
ചെന്നൈ: വീണ്ടും പോസ്റ്റർ അമളിയിൽ പുലിവാല് പിടിച്ച് ഡിഎംകെ. മുഖ്യമന്ത്രി സ്റ്റാലിനെ പുകഴ്ത്താൻ ഇറക്കിയ പോസ്റ്ററാണ് ഇപ്പോൾ ട്രോളിന് കാരണമാകുന്നത് ഐഎസ്ആർഒ ചടങ്ങിന് ചൈനീസ് റോക്കറ്റിന്‍റെ ചിത്രം അടങ്ങിയ പരസ്യം നൽകിയതിലെ ക്ഷീണം മാറുന്നതിന് മുമ്പാണ് ഡിഎംകെയെ എയറിലാക്കി അടുത്ത പോസ്റ്റർ. മുഖ്യമന്ത്രി സ്റ്റാലിനോടുള്ള ആരാധന പ്രകടിപ്പിക്കാൻ നോക്കിയതാണ് ചെന്നൈ ഷോലിംഗല്ലൂരിലെ ഡിഎംകെ പ്രവർത്തകർ. ഇതാണിപ്പോള്‍ ട്രോളിനിടയാക്കിയിരിക്കുന്നത്. പ്രൈഡ് ഓഫ് തമിഴ്നാട്, തമിഴ്നാടിന്‍റെ അഭിമാനം എന്നായിരുന്നു മനസ്സിൽ.
പക്ഷേ പോസ്റ്റർ ഭിത്തിയിൽ കയറിയപ്പോൾ പി മാറി ബി ആയി. സ്റ്റാലിൻ ബ്രൈഡ് ഓഫ് തമിഴ്നാട്. അതായത് തലൈവർ, തമിഴ്നാടിന്‍റെ നവവധു എന്ന രീതിയില്‍ പോസ്റ്ററിന്‍റെ അര്‍ഥം മാറി. കിട്ടിയ അവസരം പ്രതിപക്ഷവും പാഴാക്കിയില്ല. ബിജെപിയുടെയും എഐഎഡിഎംകെയുടെയും ട്രോൾ ആർമി ഏറ്റെടുത്തതോടെ പോസ്റ്റർ വൈറലായി. എംജിആറിന് പകരം അരവിന്ദ് സ്വാമിയുടെ ഫോട്ടോ വച്ചതിന് ഉദയനിധി ട്രോളിയതിലെ കലിപ്പ് കൂടി തീർക്കുംമട്ടിലാണ് എഐഎഡിഎംകെ പ്രവര്‍ത്തകരുടെ കമന്‍റുകള്‍.
ഇതിനിടെ, സനാതനധർമ പരാമർശത്തിൽ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ അടക്കം ഡിഎംകെ നേതാക്കൾക്കെതിരായ ഹർജിയിൽ മദ്രാസ് ഹൈക്കോടതി ഇന്ന് വിധി പറയും. വിവാദപരാമർശത്തിനു ശേഷവും മന്ത്രിപദവിയിൽ തുടരുന്നത് ചോദ്യം ചെയ്ത് ആര്‍എസ്എസ് പ്രവർത്തകൻ ആയ ടി.മനോഹർ നൽകിയ ഹർജിയിൽ ജസ്റ്റിസ് അനിത സുമന്ത് ആണ് വിധി പറയുക. സനാതനധർമത്തിലെ ജാതി വ്യവസ്ഥയ്ക്കെതിരെ ആണ് സംസാരിച്ചതെന്നും ജനപ്രതിനിധികളെ അയോഗ്യരാക്കാനുള്ള വ്യവസ്ഥകൾ പാർലമെന്റിനു മാത്രമേ തീരുമാനിക്കാൻ ആകൂ എന്നുമാണ് ഉദയനിധി വാദിച്ചത്. അതേസമയം ഒരുവിഭാഗത്തെ ഉന്മൂലനം ചെയ്യണമെന്ന് പ്രസംഗിച്ച മന്ത്രി സത്യപ്രതിജ്ഞലംഘനം നടത്തിയെന്നും വിദ്വെഷ പരാമർഷത്തിന്റെ പരിധിയിൽ വരുമെന്നും ആണ് ഹർജിക്കാരന്റെ വാദം.
ഫേയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും നിശ്ചലമായത് ഒന്നര മണിക്കൂര്‍, കാരണമെന്ത്? ഖേദം അറിയിച്ച് മെറ്റ