
ചെന്നൈ: ഒടുവിൽ അഭ്യൂഹങ്ങൾക്ക് വിരാമം. ഐപിഎൽ ടീമായ സൺറൈസേഴ്സ് ഹൈദരാബാദ് ടീമിന്റെ സിഇഒയും സൺ ടിവി നെറ്റ്വര്ക്ക് എക്സിക്യൂട്ടീവ് ഡയറക്ടറുമായ കാവ്യ മാരനും പ്രശസ്ത സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും വിവാഹിതരാകുന്നു. സൺ ഗ്രൂപ്പ് ചെയർമാൻ കലാനിധി മാരൻ കാവ്യ മാരന്റെ വിവാഹം ക്ഷണിക്കാനെത്തിയ വിവരം തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയാണ് ആദ്യം സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഇതിനുപിന്നാലെ സൺ ടിവിയുടെ സൺ ന്യൂസ് തങ്ങളുടെ എക്സ് അക്കൗണ്ടിലൂടെ കൂടുതൽ ചിത്രങ്ങൾ പുറത്തുവിട്ടു.
സൺ ഗ്രൂപ്പ് ചെയർമാൻ കലാനിധി മാരനും കുടുംബാംഗങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദി, തമിഴ്നാട് മുഖ്യമന്ത്രി വിജയ്, ഗവർണർ രാജേന്ദ്ര ആർലേക്കർ, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തുടങ്ങിയ പ്രമുഖർക്ക് വിവാഹക്ഷണക്കത്ത് കൈമാറുന്ന ചിത്രങ്ങളാണ് സൺന്യൂസ് പങ്കുവെച്ചത്.
നവംബർ 11-ന് ഗ്രീസിൽവെച്ചാണ് കാവ്യ മാരനും അനിരുദ്ധും വിവാഹിതരാവുകയെന്നാണ് റിപ്പോർട്ട്. ഇതിനുശേഷം നവംബർ 21-ന് ചെന്നൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വിവാഹസത്കാരവും ഉണ്ടാകും.
സൺ ടിവി ഗ്രൂപ്പ് ചെയർമാനായ കലാനിധി മാരന്റെയും സോളാർ ടിവി സിഇഒ കാവേരി കലാനിധിയുടെയും മകളാണ് 34-കാരിയായ കാവ്യ മാരൻ. 1992 ഓഗസ്റ്റ് ആറിന് ചെന്നൈയിലാണ് കാവ്യയുടെ ജനനം. ചെന്നൈ സ്റ്റെല്ല മേരീസ് കോളേജിൽനിന്ന് ബിരുദപഠനം പൂർത്തിയാക്കി. ശേഷം യുകെയിലെ വാർവിക് ബിസിനസ് സ്കൂളിൽനിന്ന് എംബിഎയും സ്വന്തമാക്കി. പിതാവിന്റെ ബിസിനസ് സംരംഭമായ സൺ ടിവി ഗ്രൂപ്പിലായിരുന്നു കാവ്യ മാരന്റെയും കരിയർ തുടക്കം. സൺ ടിവി നെറ്റ്വർക്കിൽ എക്സിക്യൂട്ടിവ് ഡയറക്ടറാണ് കാവ്യ മാരൻ. 2018-ൽ സൺ ഗ്രൂപ്പ് ഐപിഎൽ ഫ്രാഞ്ചൈസിയായ സൺറൈസേഴ്സ് ഹൈദരാബാദിനെ ഏറ്റെടുത്തു. ഇതോടെ കാവ്യ മാരൻ സൺറൈസേഴ്സിന്റെ സിഇഒയായി. സൺ ഗ്രൂപ്പ് ചെയർമാനായ കലാനിധി മാരന് ഏകദേശം 24,600 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് റിപ്പോർട്ട്. കാവ്യ മാരന്റെ വ്യക്തിഗത ആസ്തി ഏകദേശം 409 കോടി രൂപയുടേതാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam