
ദില്ലി: ട്വിറ്ററില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അണ്‍ഫോളോ ചെയ്ത് അമേരിക്കന്‍ ഭരണസിരാകേന്ദ്രമായ വൈറ്റ്ഹൗസ്. മൂന്ന് ആഴ്ചകളോളം ട്വിറ്ററില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും രാഷ്ട്രപതി റാം നാഥ് കോവിന്ദിനേയും പ്രധാനമന്ത്രിയുടെ ഓഫീസിനേയും പിന്തുടര്‍ന്ന ശേഷമാണ് നടപടി. ഏപ്രില്‍ 10നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വൈറ്റ്ഹൗസ് ട്വിറ്ററില്‍ ഫോളോ ചെയ്യാനാരംഭിച്ചത്. 21 ദശലക്ഷം ഫോളോവേഴ്‌സ് ഉള്ള വൈറ്റ് ഹൗസ് ആകെ 19 പേരെ മാത്രമായിരുന്നു ഫോളോ ചെയ്തിരുന്നത്. ഇതില്‍ ഇന്ത്യക്കാരുടേതായി ഉണ്ടായിരുന്ന ഈ മൂന്ന് അക്കൌണ്ടുകള്‍ ആണ് ഇപ്പോള്‍ വൈറ്റ് ഹൗസ് അണ്‍ഫോളോ ചെയ്തിരിക്കുന്നത്.
ഇതോടൊപ്പം വാഷിംടണിലുള്ള ഇന്ത്യന്‍ എംബസിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിനേയും ഫോളോ ചെയ്യുന്നവരുടെ പട്ടികയില്‍ നിന്ന് വൈറ്റ് ഹൗസ് വെട്ടിയിട്ടുണ്ട്. ഇന്ത്യയുമായുള്ള അമേരിക്കയുടെ ബന്ധത്തിന്റെ തീവ്രത വെളിവാക്കുന്നതാണ് ട്വിറ്ററില്‍ കാണുന്നതെന്നായിരുന്നു നയതന്ത്രജ്ഞര്‍ ഇതിനേക്കുറിച്ച് നേരത്തെ പറഞ്ഞിരുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിരവധി തവണ ചര്‍ച്ച നടത്തിയിരുന്നു. അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ ഹൂസ്റ്റണില്‍ മോദി ഹൗദി മോദി പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ ഇന്ത്യയിലെത്തിയപ്പോള്‍ ട്രംപിനു വേണ്ടി നമസ്‌തേ ട്രംപ് പരിപാടി നടത്തിയിരുന്നു.
എന്നാല്‍, കൊവിഡ് 19 പടര്‍ന്ന് പിടിച്ച സാഹചര്യത്തില്‍ ഹൈഡ്രോക്ലോറോക്വിന്‍ മരുന്ന് അയച്ചുതരാന്‍ ട്രംപ് മോദിയോട് ഫോണില്‍ ആവശ്യപ്പെട്ടു. മറുപടി വൈകിയതിനെ തുടര്‍ന്ന് ട്രംപ് തിരിച്ചടിയുണ്ടാകുമെന്ന് പറഞ്ഞത് വിവാദമായിയിരുന്നു. പിന്നീട് മരുന്ന് കയറ്റുമതിക്ക് ഇന്ത്യ അനുമതി നല്‍കി. മരുന്ന് കയറ്റിയയക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ മോദിയെ പുകഴ്ത്തി ട്രംപ് വീണ്ടും രംഗത്തെത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam