കുമോ എന്ന പേടിയിലാണ് പെണ്‍കുട്ടി എന്നാണ് പിതാവ് വ്യക്തമാക്കിയിരിക്കുന്നത്

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തെ തുടര്‍ന്ന് അടച്ചിട്ട ലോ കോളേജ് തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. കനത്ത പൊലീസ് സുരക്ഷയിലാണ് നിലവില്‍ കോളേജ് തുറന്നിരിക്കുന്നത്. എന്നാല്‍ പീഡനത്തിന് ഇരയായ യുവതി കടന്നു പോകുന്ന സാഹചര്യം വളരെ മോശമാണ്. പീഡനത്തിനെ തുടര്‍ന്നുണ്ടായ മാനസീക ആഘാതം കൂടാതെ പേടിയിലാണ് ദിവസങ്ങൾ കടന്നു പോകുന്നത് എന്നാണ് വിദ്യാര്‍ത്ഥിനിയുടെ പിതാവ് പറയുന്നത്. 'ആ ചെകുത്താൻ ജയിലില്‍ നിന്ന് തിരിച്ചു വന്നാൽ എനിക്കെന്തെങ്കിലും സംഭവിക്കുമോ?' എന്നാണ് മകൾ നിരന്തരം തന്നോട് ചോദിച്ചുകൊണ്ടിരിക്കുന്നതെന്ന് പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. പ്രധാന പ്രതി മനോജിത്ത് ഇനിയും തന്നെ ഏതെങ്കിലും രീതിയില്‍ ഉപദ്രവിക്കുമോ എന്ന പേടിയിലാണ് പെണ്‍കുട്ടി എന്നാണ് പിതാവ് വ്യക്തമാക്കിയിരിക്കുന്നത്.

കേസില്‍ അന്വേഷണം നടത്തുന്നത് ഒമ്പത് അംഗ പ്രത്യക അന്വേഷണ സംഘമാണ്. എസിപി പ്രദീപ് കുമാർ ഗോസലിന്‍റെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുക. കൊല്‍ക്കത്ത ലോ കോളേജിലെ നിയമ വിദ്യാര്‍ത്ഥിനിയെയാണ് കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തെ തുടര്‍ന്ന് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ ഒരാള്‍ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും മറ്റ് രണ്ടുപേര്‍ നിലവിലെ വിദ്യാര്‍ത്ഥികളുമാണ് മറ്റൊരാള്‍ കൊളേജിലെ സെക്യൂരിറ്റി ജീവനക്കാരനും. വിദ്യാര്‍ത്ഥിനിയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

കേസിലെ പ്രധാന പ്രതിയായ മനോജ് മിശ്രയുടെ വിവാഹാഭ്യര്‍ത്ഥന താന്‍ നിരസിച്ചിരുന്നതായി പീഡനത്തിനിരയായ വിദ്യാര്‍ത്ഥിനി വെളിപ്പെടുത്തിയിട്ടുണ്ട്. ഇയാള്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അഭിഭാഷകനാണെന്നാണ് റിപ്പോര്‍ട്ട്. വിവാഹാഭ്യര്‍ത്ഥന നിരസിച്ചപ്പോള്‍ വിദ്യാര്‍ത്ഥിനിയുടെ ആണ്‍ സുഹൃത്തിനെ ഉപദ്രവിക്കുമെന്നും മാതാപിതാക്കളെ കള്ളക്കേസില്‍ കുടുക്കുമെന്നും മനോജ് മിശ്ര ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി ആരോപിക്കുന്നു. കോളേജിലെ ഗാര്‍ഡ് റൂമിലേക്ക് ബലമായി പിടിച്ചുകൊണ്ടുപോയാണ് പ്രതികള്‍ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്.

കേസിലെ നാലു പ്രതികളില്‍ മൂന്നുപേര്‍ കൃത്യം നേരത്തെ ആസൂത്രണം ചെയ്തിരുന്നതായി പൊലീസ് പറഞ്ഞിട്ടുണ്ട്. പ്രതികളായ മനോജിത്ത് മിശ്ര, പ്രതീം മുഖര്‍ജി, സയ്യിദ് അഹമ്മദ് എന്നിവര്‍ മുന്‍പും കോളേജിലെ വിദ്യാര്‍ത്ഥിനികളോട് അപമര്യാദമായി പെരുമാറിയിട്ടുണ്ടെന്നും പ്രതികള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുകയും പിന്നീട് അതുപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതായും പൊലീസ് വ്യക്തമാക്കി. കൊളേജിലെ സെക്യൂരിറ്റി ജീവനക്കാരനാണ് കേസിലെ നാലാം പ്രതി.

കേസില്‍ വിവാദ പരാമര്‍ശവുമായി പ്രതിഭാഗം വക്കീല്‍

നടന്നത് ബലാത്സംഗമാണോ എന്ന് താന്‍ സംശയിക്കുന്നതായും പ്രധാന പ്രതി മനോജിത്ത് മിശ്രയുടെ ശരീരത്തില്‍ ലൗ ബൈറ്റിന്‍റെ പാടുകൾ കണ്ടെന്നുമാണ് അഭിഭാഷകനായ രാജു ഗാംഗുലിയുടെ ആരോപണം. 'ഞാന്‍ മനോജിത്ത് മിശ്രയോട് ചോദിച്ചു നിനക്കെതിരെ വലിയ ആരോപണമാണല്ലോ ഉയരുന്നത് എന്ന്. അപ്പോൾ അവന്‍ എന്നോട് പറഞ്ഞത് തന്നെ എല്ലാവരും വില്ലനായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നു എന്നാണ്. വൈദ്യപരിശോധനയില്‍ ശരീരത്തില്‍ നഖത്തിന്‍റെ പാടുകൾ കണ്ടെത്തിയതിനെ പറ്റി ചേദിച്ചപ്പോൾ അവന്‍ ഡ്രസ്സ് മാറ്റി കഴുത്തിലെ പാടുകൾ കാട്ടിത്തന്നു. ഇതെന്താണെന്ന് ചോദിച്ചപ്പോൾ 'ലൗ ബൈറ്റ്സ്' എന്നാണ് അവൻ മറുപടി പറഞ്ഞത്. അതെങ്ങനെ ഉണ്ടായി എന്ന് ഞാന്‍ അവനോട് ചോദിച്ചു. പക്ഷേ അതിന് ഉത്തരം തരാന്‍ അവന് സാധിച്ചില്ല. അപ്പോഴേക്ക് പൊലീസ് ഇടപെട്ടു. എനിക്ക് അവന്‍റെ ശരീരത്തില്‍ നഖപ്പാടുകൾ കാണാന്‍ സാധിച്ചില്ല. കഴുത്തിലുള്ള പാട് മാത്രമാണ് ഞാന്‍ കണ്ടത്. ഇതൊരു ബലാത്സംഗ കേസാണെന്ന് എനിക്ക് തോന്നുന്നില്ല. ഞാന്‍ ഒരു നിഗമനത്തിലെത്തിയിട്ടില്ല. ബലാത്സംഗ കേസാണോ അല്ലയോ എന്ന് ജൂലൈ 20 ന് അറിയാം' എന്നാണ് പ്രതിഭാഗം വക്കീല്‍ പറഞ്ഞത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യാത്രക്കാർ ഹാപ്പിയാകും! കേരളത്തിൽ 7 'അമൃത് ഭാരത്' സ്റ്റേഷൻ, രാജ്യത്താകെ 172 റെയിൽവേ സ്റ്റേഷനുകൾ നവീകരിച്ചെന്ന് റെയിൽവേ
ദില്ലിയിൽ ഐഎൻഎ ഫ്ലൈഓവറിന് സമീപം വൻ തീപിടുത്തം; അഗ്നിബാധ എൻഡിഎംസി ഗോഡൗണിൽ, അണയ്ക്കാൻ തീവ്രശ്രമം