
കുനിയംമുത്തൂര്‍: കോയമ്പത്തൂരിൽ അറ്റകുറ്റപ്പണിക്കിടെ എണ്ണ ടാങ്കർ പൊട്ടിത്തെറിച്ച് യുപി സ്വദേശിയായ വെൽഡിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം. ഗ്യാസ് കട്ടർ ഉപയോഗിച്ച് തുറക്കാൻ ശ്രമിക്കുന്നതിനിടെ ആണ് അപകടമുണ്ടായത്. 2 തൊഴിലാളികൾക്ക് പരിക്കേറ്റു. ഷണ്‍മുഖം എന്നയാളുടെ ഉടമസ്ഥതയിലുള്ള ബോഡിപാളയം റോഡിലെ വര്‍ക്ക് ഷോപ്പിലാണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയാണ് വെല്‍ഡിംഗ് പണി പൂര്‍ത്തിയാക്കാനായി ടാങ്കര്‍ ലോറി വര്‍ക്ക് ഷോപ്പിലെത്തിച്ചത്.
രാത്രി വൈകിയതുകൊണ്ട് അടുത്ത ദിവസം ജോലി തുടങ്ങാമെന്ന് അറിയച്ചതിനേ തുടര്‍ന്ന് ടാങ്കര്‍ ലോറി വര്‍ക്ക് ഷോപ്പില്‍ ഏല്‍പ്പിച്ച ശേഷം ഡ്രൈവര്‍ മടങ്ങുകയായിരുന്നു. ടാങ്കറിന്റെ തകരാറ് കണ്ടെത്തി വെല്‍ഡ് ചെയ്യാന്‍ ഒരുങ്ങുന്നതിനിടയിലാണ് വലിയ ശബ്ദത്തോടെ ടാങ്കര്‍ പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിക്ക് പിന്നാലെ ട്രെക്കില്‍ തീ പടര്‍ന്നു പിടിക്കുകയായിരുന്നു. വക്കീസ് എന്ന തൊഴിലാളിയാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. ഉത്തര്‍ പ്രദേശ് സ്വദേശിയായ ഇയാള്‍ക്ക് 38 വയസായിരുന്നു.
ഇയാളെ സഹായിക്കാന്‍ ശ്രമിച്ച ഒപ്പമുണ്ടായിരുന്ന രവി എന്നയാള്‍ക്കും ഗുരുതര പരിക്കാണ് സംഭവിച്ചിട്ടുള്ളത്. വക്കീസിന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണുള്ളത്. സംഭവത്തില്‍ മധുക്കരൈ പൊലീസ് കേസ് എടുത്തിട്ടുണ്ട്. പെട്രോളും ഓയിലും അടക്കം കെമിക്കലുകള്‍ കൊണ്ടുപോകാന്‍ ഉപയോഗിച്ചിരുന്ന ടാങ്കറാണ് പൊട്ടിത്തെറിച്ചത്. ആശുപത്രിയില്‍ ചികിത്സയിലുള്ളയാളുടെ സ്ഥിതി ഗുരുതരമാണെന്നും പൊട്ടിത്തെറിയിലും അഗ്നി ബാധയിലും ഗുരുതര പരിക്കും പൊള്ളലുമാണ് ഏറ്റിരിക്കുന്നതെന്നും പൊലീസ് വിശദമാക്കുന്നു.
ലീക്ക് പോലുള്ള തകരാര് പരിഹരിക്കാനായി കാലിയാക്കിയ ടാങ്കര്‍ ലോറിയിലെ ഏതെങ്കിലും കെമിക്കല്‍ സാന്നിധ്യം വെല്‍ഡിംഗ് ചെയ്യുന്നതിനിടയിലെ തീപ്പൊരിയുമായി കലര്‍ന്നതാണ് പൊട്ടിത്തെറിക്ക് ഇടയാക്കിയതെന്നാണ് പൊലീസ് സംഭവത്തേക്കുറിച്ച് നല്‍കുന്ന സൂചന. സംഭവത്തേക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വിശദമാക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam