ദില്ലി കലാപക്കേസ് കുറ്റപത്രത്തിൽ ആർഎസ്എസ്സും, തീവ്രഹിന്ദു സംഘടനയ്ക്ക് സഹായം?

By Web TeamFirst Published Oct 7, 2020, 9:55 AM IST
Highlights

'കട്ടർ ഹിന്ദു ഏകത' എന്ന പേരിൽ രൂപീകരിച്ച വാട്സാപ്പ് ഗ്രൂപ്പിലെ ചാറ്റുകൾ പരിശോധിച്ച പൊലീസ് ഇതിൽ ചില അംഗങ്ങൾ ആർഎസ്എസ്സ് നേതാക്കളുടെ സഹായം കിട്ടിയതായി അവകാശപ്പെട്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു.

ദില്ലി: ദില്ലി കലാപക്കേസുമായി ബന്ധപ്പെട്ട് സമർപ്പിച്ച പുതിയ കുറ്റപത്രത്തിൽ ആർഎസ്എസ്സിന്‍റെ പേരും പരാമർശിച്ച് ദില്ലി പൊലീസ്. ഫെബ്രുവരിയിൽ നടന്ന കലാപകാലത്ത് രൂപീകരിച്ച ചില തീവ്രഹിന്ദുസംഘടനകളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ ആർഎസ്എസ്സ് നേതാക്കളുടെ സഹായം ലഭിച്ചെന്ന് പരാമർശമുണ്ടെന്നാണ് കുറ്റപത്രത്തിൽ പൊലീസ് പറയുന്നത്. ഈ വാട്സാപ്പ് ഗ്രൂപ്പുകൾ മതത്തിന്‍റെ അടിസ്ഥാനത്തിൽ വിദ്വേഷം പരത്തുന്ന തരത്തിൽ പ്രവർത്തിച്ചെന്ന് പൊലീസ് കുറ്റപത്രത്തിൽ പറയുന്നു.

ഫെബ്രുവരി 25-ന് രൂപീകരിച്ച 'കട്ടർ ഹിന്ദു ഏകത' എന്ന വാട്സാപ്പ് ഗ്രൂപ്പിനെക്കുറിച്ചാണ് ദില്ലി പൊലീസ് കോടതിയിൽ സമർപ്പിച്ച അനുബന്ധകുറ്റപത്രത്തിൽ പറയുന്നത്. ദില്ലിയിലെ ഗോകുൽപുരിയിൽ ഹാഷിം അലി, ആമിർ ഖാൻ എന്നിവർ അടക്കം ഒമ്പത് മുസ്ലിം പൗരൻമാരെ തെരുവിലിട്ട് വെട്ടിക്കൊന്ന കേസിലെ അനുബന്ധകുറ്റപത്രമാണിത്. കേസിൽ 9 പേരെയാണ് പ്രതികളായി പൊലീസ് കണ്ടെത്തുന്നത്. സെപ്റ്റംബർ 26-നാണ് ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് പുരുഷോത്തം പാഥകിന് മുമ്പാകെ ഈ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. 

കട്ടർ ഹിന്ദു ഏകത എന്ന ഈ ഗ്രൂപ്പിലെ ചാറ്റുകളുടെ സ്ക്രീൻഷോട്ടുകൾ കുറ്റപത്രത്തിലുണ്ട്. ഫെബ്രുവരി 25-ന് വൈകിട്ട് 8.01-ന് ബിന്നി എന്നയാൾ ഗ്രൂപ്പിൽ പറഞ്ഞതിങ്ങനെ: ''ഭായ്, ഇവിടെ ആർഎസ്എസ്സ് പ്രവർത്തകർ ഞങ്ങളെ സഹായിക്കാൻ വന്നിട്ടുണ്ട്''.

കപിൽ മിശ്രയുടെ വിദ്വേഷപരാമർശത്തെ അനുകൂലിച്ചുള്ള പരാമർശങ്ങളും ഗ്രൂപ്പിലുണ്ട്. ഫെബ്രുവരി 25-ന് രാത്രി 9.13-ന് തിരിച്ചറിയാത്ത ഒരാൾ എഴുതിയിരിക്കുന്നത് ഇങ്ങനെ: ''നിരവധി ബുദ്ധിയുള്ള ആളുകൾ പോലും കപിൽ മിശ്ര പറഞ്ഞത് തെറ്റെന്ന് പറയുന്നു. തെറ്റായി മിശ്ര എന്താണ് പറഞ്ഞത്? റോഡിലെ തടസ്സം മാറ്റിയില്ലെങ്കിൽ സിഎഎ അനുകൂലികളും തെരുവിലിറങ്ങും. അവിടെ നിന്ന് മാറണമെന്ന് അന്ത്യശാസനം നൽകുന്നതിൽ എന്താണ് തെറ്റ്? കപിൽ മിശ്രയുടെ പരാമർശം മൂലമാണ് കലാപമുണ്ടായതെന്ന് പറയുന്നവർ ജാമിയയും ഷഹീൻ ബാഗും എങ്ങനെ ഉണ്ടായെന്ന് പറയാത്തതെന്ത്? അമാനത്തുള്ളയും ഷർജീൽ ഇമാമും ചെയ്തതെന്ത് എന്നും പറയണം. കപിൽ മിശ്രയുടെ വാക്ക് കൊണ്ടാണ് കലാപമുണ്ടായതെങ്കിൽ രാജ്യം മുഴുവൻ നിന്ന് കത്തണമല്ലോ''.

മതാടിസ്ഥാനത്തിൽ വിദ്വേഷം വളർത്തൽ, പൊതുസ്ഥലത്തെ അക്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇതിൽ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ലോകേഷ് കുമാർ സോളങ്കി, പങ്കജ് ശർമ, സുമീത് ചൗധരി, അങ്കിത് ചൗധരി, പ്രിൻസ്, ജതിൻ ശർമ, വിവേക് പഞ്ചൽ, റിഷഭ് ചൗധരി, ഹിമാൻശു ഠാക്കൂർ എന്നിവരാണ് കേസിലെ പ്രതികൾ. കേസിലെ മറ്റ് പ്രതികളായ മോണ്ടി നഗർ, അവ്‍ദേശ് മിശ്ര, മോനു, സാഹിൽ, ശേഖർ, മോംഗ്ലി, ബാബ, ടിങ്കു, വിനയ് എന്നിവരെ കണ്ടെത്താനോ, അവരുടെ വിലാസം മനസ്സിലാക്കാനോ, പിടികൂടാനോ പൊലീസിന് കഴിഞ്ഞിട്ടില്ല. 

ലാത്തിയും ദണ്ഡും വടികളും വാളും തോക്കുമായാണ് ഇവർ കലാപസ്ഥലത്ത് എത്തിയത്. മുസ്ലിങ്ങൾക്കെതിരെ ഈ വാട്സാപ്പ് ഗ്രൂപ്പിൽ വലിയ വിദ്വേഷപരാമർശങ്ങളുണ്ടായിരുന്നു. ജയ് ശ്രീറാം എന്നും ഹർ ഹർ മഹാദേവ് എന്നും മുദ്രാവാക്യങ്ങൾ മുഴക്കി തെരുവുകൾ തോറും ഇവർ ചുറ്റിനടന്നു. സ്ഥലത്തെ മുസ്ലിം പൗരൻമാരെ കൊല്ലാൻ വാട്സാപ്പ് ഗ്രൂപ്പ് വഴി കൃത്യമായി പദ്ധതി ഇവർ തയ്യാറാക്കി. ആയുധങ്ങളുമായി എത്തി. കലാപം അഴിച്ചുവിട്ടു - പൊലീസ് കുറ്റപത്രത്തിൽ പറയുന്നു.

click me!