
ദില്ലി: ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന കാർ സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണായകമാകുന്ന പുതിയ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ചാവേറെന്ന് സംശയിക്കുന്ന ഡോ. ഉമർ മുഹമ്മദിന് വാഹനം കൈമാറിയ ദിവസം, മൂന്ന് പേർ ചേർന്ന് കാറിൻ്റെ പുക പരിശോധന നടത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ഒക്ടോബർ 29-ന് വൈകുന്നേരം 4:20ന് ഉള്ളതാണ് ഈ ദൃശ്യങ്ങൾ. ഇതേ ദിവസമാണ് ഹരിയാന രജിസ്ട്രേഷനിലുള്ള (HR 26CE7674) വെളുത്ത ഹ്യുണ്ടായ് i20 കാർ ഡോ. ഉമർ മുഹമ്മദിന് വിൽക്കുന്നത്. പി യു സി ബൂത്തിന് അടുത്ത് കാർ നിർത്തിയിട്ടിരിക്കുന്നതും, ഒരാൾ ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഏതാനും മിനിറ്റുകൾക്ക് ശേഷം മറ്റ് രണ്ട് പേർ കൂടി സ്ഥലത്തെത്തുന്നു. താടി വച്ചിട്ടുള്ള രണ്ട് പേരിൽ ഒരാൾ താരിഖ് മാലിക്കാണ് എന്നും ഇയാൾക്ക് കാർ കൈമാറ്റം നടന്നതിനെക്കുറിച്ച് അറിയാമായിരുന്നെന്നും സംശയിക്കുന്നുണ്ട്. തുടർന്ന് ഈ മൂന്ന് പേരും കാറിൽ കയറി പോകുന്നതാണ് ദൃശ്യങ്ങളിൽ.
കാറിൻ്റെ യഥാർത്ഥ ഉടമ, അറസ്റ്റിലായ മുഹമ്മദ് സൽമാൻ ഉൾപ്പെടെ ഏഴ് പേർക്ക് കൈമാറ്റം ചെയ്യപ്പെട്ട ശേഷമാണ് വാഹനം ഉമർ മുഹമ്മദിൽ എത്തിയത്. പാർക്കിംഗ് സ്ഥലത്ത് നിർത്തിയിട്ട സമയത്ത് ചാവേർ ഒരൊറ്റ നിമിഷം പോലും കാറിൽ നിന്ന് പുറത്തിറങ്ങിയില്ല എന്നും ഇയാൾ ആർക്കുവേണ്ടിയോ നിർദ്ദേശങ്ങൾക്കുവേണ്ടിയോ കാത്തിരിക്കുകയായിരുന്നുവെന്നുമാണ് അന്വേഷണ വൃത്തങ്ങൾ പറയുന്നത്. ഉച്ചയ്ക്ക് 3:19-ന് പാർക്ക് ചെയ്ത കാർ 6:30-നാണ് ഇവിടെ നിന്ന് പുറത്തേക്ക് പോയത്. വൈകുന്നേരം 6:52-നാണ് ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം സ്ഫോടനം നടന്നത്.
സ്ഫോടനം നടന്ന അതേ ദിവസം, തലസ്ഥാനത്ത് നിന്ന് 50 കിലോമീറ്റർ അകലെ ഹരിയാനയിലെ ഫരീദാബാദിൽ നിന്ന് 2,900 കിലോ സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തിരുന്നു. മൊഡ്യൂളിലെ പ്രധാനികളായ ഡോ. മുജമ്മിൽ ഷക്കീൽ, ഡോ. ആദിൽ റാഥർ എന്നിവരെ അറസ്റ്റ് ചെയ്തതിരുന്നു. ഇതിൽ ഭയന്നാണ് ഡോ. ഉമർ മുഹമ്മദ് ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം നടത്തിയതെന്നാണ് സൂചന. ഇയാൾ മറ്റ് രണ്ട് കൂട്ടാളികളുമായി ചേർന്ന് ആക്രമണം ആസൂത്രണം ചെയ്യുകയും അമോണിയം നൈട്രേറ്റ് അടങ്ങിയ സ്ഫോടകവസ്തു കാറിൽ സ്ഥാപിച്ച് ഡിറ്റണേറ്റർ ഉപയോഗിച്ച് സ്ഫോടനം നടത്തുകയുമായിരുന്നു.