
ദില്ലി : മണിപ്പൂരിൽ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ ബിജെപിയിൽ തിരക്കിട്ട നീക്കങ്ങൾ. മന്ത്രിമാരായ വൈ ഖേംചന്ദ് സിംഗ്, ടി ബിശ്വജിത് സിംഗ് എന്നിവർക്കൊപ്പം സ്പീക്കർ സത്യബ്രത സിംഗും നിലവിൽ ബിജെപിയുടെ പരിഗണനയിലുണ്ട്. അവിശ്വാസ പ്രമേയം നിരാകരിക്കില്ലെന്ന് സ്പീക്കർ അറിയിച്ചതോടെയാണ് ബിജെപി നേതൃത്വം ബിരേൻ സിംഗിന്റെ രാജിക്ക് വഴങ്ങിയത്. സഖ്യകക്ഷികളായ എൻപിപി, എൻപിഎഫ് എന്നിവരുമായി ബിജെപി ചർച്ച തുടങ്ങി.
മണിപ്പൂരിൽ സംഘർഷം ഇരുപത്തിയൊന്ന് മാസം പിന്നിടുമ്പോഴാണ് മുഖ്യമന്ത്രി സ്ഥാനം എൻ ബിരേൻ സിംഗ് രാജിവെച്ചത്. ദില്ലിയിൽ എത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടതിന് ശേഷമാണ് ഗവർണർക്ക് രാജിക്കത്ത് നൽകിയത്. മണിപ്പൂരിൽ കലാപം ആളിക്കത്തിച്ചത് ബീരേൻ സിംഗാണ് എന്ന ആരോപണം തുടക്കം തൊട്ട് ശക്തമായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ നിന്ന് ഉയർന്നപ്പോഴും മോദിയും അമിത് ഷായും ബീരേനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഒടുവിൽ ബജറ്റ് സമ്മേളനം നടക്കാനിരിക്കെയാണ് നാടകീയമായി രാജി. കോൺഗ്രസ് അവിശ്വാസ പ്രമേയം ബിരേന് സർക്കാരിനെതിരെ നൽകുമെന്ന് വ്യക്തമാക്കിയിരുന്നു. നീക്കത്തിന് ഭരണകക്ഷി എംഎൽഎമാരിൽ നിന്നും പിന്തുണ ലഭിച്ചേക്കാനുള്ള സാധ്യത കണക്കിലെടുത്താണ് പാർട്ടി കേന്ദ്ര നേതൃത്വം തിടുക്കത്തിൽ രാജിക്കുള്ള നിർദ്ദേശം നല്കിയത്.
ദില്ലിയിലെത്തി അമിത് ഷായെ കണ്ട ശേഷമാണ് ബിരേൻസിംഗ് രാജി നല്കിയത്. ഒപ്പം ബീരേൻ സിംഗിന് കലാപത്തിൽ പങ്കുണ്ടോ എന്നത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ചീവ് ഖന്ന അദ്ധ്യക്ഷനായ ബഞ്ച് പരിഗണിക്കുന്നുണ്ട്. ബീരേൻസിംഗിൻറെ ചില ഓഡിയോ ക്ളിപ്പുകളുടെ ഫോറൻസിക്ക് പരിശോധനഫലം വാരാനിരിക്കെ കൂടിയാണ് രാജിയിലേക്ക് കാര്യങ്ങൾ എത്തുന്നത്. രാജിക്കത്തിൽ മണിപ്പൂരിൻറെ വികസനത്തിന് സഹായം നല്കിയതിന് കേന്ദ്ര സർക്കാരിന് നന്ദി അറിയിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam