
ഗുവാഹത്തി: അസം ബൊഹാഗ് ബിഹു ആഘോഷങ്ങളുടെ ലഹരിയിലായിരിക്കെ ഗുവാഹത്തിയിൽ നടന്ന വിചിത്രമായ മോഷണക്കേസിലെ പ്രതികളെ പൊലീസ് പിടികൂടി. സിപാജാർ സ്വദേശിയായ 32-കാരൻ ജാൻ മോണി ശർമ്മയാണ് സ്ത്രീ വേഷത്തിലെത്തി കവർച്ചയ്ക്ക് നേതൃത്വം നൽകിയത്. ഇയാളെ കൂടാതെ ഭാര്യ ധനദാ ദേവി, കൂട്ടാളി 31കാരനായ ഗഗൻ ബർമ്മൻ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു.
പരമ്പരാഗത അസമീസ് വസ്ത്രമായ മേഘല ചാദർ ധരിച്ചാണ് ജാൻ മോണി ശർമ്മ മോഷണത്തിന് എത്തിയത്. ആഘോഷങ്ങൾക്കിടയിൽ ആർക്കും സംശയം തോന്നാത്ത രീതിയിൽ സ്ത്രീ വേഷം കെട്ടിയെത്തിയ പ്രതികൾ ഒരു വീട്ടിൽ നിന്ന് സ്വർണം, പണം, അസമിന്റെ അഭിമാനമായ മൂഗ സിൽക്ക്, ചണം എന്നിവ കവർന്നു. കവർന്ന സ്വർണം പിന്നീട് പണയപ്പെടുത്തി വായ്പ എടുക്കുകയും ചെയ്തു.
ഈസ്റ്റ് ഗുവാഹത്തി പൊലീസ് ഡിസ്ട്രിക്റ്റ് ടീം നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. ഇവരിൽ നിന്ന് കവർച്ചയ്ക്ക് ഉപയോഗിച്ച വാനുകൾ, സ്കൂട്ടി, കൃത്രിമ മുടി ഹാൻഡ്‌ബാഗുകൾ, മോഷണത്തിന് ഉപയോഗിക്കുന്ന ആയുധങ്ങൾ എന്നിവ പൊലീസ് കണ്ടെടുത്തു. വേഷം മാറി ആൾമാറാട്ടം നടത്തി കവർച്ച നടത്തുന്ന വിചിത്രമായ രീതി പോലീസിനെ പൊലും അമ്പരപ്പിച്ചു.
പരമ്പരാഗത വസ്ത്രങ്ങളെയും സംസ്കാരത്തെയും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി ദുരുപയോഗം ചെയ്യരുതെന്ന് ഗുവാഹത്തി പൊലീസ് മുന്നറിയിപ്പ് നൽകി. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് കടുത്ത നിയമനടപടികൾ നേരിടേണ്ടി വരുമെന്നും അധികൃതർ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam