യോഗിക്കെതിരെയുള്ള പോസ്റ്റ്; അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍റെ ഭാര്യ സുപ്രീംകോടതിയെ സമീപിച്ചു

By Web TeamFirst Published Jun 10, 2019, 12:36 PM IST
Highlights

അറസ്റ്റിലായ മാധ്യമ പ്രവര്‍ത്തകന്‍ പ്രശാന്ത് കനോജിയയുടെ ഭാര്യ ജഗിഷ അറോറയാണ് കോടതിയെ സമീപിച്ചത്. ഹർജി നാളെ പരിഗണിക്കും. 

ദില്ലി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ മാധ്യമ പ്രവര്‍ത്തകന്‍റെ ഭാര്യ സുപ്രീംകോടതിയെ സമീപിച്ചു. ഓണ്‍ലൈന്‍ വാര്‍ത്ത വെബ്സൈറ്റായ ദ വയറിലെ മുന്‍ മാധ്യമപ്രവർത്തകനായ പ്രശാന്ത് കനോജിയയുടെ ഭാര്യ ജഗിഷ അറോറയാണ് കോടതിയെ സമീപിച്ചത്. ഹർജി നാളെ പരിഗണിക്കും. 

പ്രശാന്ത് കനോജിയയെക്കൂടാതെ പ്രാദേശിക ചാനലായ നേഷന്‍ ലൈവിന്‍റെ മേധാവിയായ ഇഷിത സിങ്, എഡിറ്റര്‍ അനുജ് ശുക്ല എന്നിവരെയും യോഗി ആദിത്യനാഥിനെ മോശമായി ചിത്രീകരിക്കുന്ന വീഡിയോ പ്രചരിപ്പിച്ചെന്നാരോപിച്ച് ഉത്തർപ്രദേശ് പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്ത സംഭവം അഭിപ്രായ സ്വാതന്ത്ര്യത്തിനും പത്രസ്വാതന്ത്ര്യത്തിനും നേർക്കുള്ള കടന്ന് കയറ്റമാണെന്ന് ആരോപിച്ച് മാധ്യമപ്രവർത്തകരുടെ സംഘടനകൾ ഇന്ന് ഉച്ചയ്ക്ക് ദില്ലി പ്രസ്സ് ക്ലബ്ബിന് മുന്നിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. അറസ്റ്റിനെതിരെ വൻപ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. 

Also Read: 'തനിക്കൊന്നും മനസിലാവുന്നുണ്ടായിരുന്നില്ല, എല്ലാം അഞ്ചുമിനിറ്റില്‍ സംഭവിച്ചു'; അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍റെ ഭാര്യ

യോഗി ആദിത്യനാഥിനെ വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്ന് യുവതി പറയുന്ന വീഡിയോ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചതിനാണ് മാധ്യമ പ്രവര്‍ത്തകനായ പ്രശാന്ത് കനോജിയയെ അറസ്റ്റ് ചെയ്തത്. ദില്ലിയിലെ വീട്ടില്‍ നിന്ന് ശനിയാഴ്ചയാണ് പൊലീസ് പ്രശാന്ത് കനോജിയയെ അറസ്റ്റ് ചെയ്തത്. പിന്നീട് ഇയാളെ ലഖ്നൗവിലേക്ക് കൊണ്ടുപോയി. ഐടി ആക്ടിലെ സെക്ഷന്‍ 500,സെക്ഷന്‍ 66 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് കൂടുതല്‍ വകുപ്പുകള്‍ ഇയാള്‍ക്ക് മേല്‍ ചുമത്തുകയായിരുന്നു. ഹസ്രത്ഗഞ്ച് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറുടെ പരാതിയെ തുടര്‍ന്നാണ് നടപടി.  

യോഗി ആദിത്യനാഥിനെ വിവാഹം കഴിക്കണമെന്ന് യുവതി പറയുന്ന ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്തതിനാണ് പ്രാദേശിക ചാനലായ നേഷന്‍ ലൈവിന്‍റെ മേധാവി ഇഷിത സിങിനെയും എഡിറ്റര്‍മാരില്‍ ഒരാളായ അനുജ് ശുക്ലയെയും ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. യോഗി ആദിത്യനാഥുമായി താന്‍ ദീര്‍ഘനേരം വീഡിയോ കാള്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹത്തിന് ഭാവിയില്‍ എന്‍റെ കൂടെ ജീവിക്കാനാഗ്രഹമുണ്ടോ എന്ന് അറിയണമെന്നുമാണ് യുവതി വീഡിയോയില്‍ ആവശ്യപ്പെട്ടുന്നത്. മാനഹാനി വരുത്തുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്നാരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതി അവധിയായിരുന്ന ദിവസം അറസ്റ്റ് നടന്നതിനാല്‍ ഇവര്‍ക്ക് ജാമ്യം ലഭിച്ചില്ല. 

Ishq chupta nahi chupaane se yogi ji pic.twitter.com/dPIexKheou

— Prashant Jagdish Kanojia (@PJkanojia)

അതേസമയം, അറസ്റ്റിലായ മാധ്യമ പ്രവര്‍ത്തകരെ എത്രയും വേഗം വിട്ടയയ്ക്കണമെന്നും ഇവര്‍ക്ക് മേല്‍ ചുമത്തിയ കേസ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് എന്‍ഡബ്ലൂഎംഐ രം​ഗത്തെത്തി. സംഭവം മാധ്യമ സ്വാതന്ത്രത്യത്തിന്‍റെ ലംഘനമാണെന്നും നിയമങ്ങള്‍ അട്ടിമറിക്കപ്പെടുകയാണെന്നും എന്‍ഡബ്ലൂഎംഐ ആരോപിച്ചു.

click me!