'രാഷ്ട്രീയത്തിലിറങ്ങിയാൽ വിവാഹബന്ധം വേർപെടുത്തിക്കളയുമെന്ന് ഭാര്യയുടെ ഭീഷണി': രഘുറാം രാജൻ

By Web TeamFirst Published Apr 26, 2019, 2:57 PM IST
Highlights

ഇന്ത്യൻ മാർക്കറ്റിൽ മുമ്പുണ്ടായിരുന്ന നല്ല ശമ്പളം കിട്ടുന്ന  മിഡിൽക്ളാസ്സ് ജോലികൾ, ഇപ്പോൾ ഇല്ലാതായിക്കൊണ്ടിരിക്കുന്നത് നമ്മുടെ കുടുംബ ജീവിതങ്ങളെ സാരമായി ബാധിക്കുന്നുണ്ടെന്ന്

രാഷ്ട്രീയത്തിലിറങ്ങാൻ തനിക്ക് ഒട്ടും താത്പര്യമില്ലെന്ന് റിസർവ് ബാങ്ക് മുൻ ഗവർണറായിരുന്ന രഘുറാം രാജൻ. മാത്രവുമല്ല, ഇറങ്ങിയാൽ  വിവാഹബന്ധം വേർപെടുത്തിക്കളയുമെന്നൊരു ഭീഷണിയും ഭാര്യ   മുഴക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. Live Mint'നു നൽകിയ അഭിമുഖത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമർശം. അല്ലെങ്കിലും തനിക്ക് രാഷ്ട്രീയത്തിൽ അങ്ങനെ പറയത്തക്ക അഭിരുചിയൊന്നുമില്ലെന്നും, പ്രസംഗങ്ങൾ നടത്തി വോട്ടുപിടിക്കാനറിയുന്ന എത്രയോ പേർ ഇവിടെ ഇപ്പോൾ തന്നെ  ഉണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

ഇന്ത്യൻ മാർക്കറ്റിൽ മുമ്പുണ്ടായിരുന്ന നല്ല ശമ്പളം കിട്ടുന്ന മിഡിൽക്ളാസ്സ് ജോലികൾ, ഇപ്പോൾ ഇല്ലാതായിക്കൊണ്ടിരിക്കുന്നത് നമ്മുടെ കുടുംബ ജീവിതങ്ങളെ സാരമായി ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കാർഷിക രംഗത്തും വരുമാനം കുറഞ്ഞത് കാര്യമായ അമർഷം കൃഷിഭൂമിയെ ആശ്രയിച്ചു ജീവിക്കുന്നവർക്കിടയിൽ ഉണ്ടാക്കിയിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പിന് ശേഷം വരുന്ന സർക്കാർ ആരുടേതായാലും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനാവണം മുൻ‌തൂക്കം നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 

2013-16  കാലയളവിൽ റിസർവ് ബാങ്കിന്റെ ഗവർണർ സ്ഥാനം വഹിച്ച രഘുറാം രാജൻ ആഗോളതലത്തിൽ അറിയപ്പെടുന്ന ഒരു സാമ്പത്തിക ശാസ്ത്രജ്ഞനും, അക്കാദമിഷ്യനും,  ചിന്തകനുമാണ്. ഗവർണർ സ്ഥാനം രാജിവെച്ച ശേഷം അദ്ദേഹം 'ക്രിയ'(KREA) എന്ന് പേരായ ഒരു സ്വകാര്യ സർവകലാശാല സ്ഥാപിക്കാനുള്ള പരിശ്രമങ്ങളിലായിരുന്നു. കോർപ്പറേറ്റ് സെക്ടറിലെ പല കമ്പനികൾക്കും പങ്കാളിത്തമുള്ള ഈ പ്രോജക്ടിന്റെ ആദ്യ ഘട്ടത്തിൽ ഏകദേശം 750  കോടി രൂപയുടെ നിക്ഷേപമുണ്ടാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്.

ഇക്കൊല്ലം ക്‌ളാസുകൾ തുടങ്ങാനിരിക്കുന്ന ഈ യൂണിവേഴ്‌സിറ്റിയിൽ ഏകദേശം 8 ലക്ഷം രൂപയോളം ചെലവുവരും. തുടക്കത്തിൽ ആന്ധ്രയിലെ ശ്രീകോടിയിലുള്ള IFMR കാമ്പസിൽ പ്രവർത്തനമാരംഭിക്കുന്ന യൂണിവേഴ്‌സിറ്റി അടുത്ത വർഷത്തോടെ 200  കോടി മുതൽ മുടക്കുള്ള സ്വന്തം കാമ്പസിലേക്ക് മറ്റും. ഇവിടെ നിന്നും നാലുവർഷത്തെ BA (Hons.),BSc (Hons.) ബിരുദകോഴ്‌സുകളാവും ഉണ്ടാവുക. 

click me!