
ദില്ലി: പാക്കിസ്ഥാനിലെ നങ്കന ഗുരുദ്വാരയിലുണ്ടായ ആക്രമണത്തില്‍ കോണ്‍ഗ്രസ് നേതാവ് നവ്ജോത് സിംഗ് സിദ്ധു മൗനം പാലക്കുന്നുവെന്ന് ആരോപിച്ച് ബിജെപി നേതാവ് മീനാക്ഷി ലേഖി. എവിടേക്കാണ് സിദ്ധു ഒളിച്ചോടിപ്പോയിരിക്കുന്നതെന്ന് മീനാക്ഷി ലേഖി പരിഹസിച്ചു. പൗരത്വനിയമ ഭേദഗതിയെന്ന ബിജെപി സര്‍ക്കാരിന്‍റെ തീരുമാനത്തെ ന്യായീകരിക്കാന്‍ ഗുരുദ്വാരയിലുണ്ടായ ആക്രമണം പരാമര്‍ശിക്കുകയായിരുന്നു ലേഖി.
2018 ല്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ ചെന്ന സിദ്ധു പാക്ക് ആര്‍മി ചീഫ് ജനറല്‍ ഖമര്‍ ജാവേദ് ബജ്‍വയെ ആലിംഗനെ ചെയ്ത സംഭവവും അവര്‍ പ്രസംഗത്തിനിടെ പരാമര്‍ശിച്ചു. ''എനിക്ക് അറിയില്ല, സിദ്ധു എവിടേക്കാണ് ഒളിച്ചോടിയിരിക്കുന്നതെന്ന്... ഇത്രയും ഒക്കെ സംഭവിച്ച സ്ഥിതിക്ക്, ഐഎസ്ഐ ചീഫിനെ അദ്ദേഹത്തിന് ആലിംഗനം ചെയ്യേണ്ടിയിരിക്കും. എങ്കില്‍ കോണ്‍ഗ്രസ് അത് കാണണം'' - ലേഖി പറഞ്ഞു.
''അവര്‍ ഐഎസ്ഐ ചീഫിനെ ആലിംഗനം ചെയ്യാന്‍ സിദ്ധുവിനെ അയച്ചു. അതിന് ശേഷം എന്തുണ്ടായി ? നങ്കന സാഹേബിലെ ആക്രമണം അവര്‍ അവസാനിപ്പിച്ചോ ? പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് നിര്‍ത്തിയോ ? '' മീനാക്ഷി ലേഖി ചോദിച്ചു.
വെള്ളിയാഴ്ചയാണ് നങ്കന ഗുരുദ്വാരയില്‍ ആക്രമണമുണ്ടായത്. സിഖ് വിശ്വാസികള്‍ പ്രാര്‍ത്ഥനക്കെത്തിയപ്പോഴാണ് സംഭവം. ഇതോടെ നിരവധി വിശ്വാസികള്‍ ഗുരുദ്വാരയില്‍ കുടുങ്ങിയിരുന്നു. സിഖ് വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ച് ആള്‍ക്കൂട്ടം ഗുരുദ്വാര വളയുന്ന വീഡിയോ ദൃശ്യങ്ങല്‍ അകാലിദള്‍ എംഎല്‍എ മഞ്ജീന്ദര്‍ സിംഗ് സിര്‍സയാണ് പുറത്തുവിട്ടത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസത്തില്‍ സിഖ് യുവതിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റിയെന്ന ആരോപണത്തിന്‍റെ പിന്തുടര്‍ച്ചയാണ് ആക്രമണമെന്നാണ് സൂചന. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവിന്‍റെ നേതൃത്വത്തിലായിരുന്നു ഗുരുദ്വാരക്ക് നേരെ നടന്ന ആക്രമണമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. അകാലിദള്‍ എംഎല്‍എ മന്‍ജീദ് സിങ് സിര്‍സ അക്രമകാരികള്‍ സിഖ് വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam