
ബെംഗളൂരു: സോഫ്റ്റ്‌വെയർ എഞ്ചിനീയറെ ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട യുവതി മയക്കുമരുന്ന് നൽകി ബോധം കെടുത്തി സ്വർണാഭരണങ്ങളും പണവും കവർന്നതായി പരാതി. 26 വയസ്സുകാരനായ സോഫ്റ്റ്‍വെയർ എഞ്ചിനീയറാണ് പരാതിക്കാരൻ. മൂന്നര പവന്‍റെ സ്വർണമാലയും മൂന്ന് പവന്‍റെ ബ്രേസ്‍ലറ്റും കവർന്നെന്നാണ് പരാതി. സ്വർണവും പണവും അടക്കം 6.89 ലക്ഷം രൂപ സ്വർണം നഷ്ടമായതായി യുവാവ് നൽകിയ പരാതിയിൽ പറയുന്നു. ബെംഗളൂരുവിലാണ് സംഭവം.
നവംബർ ഒന്നിനാണ് സംഭവം നടന്നതെങ്കിലും പരാതിക്കാരൻ ഒരാഴ്ചയ്ക്ക് ശേഷമാണ് ഇന്ദിരാനഗർ പൊലീസിനെ സമീപിച്ചത്. കവിപ്രിയ എന്ന യുവതിയെ രണ്ട് മാസം മുമ്പ് 'ഹാപ്ൻ' എന്ന ഡേറ്റിംഗ് ആപ്പ് വഴിയാണ് പരിചയപ്പെട്ടതെന്ന് യുവാവ് പറഞ്ഞു. കുറച്ചു ദിവസത്തെ ചാറ്റിന് ശേഷം നവംബർ ഒന്നിന് ഇന്ദിരാനഗറിലെ ഒരു റെസ്റ്റോറന്റിൽ വെച്ച് നേരിട്ട് കാണാൻ ഇരുവരും തീരുമാനിച്ചു.
നേരിൽ കണ്ടപ്പോൾ ഇരുവരും മദ്യപിച്ചു. കവിപ്രിയ അടുത്തുള്ള ലോഡ്ജിൽ മുറി ബുക്ക് ചെയ്തിരുന്നു. താൻ പേയിങ് ഗസ്റ്റായി താമസിക്കുന്ന സ്ഥലത്ത് രാത്രി വളരെ വൈകിയതിനാൽ തിരികെ പോകാൻ കഴിയില്ലെന്ന് യുവതി പറഞ്ഞു. രാത്രി 12.30 ഓടെ ഓണ്‍ലൈനായി യുവതി ഭക്ഷണം വരുത്തി. പിന്നീട് യുവതി ഒരു ഗ്ലാസ് വെള്ളം നൽകിയെന്നും അത് കുടിച്ചപ്പോൾ താൻ ഉറങ്ങിപ്പോയെന്നും യുവാവ് പറയുന്നു. രാവിലെ ബോധം വന്നപ്പോൾ തന്‍റെ കൈവശമുണ്ടായിരുന്ന പണവും സ്വർണവും കാണാതായി. യുവതിയെയും കാണാനില്ലായിരുന്നുവെന്ന് യുവാവ് നൽകിയ പരാതിയിൽ പറയുന്നു.
യുവാവിന്‍റെ മൊഴി അനുസരിച്ച്, 3.22 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ മാല, 3.45 ലക്ഷം രൂപയുടെ ബ്രേസ്‍ലറ്റ്, 10,000 രൂപ, 12,000 രൂപയുടെ ഹെഡ്‌സെറ്റ് എന്നിവയുമായി യുവതി കടന്നു കളഞ്ഞു. യുവതിയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവതി തന്‍റെ സ്വകാര്യ ചിത്രങ്ങൾ എടുത്തിട്ടുണ്ടാകുമോ എന്ന ആശങ്കയും യുവാവ് പൊലീസിനോട് പറഞ്ഞു. ഭക്ഷണത്തിലോ വെള്ളത്തിലോ യുവതി മയക്കുമരുന്ന് കലർത്തിയതായി പൊലീസ് സംശയിക്കുന്നു. ഭാരതീയ ന്യായ സംഹിതയിലെ 303 (2), 318 (4) വകുപ്പുകൾ പ്രകാരം മോഷണത്തിനും വഞ്ചനയ്ക്കും പൊലീസ് കേസെടുത്തു.