
ദില്ലി: ലോകാരോഗ്യ സംഘടന പുറത്തുവിട്ട കൊവിഡ് മരണ കണക്കിൽ അതൃപ്തി അറിയിച്ച് ഇന്ത്യ. നടപടി നിരാശപ്പെടുത്തിയെന്ന് ജനീവയിലെ ലോക ആരോഗ്യ അസംബ്ലിയിൽ കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു. ഇന്ത്യയുടെയും മറ്റ് രാജ്യങ്ങളുടെയും ആശങ്ക അവഗണിച്ചാണ് കൊവിഡ് മരണക്കണക്ക് ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിച്ചത്. വിവരം ശേഖരിച്ച രീതിയിലും ഉറവിടത്തെ കുറിച്ചും സുതാര്യത വേണമായിരുന്നുവെന്നും കേന്ദ്രമന്ത്രി മൻസൂഖ് മാണ്ഡവ്യ പറഞ്ഞു.
ലോകത്ത് ഇതുവരെ ഒന്നരക്കോടിയോളം പേർ കൊവിഡ് ബാധിച്ച് മരിച്ചുവെന്നാണ് ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കുകൾ പറയുന്നത്. നിലവിൽ രേഖപ്പെടുത്തിയതിന്റെ മൂന്നിരട്ടിയോളം വരും ഇത്. വിവിധ രാജ്യങ്ങൾ പുറത്തുവിട്ട കണക്കുപ്രകാരം 54 ലക്ഷം പേരാണ് ഇതുവരെ കൊവിഡ് മൂലം മരിച്ചത്. ഇതുതള്ളിയാണ് യഥാർത്ഥ കണക്കെന്ന അവകാശവാദവുമായി ലോകാരോഗ്യ സംഘടന പുതിയ കണക്ക് പുറത്തുവിട്ടത്. ഈ കണക്ക് പ്രകാരം 47 ലക്ഷം പേരാണ് ഇന്ത്യയിൽ മാത്രം മരിച്ചത്.
സർക്കാർ കണക്കിനേക്കാൾ ഒൻപത് മടങ്ങ് അധികമാണ് ഇത്. ലോകത്തെ കൊവിഡ് മരണങ്ങളുടെ മൂന്നിലൊന്ന് ഭാഗത്തോളം ഇന്ത്യയിലാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. കണക്കുകൾ പ്രകാരം ഈജിപ്തിൽ ആണ് മരണസംഖ്യയിലെ വ്യതിയാനം ഏറ്റവും കൂടുതൽ. രേഖപ്പെടുത്തിയതിന്റെ 11 ഇരട്ടി മരണമാണ് ലോകാരോഗ്യ സംഘടനയുടെ ഡേറ്റകൾ പ്രകാരം ഈജിപ്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അമേരിക്കയും റഷ്യയും അടക്കമുള്ള രാജ്യങ്ങളിലും യഥാർത്ഥ മരണം രേഖപ്പെടുത്തപ്പെട്ടില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
ലോകാരോഗ്യ സംഘടനയുടെ കൊവിഡ് മരണ കണക്കിനെതിരായ വിമർശനം ഇന്ത്യ വിദേശ വേദികളില്‍ ഉയര്‍ത്താൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. പ്രതിഷേധമറിയിച്ചിട്ടും ലോകാരോഗ്യസംഘടന കണക്ക് പ്രസിദ്ധീകരിച്ച സാഹചര്യത്തിലാണ് ഇന്ത്യ വിമർശനം ശക്തമാക്കാൻ തീരുമാനിച്ചത്.