'കര്‍ക്കശവും സമയോചിതവുമായി നടപടി'; കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയെ അഭിനന്ദിച്ച് ലോകാരോഗ്യസംഘടന

By Web TeamFirst Published Apr 14, 2020, 5:12 PM IST
Highlights

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യക്ക് ലോകാരോഗ്യസംഘടനയുടെ അഭിനന്ദനം. രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ക്കശവും സമയോചിതവുമായ നടപടികളെ ചൂണ്ടിക്കാട്ടുകയായിരുന്നു ഡബ്യുഎച്ച്ഒ.
 

ദില്ലി: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യക്ക് ലോകാരോഗ്യസംഘടനയുടെ അഭിനന്ദനം. രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ക്കശവും സമയോചിതവുമായ നടപടികളെ ചൂണ്ടിക്കാട്ടുകയായിരുന്നു ഡബ്യുഎച്ച്ഒ. ലോക്ക് ഡൗണ്‍ മെയ് മൂന്ന് വരെ ദീര്‍ഘിപ്പിച്ചതിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടനയുടെ അഭിനന്ദനം.

അടച്ചുപൂട്ടല്‍ നടപടികളുടെ ഫലം കണക്കുകളില്‍ പറയാനായിട്ടില്ലെങ്കിലും സാമൂഹിക അകലം പാലിക്കാനുള്ള നടപടികള്‍ അഭിനന്ദനര്‍ഹമാണെന്ന് ഡബ്യുഎച്ച്ഒ വ്യക്തമാക്കി. സാമൂഹിക അകലം പാലിക്കല്‍, രോഗബാധ കണ്ടെത്തല്‍, ഐസൊലേഷന്‍, കൂടുതല്‍ സംമ്പര്‍ക്കം പുലര്‍ത്തിയവവരെ കണ്ടെത്തുക, പൊതുസ്ഥലങ്ങള്‍ ശുചീകരിക്കുക തുടങ്ങിയ നടപടികള്‍ക്കായി രാജ്യം അടച്ചിട്ടത് വൈറസ് പടരുന്നത് തടയാന്‍ വലിയ സഹായമാകുമെന്നും ലോകാരോഗ്യസംഘടന സൗത്ത് ഈസ്റ്റ് റീജിയണല്‍ ഡയറക്ടര്‍, ഡോ. പൂനം ഖേത്രപാല്‍ സിങ് പറഞ്ഞു.

നിരവധി കടുത്ത വെല്ലുവിളികള്‍ നിലനില്‍ക്കെ, മഹാമാരിക്കെതിരെ പോരാടുന്നതില്‍ ഇന്ത്യ ഉറച്ച സമര്‍പ്പണമാണ് നടത്തിയത്. ഈ പരീക്ഷണകാലത്ത് അധികാരികള്‍ക്കും, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മാത്രമല്ല ഉത്തരവാദിത്തങ്ങള്‍ ഉള്ളത്, മറിച്ച് അത് സമൂഹത്തിന്റേത് കൂടിയാണ്. വൈറസ് പടരാതിരിക്കാന്‍ ഓരോരുത്തരും കഴിയുന്നത് ചെയ്യുക എന്നതാണ് പ്രധാനം.  അതിന് ആവശ്യമായത് ചെയ്യേണ്ട സമയമാണിതെന്നും അവര്‍ പറഞ്ഞു.

ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ക് ഡൗണ്‍ മെയ് മൂന്നുവരെ നീട്ടുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. ഒരാഴ്ചയ്ക്ക് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ആവശ്യമുള്ളയിടങ്ങളില്‍ ഘട്ടംഘട്ടമായി ഇളവുകള്‍ പ്രഖ്യാപിക്കുമെന്നുമാണ് പ്രധാനമന്ത്രി അറിയിച്ചിരിക്കുന്നത്.
 

click me!