
സ്വന്തം കാലിൽ നിൽക്കാനുള്ള ആഗ്രഹവും സാമ്പത്തിക സ്വാതന്ത്ര്യത്തോടുള്ള അഭിനിവേശവും കാരണം പഠനം പൂർത്തിയാക്കുന്നതിന് മുൻപേ ജോലിയിൽ പ്രവേശിക്കാൻ ഇന്ത്യയിലെ യുവതലമുറ വലിയ താല്പര്യം കാണിക്കുന്നതായി റിപ്പോർട്ട്. എന്നാൽ, ആവശ്യമായ തൊഴിൽ നൈപുണ്യമോ പക്വതയോ കൈവരിക്കുന്നതിന് മുൻപുള്ള ഈ എടുത്തുചാട്ടം വളരെ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നു.
ഡെലോയിറ്റ് (Deloitte) നടത്തിയ പഠനമനുസരിച്ച്, ഇന്ത്യയിലെ ജെൻ സി വിഭാഗത്തിൽപ്പെട്ട 26 ശതമാനം പേരും പഠനത്തോടൊപ്പം തന്നെ ജോലി ചെയ്യുന്നവരാണ്. ആഗോള തലത്തിൽ നോക്കിയാൽ, ആദ്യ ജോലിയിൽ പ്രവേശിക്കുമ്പോൾ തങ്ങൾ പൂർണ്ണമായും ആ ജോലിയിൽ സജ്ജരല്ലെന്ന് 53 ശതമാനം യുവാക്കളും പറയുന്നു. ഇന്ത്യയിൽ യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 16 ശതമാനത്തിന് മുകളിൽ നിൽക്കുമ്പോഴും, നിലനിൽപ്പിനായി താൽക്കാലിക ജോലികളിലേക്ക് ഇവർ എത്തിപ്പെടുന്നു.
വെറുമൊരു കൗതുകം കൊണ്ടല്ല ഭൂരിഭാഗം വിദ്യാർത്ഥികളും നേരത്തെ ജോലിയിൽ പ്രവേശിക്കുന്നത്. പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ (PLFS, 2025 ഏപ്രിൽ) പ്രകാരം ഇതിന് പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളത്.
ആവശ്യമായ യോഗ്യത നേടുന്നതിന് മുൻപ് ജോലിയിൽ പ്രവേശിക്കുന്നത് ഭാവിയിൽ വലിയ തിരിച്ചടിയുണ്ടാക്കുമെന്ന് വേൾഡ് ബാങ്ക് റിപ്പോർട്ട് വ്യക്തമാക്കുന്നു. കുറഞ്ഞ വൈദഗ്ധ്യം ആവശ്യമുള്ള ജോലികളിൽ നേരത്തെ പ്രവേശിക്കുന്നവർ പിൽക്കാലത്ത് ഉയർന്ന ശമ്പളമുള്ള ജോലികളിലേക്ക് മാറാൻ പ്രയാസപ്പെടും. ഇത് ജീവിതകാലം മുഴുവൻ കുറഞ്ഞ വരുമാനത്തിൽ ഒതുങ്ങിപ്പോകാൻ കാരണമാകും. കൂടാതെ, ഉറക്കമില്ലായ്മ, മാനസിക സമ്മർദ്ദം, പഠനത്തോടുള്ള താല്പര്യക്കുറവ് എന്നിവയ്ക്കും ഇത് വഴിതെളിക്കുന്നു.
പഠനത്തെ ബാധിക്കാത്ത രീതിയിലുള്ള ചെറിയ പാർട്ട് ടൈം ജോലികൾ ആശയവിനിമയ ശേഷിയും ആത്മവിശ്വാസവും വർദ്ധിപ്പിക്കാൻ സഹായിക്കും. എന്നാൽ, പഠനത്തിന് നൽകേണ്ട മുൻഗണന കുറയുന്ന രീതിയിൽ ജോലി ചെയ്യുന്നത് അപകടകരമാണ്. ഇന്ത്യയിലെ 92 ശതമാനം തൊഴിൽ മേഖലയും അൺഓർഗനൈസ്ഡ് വിഭാഗത്തിലായതിനാൽ, ഇൻഷുറൻസോ കൃത്യമായ തൊഴിൽ സുരക്ഷയോ ഇല്ലാതെ യുവാക്കൾ ചൂഷണം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ (ILO) ചൂണ്ടിക്കാട്ടുന്നു.
ചുരുക്കത്തിൽ വിജയം എന്നത് എത്ര നേരത്തെ സമ്പാദിച്ചു എന്നതിലല്ല, മറിച്ച് ജോലിക്ക് വേണ്ട ശരിയായ പക്വതയും നൈപുണ്യവും നേടിയോ എന്നതിലാണ് കാര്യമെന്ന് ഈ പഠനങ്ങൾ ഓർമ്മിപ്പിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam