എഥനോൾ മിശ്രിത പെട്രോൾ പദ്ധതി നേരിട്ടുള്ള കവർച്ചയാണെന്നും വാഹനങ്ങൾ തകരാറിലാക്കുന്നുവെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. നയത്തിൽ മാറ്റം വരുത്തിയില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭം നേരിടേണ്ടി വരുമെന്ന് സിപിഎമ്മും മുന്നറിയിപ്പ് നൽകി.
ദില്ലി: എഥനോൾ പെട്രോൾ പദ്ധതി അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പദ്ധതി ജനങ്ങളുടെ വാഹനങ്ങൾ തകരാറിലാക്കുന്നുവെന്നും ജീവിതം പ്രതിസന്ധിയിലാക്കുന്നുവെന്നും രാഹുൽ ആരോപിച്ചു. നേരിട്ടുള്ള കവർച്ചയാണ് നടക്കുന്നത്. വിഷയം ശക്തമായി ഏറ്റെടുക്കുമെന്നും രാഹുൽ മുന്നറിയിപ്പ് നൽകി. എഥനോൾ പെട്രോൾ പദ്ധതിക്കെതിരെ സിപിഎമ്മും രംഗത്തെത്തി. പദ്ധതിക്കെതിരെ പിബി രംഗത്തെത്തി. ആളുകൾക്ക് ഇഷ്ടമുള്ള പെട്രോൾ തെരഞ്ഞെടുക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. 20 ശതമാനത്തിലധികം എഥനോൾ ബ്ലെൻഡിംഗ് നടപ്പാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ജനങ്ങൾ ഉന്നയിക്കുന്ന പരാതികൾ സർക്കാർ പരിഗണിക്കണമെന്നും പ്രസ്താവനയിൽ പറയുന്നു.
കേന്ദ്ര സർക്കാരിന്റെ എഥനോൾ മിശ്രിത നയം ജനങ്ങൾക്കും പരിസ്ഥിതിക്കും വലിയ ആഘാതമുണ്ടാക്കുന്നതാണെന്നും പിബി വ്യക്തമാക്കി. എഥനോൾ കലർന്ന ഇന്ധനം വാഹനങ്ങൾക്ക് തകരാറുണ്ടാക്കുമെന്ന് സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോ മൊബൈൽ മാനുഫാക്ചറേഴ്സ് (SIAM) പെട്രോളിയം മന്ത്രാലയത്തെ അറിയിച്ചതും, പിന്നീട് സമ്മർദ്ദങ്ങൾ മൂലം ആ കത്ത് പിൻവലിച്ചതും വിഷയത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു. എഥനോൾ അടങ്ങിയ ഇന്ധനത്തിന് വില കുറവായിരിക്കുമെന്ന് ആദ്യ ഘട്ടത്തിൽ ഉറപ്പുനൽകിയിരുന്നെങ്കിലും E20 ഇന്ധനം ഉയർന്ന വിലയ്ക്കാണ് വിൽക്കുന്നത്. മറ്റ് ബദലുകളില്ലാത്തതിനാൽ ഉപഭോക്താക്കൾ ഇത് ഉപയോഗിക്കാൻ നിർബന്ധിതരാകുകയാണെന്നും പാർട്ടി ചൂണ്ടിക്കാട്ടി.
പട്ടിണിയും പോഷകാഹാരക്കുറവും നിലനിൽക്കുന്ന രാജ്യത്ത് ഇന്ധന നിർമ്മാണത്തിനായി ഭക്ഷ്യവിളകൾ തിരിച്ചുവിടുന്നത് ഭക്ഷ്യസുരക്ഷയെ ബാധിക്കുമെന്നും സിപിഎം ആരോപിച്ചു. ഇതിനായി അമേരിക്കയിൽ നിന്ന് ജി.എം (ജെനറ്റിക്കലി മോഡിഫൈഡ്) ചോളം ഇറക്കുമതി ചെയ്യുന്നത് പ്രാദേശിക കൃഷിയെയും മനുഷ്യ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കും. കൂടാതെ, വൻകിട കോർപ്പറേറ്റുകളെയും പഞ്ചസാര മില്ലുകളെയും മാത്രം സഹായിക്കുന്ന ഈ നയം ഭൂഗർഭജല ചൂഷണത്തിനും കാരണമാകുന്നു. സാധാരണ പെട്രോളും മിശ്രിത ഇന്ധനവും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉപഭോക്താക്കൾക്ക് നൽകണമെന്നും, എഥനോൾ ഇന്ധനത്തിന് കുറഞ്ഞ വില നിശ്ചയിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു. ജനവിരുദ്ധമായ ഈ നയത്തിൽ മാറ്റം വരുത്തിയില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭം നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി.
